LiveTV

Live

Entertainment

ട്രാന്‍സിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്ററെത്തി; കണ്‍ഫ്യൂഷനിലായി പ്രേക്ഷകര്‍

പാസ്റ്ററുടെ വേഷത്തിലാണ് ഫഹദിന്‍റെ രംഗപ്രവേശമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു

ട്രാന്‍സിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്ററെത്തി; കണ്‍ഫ്യൂഷനിലായി പ്രേക്ഷകര്‍

ഫഹദ് ഫാസില്‍ നായകനാകുന്ന ട്രാന്‍സിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തീര്‍ത്തും വ്യത്യസ്തമായൊരു ലുക്കിലാണ് ഫഹദ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പാസ്റ്ററുടെ വേഷത്തിലാണ് ഫഹദിന്‍റെ രംഗപ്രവേശമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കഥാപാത്രത്തെ കുറിച്ച് പ്രക്ഷകര്‍ക്ക് യാതൊരു ധാരണയും കിട്ടാത്ത തരത്തിലാണ് സെക്കന്‍റ് ലുക്ക് പോസറ്ററിലെ ഫഹദിന്‍റെ ഗെറ്റ്അപ്പ്. ഫഹദ് തന്നെയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റര്‍ പങ്കുവെച്ചത്. ആദ്യ പോസ്റ്ററില്‍ ഫഹദിനൊപ്പം സ്തുതിപ്പ് നടത്തുന്ന വിശ്വാസികളെയും കാണാമായിരുന്നു. എന്നാല്‍ പുതിയ പോസ്റ്റര്‍ തികച്ചും നിഗൂഢമാണ്.

രണ്ട് വര്‍ഷത്തിലേറെ നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്. 2017 ജൂലൈയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം നാല് ഷെഡ്യൂളുകളായാണ് പൂര്‍ത്തിയാക്കിയത്. ഏഴ് വര്‍ഷത്തിനിപ്പുറം അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2012- ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഉസ്താദ് ഹോട്ടലാണ് അന്‍വര്‍ റഷീദ് അവസാനം സംവിധാനം ചെയ്ത ചിത്രം.

‘അഞ്ചു സുന്ദരികള്‍’ എന്ന ആന്തോളജി ചിത്രത്തില്‍ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ തുടങ്ങി വന്‍താര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അന്‍വര്‍ റഷീദ് എന്‍റര്‍ടെയിന്‍മെന്‍റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമല്‍ നീരദാണ് ഛായാഗ്രഹണം. 20 കോടി മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തും.