LiveTV

Live

Entertainment

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വഴിതെറ്റി കേരളത്തില്‍; ആമിര്‍ ഖാന്‍ ഗാനം വീട് കാണിക്കുമെന്ന പ്രതീക്ഷയില്‍ യുവതി

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വഴിതെറ്റി കേരളത്തില്‍; ആമിര്‍ ഖാന്‍ ഗാനം  വീട് കാണിക്കുമെന്ന പ്രതീക്ഷയില്‍ യുവതി

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വഴിതെറ്റി ഒരു എത്തും പിടിയും കിട്ടാതെ ആമിന എന്ന മരിയ ഇടുക്കിയിലെത്തുന്നത്. പേടിച്ചും വിറച്ചും അടുത്തുള്ള ബസ് സ്റ്റോപ്പില്‍ എങ്ങോട്ടെന്നില്ലാതെ കാത്തിരുന്ന ആ യുവതിയെ പിന്നീട് ഓട്ടോക്കാരായ സുഹൃത്തുക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ജന്മനാ ബധിരയും സംസാരശേഷിയുമില്ലാത്ത യുവതിയില്‍ നിന്നും ജന്മദേശം തപ്പിയെടുക്കാന്‍ അന്ന് ആ പ്രദേശത്തുള്ള ആര്‍ക്കും തന്നെ സാധിച്ചിരുന്നില്ല. മലയാളം അറിയാത്ത ആ യുവതി ഒടുവില്‍ കൈകൊണ്ട് എഴുതി തന്റെ പേര് ആമിനയാണെന്നും തനിക്ക് അഞ്ച് സഹോദരികളുണ്ടെന്നും പൊലീസിന് പറഞ്ഞുകൊടുത്തു. കൈകളില്‍ 786 എന്ന് ടാറ്റു ചെയ്തിരുന്നു. ശേഷം പൊലീസ് മുന്‍കൈയ്യില്‍ അവരെ തൊട്ടടുത്തുള്ള ആശ്രമത്തിലെത്തിച്ചു. അവരുടെ കുടുംബത്തെയും വേരുകളെയും തിരഞ്ഞുള്ള പ്രയത്നം പിന്നീട് എങ്ങുമെത്തിയില്ല. കേരളത്തില്‍ തുടര്‍ന്നുള്ള ജീവിതം നയിച്ച ആമിന വൈകാതെ തന്റെ ജീവിത പങ്കാളിയെ ഇടുക്കിയില്‍ നിന്നും കണ്ടുപിടിച്ചു. 2003ല്‍ ആശ്രമത്തില്‍ സാമൂഹിക സേവനത്തിന് പോയ റോഡിമോന്‍ ആമിനയെ കാണുകയും വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. അവര്‍ മരിയ എന്ന പേര് നല്‍കുകയും ശേഷം ആലപ്പുഴയിലേക്ക് താമസം മാറുകയും ചെയ്തു.

ഈയടുത്താണ് മരിയ അപ്രതീക്ഷിതമായി ആമിര്‍ ഖാന്‍ നായകനായ പഴയ ഹിന്ദിഗാനം ശ്രദ്ധിക്കുന്നത്. 1995 പുറത്തിറങ്ങിയ ഹിന്ദി ചിത്രം അക്കേല ഹം അക്കേല തും (Akele Hum Akele Tum ) എന്ന ചലച്ചിത്രത്തിലെ ഒരു ഗാനരംഗമായിരുന്നു അത്. ആമിര്‍ ഖാനും മകനും സൈക്കിളില്‍ ചുറ്റിയടിക്കുന്ന ദൃശ്യങ്ങള്‍ ടി.വിയില്‍ കണ്ട മരിയ ഒരു നിമിഷം ഞെട്ടിപോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കണ്ടു പരിചയിച്ച പാര്‍ക്കും പരിസരവും. മരിയ ആ പഴയ ഓര്‍മകള്‍ ഭര്‍ത്താവായ റോഡിമോനോട് ആംഗ്യ ഭാഷയില്‍ പറഞ്ഞു മനസ്സിലാക്കി. മുബൈയിലെവിടെയോ ആണ് ഈ പ്രദേശം എന്ന് ഭര്‍ത്താവ് റോഡിമോന് മനസ്സിലായി. ആ സിനിമയുടെ സംവിധായകന്‍ മന്‍സൂര്‍ ഖാനോട് ആ ചിത്രീകരണ സ്ഥലത്തെക്കുറിച്ച് അന്വേഷിച്ച ഭര്‍ത്താവിന് പക്ഷെ വലിയ പ്രതീക്ഷ നല്‍കുന്ന സൂചനയൊന്നും അവരില്‍ നിന്നും ലഭിച്ചില്ല. മുബൈക്കടുത്തുള്ള ഫാന്റസി ലാന്റ് അമ്യൂസ്മെന്റ് പാര്‍ക്കിന് സമീപത്ത് നിന്നാണ് ചിത്രീകരിച്ചതെന്നാണ് സംവിധായകന്‍ മന്‍സൂര്‍ ഖാന്‍ ഭര്‍ത്താവ് റോഡിമോനോട് പറഞ്ഞത്. മരിയയുടെ വീടിലേക്ക് ഇവിടെ നിന്നും അര മണിക്കൂര്‍ മാത്രമേ ദൂരമേയുള്ളുവെന്നും ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു പതാക തന്റെ കോളനിയിലുണ്ടെന്നും മരിയ ഓര്‍ത്തെടുത്തു. കല്ല് പാകിയ റോഡുകളും നിരനിരയായ വീടുകളും ഇതിനിടയിലുണ്ടായിരുന്നെന്നും അടുത്ത് തന്നെ റെയില്‍വേ ട്രാക്ക് ഉണ്ടായിരുന്നുവെന്നും മരിയ പറയുന്നു. ഇപ്പോള്‍ മനസ്സിലുള്ള അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥലം കണ്ടെത്താനുള്ള പ്രയത്നത്തിലാണ് മരിയയും കുടുംബവും. അതിനുളള സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. സാംസ്കാരിക മന്ത്രി എ.കെ ബാലനെ കണ്ട് സഹായം തേടാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

മരിയ വരച്ച വീട് നില്‍ക്കുന്ന കോളനിയുടെ രൂപരേഖ
മരിയ വരച്ച വീട് നില്‍ക്കുന്ന കോളനിയുടെ രൂപരേഖ

കടപ്പാട്- ദ ന്യൂസ് മിനുറ്റ്