LiveTV

Live

Entertainment

ഐ.എഫ്.എഫ്.കെ; ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും

ഡിസംബര്‍ 6ന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുന്നത്

ഐ.എഫ്.എഫ്.കെ; ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും. ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ പത്തിനാണ് തുടങ്ങുക. ഡിസംബര്‍ 6 മുതല്‍ 13 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്.

ഡിസംബര്‍ 6ന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. നടി ശാരദ ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥിയാകും. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്കെതിരെ സിനിമെടുത്ത അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സൊളാനസിന്‍റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ എന്നീ വിഭാഗങ്ങളിലായി 180ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 1000 രൂപയായിരിക്കും ഇത്തവണ പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ എട്ടിന് ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നീവിടങ്ങളിലെ മേഖലാകേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിലും ഓഫ് ലൈന്‍ രജിസ്ട്രേഷന് സൗകര്യമുണ്ടായിരിക്കും. ഓഫ് ലൈന്‍ രജിസ്ട്രേഷനില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കും. ആകെ 10,000 പാസുകളാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്. അതില്‍ നാല് മേഖലാകേന്ദ്രങ്ങള്‍ക്കും 250 വീതവും തിരുവനന്തപുരത്ത് 500ഉം ഉള്‍പ്പെടെ 1500 പേര്‍ക്ക് ഓഫ്ലൈനായി ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. ബാക്കിയുള്ള 8500 പ്രതിനിധികള്‍ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10നാണ് ആരംഭിക്കുന്നത്. ആദ്യത്തെ രണ്ടു ദിവസം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായിരിക്കും രജിസ്ട്രേഷന്‍. 12 മുതല്‍ പൊതുവിഭാഗത്തിനായുള്ള രജിസ്ട്രേഷന്‍ തുടങ്ങും. വിദ്യാര്‍ഥികള്‍ക്ക് 500 രൂപയായിരിക്കും രജിസ്ട്രേഷന്‍ ഫീസ്. ശാരദയുടെ റെട്രോസ്പെക്റ്റീവും, ലെനിന്‍ രാജേന്ദ്രന്‍, എം.ജെ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയിലുണ്ടാകും. മേളയുടെ സംഘാടകസമിതി രൂപീകരണവും തിരുവന്തപുരത്ത് നടന്നു.