ലിജോ ജോസ് പെല്ലിശേരിയുടെ ‘ഒരു പോത്തും കുറേ മനുഷ്യരും’; ജല്ലിക്കട്ട് റിവ്യു
ഒരു ചെറിയ സന്ദര്‍ഭത്തില്‍ നിന്നും വലിയ കഥാപശ്ചാത്തലത്തിലേക്ക് വിഹരിക്കുന്ന കഥ അതിമനോഹരമായി പറയാന്‍ ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന് കാണിക്കുന്ന മികവ് മലയാളിക്ക് സുപരിചിതമാണ്

കട്ടപ്പനക്കാര്‍ക്ക് പോത്തിറച്ചി ജീവനാണ്. അതുകൊണ്ടുതന്നെ കാലന് വര്‍ക്കിയുടെ അറവുശാലയില്‍ എന്നും തിരക്കാണ്. അന്ന് എന്നത്തേയും പോലെ അതിരാവിലെ, വര്‍ക്കി വെട്ടാനുള്ള പോത്തിനെ പെട്ടിയോട്ടോയില്‍ കയറ്റിക്കൊണ്ടു വന്നു. റബര്ക്കാടിനടുത്തുള്ള സ്ഥിരം സ്ഥത്ത് കുറ്റിയടിച്ച് അയാള്‍ പോത്തിനെ വെട്ടാനൊരുങ്ങി. കൂടെ സഹായികളുമുണ്ട്. പക്ഷെ, കെട്ടുപൊട്ടിച്ച് ആ പോത്ത് ഓടി. അപ്പോള്‍ മുതല്‍ കാര്യങ്ങളെല്ലാം തലകീഴ് മറിഞ്ഞു. പോത്ത് കയറുപൊട്ടിച്ച് ഓടിയത് കട്ടപ്പനക്കാരുടെ സമാധാനവും കൊണ്ടായിരുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ 'ജല്ലിക്കട്ട്'.

ഒരു ചെറിയ സന്ദര്‍ഭത്തില്‍ നിന്നും വലിയ കഥാപശ്ചാത്തലത്തിലേക്ക് വിഹരിക്കുന്ന കഥ അതിമനോഹരമായി പറയാന്‍ ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന് കാണിക്കുന്ന മികവ് മലയാളിക്ക് സുപരിചിതമാണ്. ആമേനിലും, അങ്കമാലി ഡയറീസിലും, ഈ.മ.യൌവിലുമെല്ലാം നാം അത് കണ്ടതുമാണ്. അതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല, ജല്ലിക്കട്ട് എന്ന ഒന്നര മണിക്കൂര്‍ ദൃശ്യവിസ്മയം. പുതിയ തലമുറയിലെ സിനിമകളില്‍ ഇന്നത്തെ കാലത്തെ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ വലിയ തലത്തില്‍ ചര്‍ച്ചയാവാറുണ്ട്. എന്നാല്‍, അതിലുമപ്പുറം, അതിജീവനത്തിന്റെയും പിടിച്ചടക്കലിന്റെയും മറ്റൊരു സാര്‍വ ലൌകിക രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ജല്ലിക്കട്ട് അക്ഷരാര്‍ഥത്തില്‍ വേറിട്ടു നില്ക്കുന്നു. അത് മൃഗവും മനുഷ്യനും തമ്മിലെ യുദ്ധത്തിലൂടെ ചിത്രം പറയുന്നു. പോത്ത് മനുഷ്യനില്‍ നിന്നും രക്ഷപ്പെടാന്‍ പല വഴികള്‍ നോക്കുന്നു. എന്നിരുന്നാലും, അതിനു മുന്നില്‍ അതിന്റെ ജീവന് മാത്രമാണ് ലക്ഷ്യം. പക്ഷെ, വേട്ടയാടുന്ന മനുഷ്യന് അങ്ങനെയല്ല. അവന് പോത്തിനെ പിടികൂടാന്‍ നോക്കുന്നത് ജീവിക്കാന്‍ മാത്രമല്ല, പകയും പ്രതികാരവും അധികാരവും പ്രണയവും അങ്ങനെ പല സങ്കീര്‍ണതകള്‍ക്കും വേണ്ടിയാണ്.

എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഹരീഷും ആര്. ജയകുമാറും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം മനുഷ്യനും മൃഗവും തമ്മിലുള്ള പോരാണെന്ന് സംവിധായകന് ലിജോ പറഞ്ഞിരുന്നു. എന്നാല്‍, റിയലിസത്തില്‍ നിന്നും മാജിക്കല്‍ റിയലിസത്തിലേക്ക് യാത്ര ചെയ്യുന്ന ജല്ലിക്കട്ട് കാലഘട്ടങ്ങളായി തുടര്‍ന്നുവരുന്ന മറ്റൊരു പോരിലേക്കും കടന്നുചെല്ലുന്നു. ആധിപത്യത്തിനായി മനുഷ്യന് നടത്തുന്ന യുദ്ധം. കഥ നേരത്തെ വായിച്ചവരുമായി സിനിമയിലെ പല രംഗങ്ങളും എളുപ്പത്തില്‍ സംവദിക്കും. ചെറുകഥയിലെ പല സന്ദര്‍ഭങ്ങളും എടുത്ത് വച്ച് സിനിമാറ്റിക്കായ പല ചേരുവകകളും കലര്‍ത്തി പുതിയ വഴികള്‍ കണ്ടെത്താന്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും ശ്രദ്ധിച്ചിട്ടുണ്ട്. സംഭാഷണങ്ങളില്‍ നിന്ന് അത് വ്യക്തവുമാണ്. എന്നിരുന്നാലും ആര്‍ട്ടിസ്റ്റിക് മൂല്യങ്ങള്‍ സിനിമാറ്റിക് ചേരുവകകള്‍ക്ക് മുകളില്‍ നില്ക്കുന്നു.

തീര്‍ത്തും ഒരു സംവിധായകന്റെ സിനിമയാണ് ജല്ലിക്കട്ട്. ലിജോ ജോസ് പെല്ലിശേരിക്ക് മാത്രം സാധിക്കുന്ന, അല്ലെങ്കില്‍ സാധിച്ച കഥ പറച്ചില് രീതി. അദ്ദേഹത്തന്റെ മുന്‍കാല ചിത്രങ്ങള്‍ പോലെ സ്റ്റില്‍ ഫ്രെയിമുകള്‍ ജല്ലിക്കട്ടിലും കുറവാണ്. നീണ്ട ഷോട്ടുകളാണ് ഭൂരിഭാഗവും. ടൈറ്റില്‍ കാര്‍ഡ് കാണിക്കുന്നതില്‍ തന്നെ കഥ നടക്കുന്ന കട്ടപ്പന നഗരം മുഴുവന്‍ ഒരു ഷോട്ടില്‍ കാണിച്ച് പ്രേക്ഷകരില്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയില്‍ തന്നെ സംവിധായകന്റെ ബ്രില്യന്‍സ് കാണിച്ചു തരുന്നു. പിന്നീട് വരുന്ന ക്ലോസ് അപ് ഫാസ്റ്റ് കട്ടുകള്‍ ലിജോ എന്ന സംവിധായകനെ ചിത്രത്തിലെ പോത്തിനെ പോലെ ഒരു പിടികിട്ടാപുള്ളിയാക്കുന്നു. പോത്താണ് പ്രധാന കഥാപാത്രമെന്നും മറ്റുള്ളവര്‍ സഹ നടന്മാരാണെന്നും സംവിധായകന് നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട്തന്നെ അവരെ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താതെ നേരിട്ട് കഥയെ പ്രേക്ഷകനിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ സംവിധായകന് ശ്രമിക്കുന്നു, വിജയിക്കുന്നു. ദൈര്‍ഘ്യം കൂടുതലുള്ള ഷോട്ടുകളില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി മായാജാലം സൃഷ്ടിക്കുന്ന പെല്ലിശേരി സ്റ്റൈല്‍ സിനിമ കാണുന്നവരില്‍ അത്ഭുതവും ആകാംക്ഷയും ഉളവാക്കുന്നവയാണ്. ചിത്രത്തിലെ പല ദൃശ്യങ്ങളും മായാതെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിക്കുന്നവയാണ്. ക്ലൈമാക്സില്‍ ആന്റണി ആളുകള്‍ക്കുള്ളില്‍ നിന്ന് ചോരയില്‍ കുളിച്ച് പുറത്ത് വരാന്‍ ശ്രമിക്കുന്നത് ഒരു ഉദാഹരണം മാത്രം.

ഗിരീഷ് ഗംഗാധരന് എന്ന ഛായാഗ്രാഹകന്റെ അതിഗംഭീരമായ ക്യാമറയാണ് ജല്ലിക്കട്ടിന്റെ മറ്റൊരു ജീവാത്മാവ്. പ്രത്യക്ഷമായും പരോക്ഷമായും സംവിധായകന് പറയാനുദ്ദേശിച്ച കലാപങ്ങള്‍ ദൃശ്യവത്കരിക്കുന്നതില്‍ ഗിരീഷ് ഗംഗാദരനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അതിനോട് ചേര്‍ന്ന് നില്ക്കുന്ന പശ്ചാത്തല സംഗീതം ഓരോ സീനുകളിലൂടെയും പ്രേക്ഷകരെ വേട്ടയാടുന്നു. പ്രശാന്ത് പിള്ളയുടെ ഈണങ്ങള്‍ മനസിനെ അസ്വസ്ഥമാക്കുന്നതാണ്. ടൈറ്റില്‍ സ്ക്രീനില്‍ എഴുതി കാണിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ജീ... ജീ... ജീ... ജീ.... ജീ.... എന്ന ഈണം ഉള്ളില്‍ നിന്നും വിട്ടുപോകുന്നില്ല. ശബ്ദമിശ്രണം നടത്തിയ രംഗനാഥ് രവി കട്ടപ്പനയുടെ ഓരോ ചലനങ്ങളും ശബ്ദത്തിലൂടെ ഒപ്പിയെടുത്തു. ആന്റണിയായി ആന്റണി വര്‍ഗീസിനെയും കാലന് വര്‍ക്കിയായി ചെമ്പന്‍ വിനോദിനെയും കുട്ടിച്ചനായി സാബുമോനെയും അല്ലാതെ മറ്റാരെയും മനസില്‍ കാണാന്‍ സാധിക്കുന്നില്ല. ജൂനിയര്‍ ആര്ടിസ്റ്റുകള് പോലും അത്ര മനോഹരമായി അഭിനയിച്ച ചിത്രം.

എല്ലാ കാര്യത്തിലും അവകാശം സ്ഥാപിക്കാനും ഏവര്‍ക്കു മേലെയും ആധിപത്യം സൃഷ്ടിക്കാനും പെടാപ്പാട് പെടുന്നവരാണ് മനുഷ്യര്‍. പക്ഷെ, ഇതെല്ലാം ആരുടേതുമല്ലെന്നും, ആരും ആരെക്കാളും മുകളിലോ താഴെയോ അല്ലെന്നുമുള്ള തിരിച്ചറിവ് ഓരോരുത്തര്‍ക്കുമുള്ളത് നല്ലതാണ്. പക്ഷെ, മനുഷ്യനുണ്ടായ കാലം മുതല്‍ ഇതിനെല്ലാം വേണ്ടിയുള്ള പെടാപാടില്‍ തന്നെയാണ് മനുഷ്യന്. ജീവിതം എന്ന റിയാലിറ്റിക്കും മരണം എന്ന ഫാന്റസിക്കുമിടയിലെ കൌതുകത്തില്‍ അവസാനിക്കുന്ന ജല്ലിക്കെട്ട് ഒരുപാട് ചോദ്യ ചിഹ്നങ്ങള്‍ ബാക്കി വെക്കുന്നു.
Adjust Story Font
16