LiveTV

Live

Entertainment

രാജ്യാന്തര ചലച്ചിത്ര മേള; മാറ്റുരക്കാന്‍ മലയാളത്തില്‍ നിന്ന് 14 സിനിമകള്‍

ആറു സിനിമകള്‍ നവാഗതരുടേത്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് മത്സര വിഭാഗത്തില്‍.

രാജ്യാന്തര ചലച്ചിത്ര മേള; മാറ്റുരക്കാന്‍ മലയാളത്തില്‍ നിന്ന് 14 സിനിമകള്‍

ഇരുപത്തിനാലാമത് ഐ.എഫ്.എഫ്.കെയുടെ പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്തു വിട്ടു. ഡിസംബറില്‍ ആരംഭിക്കുന്ന ചലച്ചിത്ര മേളയില്‍ മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കുക 14 സിനിമകള്‍. മത്സര വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ‘ജല്ലിക്കെട്ടും’ ‘വൃത്താകൃതിയിലുള്ള ചതുരവും’ ഇടം പിടിച്ചു. ലിജോ ജോസിന്‍റെ ജല്ലിക്കട്ട് മല്‍സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കൃഷന്ത് ആര്‍.കെയാണ് വൃത്താകൃതിയിലുള്ള ചതുരത്തിന്‍റെ സംവിധായകന്‍.

ഡിസംബര്‍ ആറു മുതല്‍ പന്ത്രണ്ട് വരെ നീളുന്ന മേളയില്‍ ഇന്ത്യന്‍ സിനിമ ഇപ്പോള്‍', 'മലയാളം സിനിമ ഇപ്പോള്‍' എന്നീ വിഭാഗങ്ങളും ഉണ്ട്. ഹിന്ദിയില്‍ നിന്നും ഫഹിം ഇര്‍ഷാദിന്‍റെ 'ആനി മാണി', റാഹത്ത് കസാമിയുടെ 'ലിഹാഫി ദി ക്വില്‍റ്റ്' എന്നിവയും മത്സരവിഭാഗത്തില്‍ ഇടംപിടിച്ചു. മലയാളത്തില്‍ നിന്നും പ്രദര്‍ശനത്തിനെത്തുന്ന 14 ചിത്രങ്ങളില്‍ ആറെണ്ണവും നവാഗത സംവിധായകന്മാരുടേതാണ്.

'ഇന്ത്യന്‍ സിനിമ ഇന്ന്' വിഭാഗത്തില്‍ ഇടംപിടിച്ച സിനിമകള്‍

ആനന്ദി ഗോപാല്‍, അക്‌സണ്‍ നിക്കോളാസ്, മയി ഖട്ട്, ഹെല്ലാറോ, മാര്‍ക്കറ്റ്, ദി ഫ്യുണെറല്‍, വിത്തൗട്ട് സ്ട്രിംഗ്‌സ്

'മലയാളസിനിമ ഇന്ന്' വിഭാഗത്തില്‍ ഇടം പിടിച്ച സിനിമകള്‍

പനി, ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്‌സ്, സൈലന്‍സര്‍, വെയില്‍മരങ്ങള്‍, വൈറസ്, രൗദ്രം, ഒരു ഞായറാഴ്ച, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഉയരെ, കെഞ്ചിര, ഉണ്ട .