LiveTV

Live

Entertainment

ഭീതിയുടെ പുതുമഴയുമായി ‘ആകാശഗംഗ 2’; ട്രെയിലര്‍ കാണാം

‘’ജീവനോടെ ചിതയിൽ എരിച്ച ദാസിപ്പെണ്ണിന്‍റെ കഥ കേട്ടിട്ടില്ലേ..?’’ എന്ന ചോദ്യവുമായി തുടങ്ങുന്ന ട്രെയിലര്‍ ആകാശഗംഗയുടെ പഴയ ഭീതിയോര്‍മകളെ മലയാളികളുടെ മനസ്സിലേക്ക് കൊണ്ടു വരുന്നു.

ഭീതിയുടെ പുതുമഴയുമായി  ‘ആകാശഗംഗ 2’; ട്രെയിലര്‍ കാണാം

ആകാശഗംഗയെന്ന് കേള്‍ക്കുമ്പോള്‍ ഒരു നിമിഷത്തിലേക്കെങ്കിലും പേടി തോന്നാത്ത മലയാളികളുണ്ടാകില്ല. ഒരു കാലത്ത് മലയാളിയുടെ പ്രേത സങ്കല്‍പ്പത്തിന്‍റെ ഐക്കണ്‍ നാമവും രൂപവുമൊക്കെയായിരുന്നു ആകാശഗംഗ, മയൂരിയും, ദിവ്യ ഉണ്ണിയും മുകേഷും റിയാസുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രം ഒരു കാലത്ത് മലയാളിയെ പേടിപ്പിച്ചതിനോളം മറ്റൊരു ചിത്രവും പേടിപ്പിച്ചിട്ടുണ്ടാകില്ല. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് ബെന്നി നായരമ്പലമായിരുന്നു.

അതേ ആകാശഗംഗയുടെ രണ്ടാം ഭാഗവുമായാണ് വിനയന്‍റെ ഇത്തവണത്തെ വരവ്. ''ജീവനോടെ ചിതയിൽ എരിച്ച ദാസിപ്പെണ്ണിന്‍റെ കഥ കേട്ടിട്ടില്ലേ..?'' എന്ന ചോദ്യവുമായി തുടങ്ങുന്ന ട്രെയിലര്‍ ആകാശഗംഗയുടെ പഴയ ഭീതിയോര്‍മകളെ മലയാളികളുടെ മനസ്സിലേക്ക് കൊണ്ടു വരുന്നു. മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കിയത്

ആദ്യ സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച റിയാസും ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുതുമുഖം ആരതിയാണ് നായിക. രമ്യാ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയൻ, നസീർ സംക്രാന്തി, രമ്യ കൃഷ്ണൻ, പ്രവീണ, തെസ്നി ഖാൻ, വത്സലാ മേനോൻ, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ.

ആകാശ് ഫിലിംസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിർവ്വഹിക്കുന്നു. ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. നവംബർ ഒന്നിന് തിയറ്ററിലേക്കെത്തുന്ന ചിത്രം ആദ്യഭാഗത്തെ പോലെ തന്നെ രസകരവും ഉദ്വേഗജനകവും ആയിരിക്കുമെന്നും സംവിധായകൻ വിനയൻ പറയുന്നു.