LiveTV

Live

Entertainment

ജോസഫ് ഞെട്ടിച്ചുകളഞ്ഞു; ജോജു ജോര്‍ജ്ജിന് അഭിനന്ദനവുമായി ജാപ്പനീസ് ആരാധകന്‍

2018ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് എം. പത്മകുമാറായിരുന്നു

ജോസഫ് ഞെട്ടിച്ചുകളഞ്ഞു; ജോജു ജോര്‍ജ്ജിന് അഭിനന്ദനവുമായി ജാപ്പനീസ് ആരാധകന്‍

അതുവരെ വില്ലന്‍ വേഷങ്ങളിലും സഹറോളുകളിലും ഒതുങ്ങി നിന്ന ജോജു ജോര്‍ജ്ജിന് മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ നടനായിരുന്നു ജോസഫ്. പക്വതയാര്‍ന്ന അഭിനയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം മാത്രമല്ല ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു.

അവയവ മാഫിയെക്കുറിച്ചുള്ള ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണെങ്കിലും ജോസഫിലെ ജോജുവിന്റെ അഭിനയത്തിന് നൂറാണ് മാര്‍ക്ക്. ഈ ചിത്രത്തെ കുറിച്ച് ഒരു ജാപ്പനീസ്കാരൻ പങ്കുവച്ച പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റൽ സൊല്യൂഷൻസ് ആന്റ് സർവീസസ് ജനറൽ മാനേജർ മസയോഷി തമുറയാണ് ജോസഫ് എന്ന ചിത്രത്തെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലെ ഈ സിനിമ തന്നെ ഏറെ ഞെട്ടിച്ചെന്ന് അദ്ദേഹം പറയുന്നു.

തമുറയുടെ കുറിപ്പ്

ഇന്ത്യയെ പഠിക്കാൻ ശ്രമിക്കുന്ന ജപ്പാൻകാരനാണ് ഞാൻ. കേരളത്തിലെ ഈ സിനിമ ഞെട്ടിച്ചു. ഗുരുതരമായ ഒരു കുറ്റം കണ്ടെത്തുന്ന റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ. അസാമാന്യമായ ആത്മപരിത്യാഗത്തിലൂടെയാണ് ജോസഫ് അതു ചെയ്യുന്നത്. ബോളിവുഡ് മസാല ചിത്രത്തെക്കാൾ വ്യത്യസ്തം! പല ജപ്പാൻകാരും കരുതുന്നത് ഇന്ത്യൻ സിനിമ എന്നു പറഞ്ഞാൽ അതിൽ കുറെ നൃത്തം ഉണ്ടാകുമെന്നാണ്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്ന് അവർക്കറിയാം. പക്ഷെ, ആ വൈവിധ്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. കാരണം ഏകതാനമായ ഒരു സമൂഹത്തിലാണ് അവർ ജീവിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത ജപ്പാൻകാർ കൂടുതൽ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം. എങ്കിലെ, ഇന്ത്യയുമായി മികച്ച രീതിയിലുള്ള സഹകരണം സാധ്യമാകൂ.

2018ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് എം. പത്മകുമാറായിരുന്നു. ജോസഫ് എന്ന റിട്ടയേര്‍ഡ് പൊലീസുകാരനെയാണ് ജോജു ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ അവാര്‍ഡിലെ പ്രത്യേക പരാമര്‍ശവും ഈ കഥാപാത്രത്തിന് ലഭിച്ചു.

ഇപ്പോൾ ചിത്രം തമിഴിൽ റീമേക്ക് ചെയ്യുവാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. പത്മകുമാർ തന്നെയാണ് ചിത്രം തമിഴിൽ ഒരുക്കുന്നത്. നിർമാതാവും നടനുമായ ആർ കെ സുരേഷ് ആണ് ജോജുവിന്റെ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത്.