LiveTV

Live

Entertainment

വ്യാജമരണ വാര്‍ത്ത; പൊട്ടിത്തെറിച്ച് നടി രേഖ

‘നടി രേഖയുടെ മൃതദേഹമാണോ ഇത്?’ എന്നൊരു തലക്കെട്ട് നൽകി വെള്ളത്തുണിയിൽ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രേഖയുടെ ചിത്രവും ചേര്‍ത്ത് വ്യാജ വാർത്ത ഒരു യുട്യൂബ് ചാനൽ നൽകിയിരുന്നു.

വ്യാജമരണ വാര്‍ത്ത; പൊട്ടിത്തെറിച്ച് നടി രേഖ

തെന്നിന്ത്യന്‍ സിനിമ നടി രേഖ മരിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ തുറന്നടിച്ച് താരം. ജീവിച്ചിരിക്കുന്ന ഒരാളെ കൊന്നിട്ടു വേണോ നിങ്ങള്‍ക്ക് കാശ് ഉണ്ടാക്കാന്‍..?

“എത്രയോ കലാകാരന്മാരെ വളർത്തി വലുതിയാക്കിയവരാണ് തമിഴകത്തെ മാധ്യമപ്രവർത്തകർ. ഉത്തരേന്ത്യയിൽ നിന്നോ തെലുങ്കിൽ നിന്നോ വന്നവരാണെങ്കിലും അവരെയെല്ലാം നിങ്ങൾ പിന്തുണച്ചിട്ടുണ്ട്. മലയാളത്തിൽ നിന്നു വന്ന നയൻതാരയെപ്പോലും വാഴ്ത്തി എഴുതിയവരാണ് നിങ്ങൾ! എന്നിട്ട് ഇതുപോലെ വ്യാജവാർത്തകൾ നൽകുന്നത് ശരിയാണോ?” രേഖ ചോദിച്ചു.

ജി.വി. പ്രകാശ് നായകനായെത്തുന്ന 100% കാതൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു നടി രേഖയുടെ പ്രതികരണം.

'നടി രേഖയുടെ മൃതദേഹമാണോ ഇത്?' എന്നൊരു തലക്കെട്ട് നൽകി വെള്ളത്തുണിയിൽ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമൽഹാസന്റെയും ചിത്രങ്ങൾ നൽകി ഒരു വ്യാജ വാർത്ത ഒരു യുട്യൂബ് ചാനൽ നൽകിയിരുന്നു. ഓഗസ്റ്റ് 17നാണ് വിഡിയോ അപ്‌ലോഡ് ചെയ്തത്. ആ വ്യാജവാർത്ത 10 ലക്ഷം പേരാണ് യുട്യൂബിൽ കണ്ടത്.

“എവിടെയോ ഇരുന്ന് ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിൽ അനാവശ്യ വിഷയങ്ങൾ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുകുറച്ചു പേരുണ്ട്. ഇതു നിയന്ത്രിക്കാൻ എന്തെങ്കിലും സംവിധാനം സർക്കാർ കൊണ്ടുവരണം. കലൈഞ്ജർ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം മരിച്ചുപോയെന്ന് എഴുതിപ്പിടിപ്പിച്ചു. നടി കെ.ആർ. വിജയ മരിച്ചെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്.ഇവരൊന്നും തിരിച്ച് ചോദിക്കാൻ വരാത്തതുകൊണ്ടാണ് ഇതെല്ലാം ആവർത്തിക്കപ്പെടുന്നത്.” വാർത്ത നൽകിയ യുട്യൂബ് ചാനലിനെതിരെയായിരുന്നു താരത്തിന്റെ പ്രതികരണം.

“നൂറു പടങ്ങളിൽ അഭിനയിച്ചു. എന്നാലും ഇനിയും നിരവധി ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ വാങ്ങണമെന്നാണ് ആഗ്രഹം. അങ്ങനെയിരിക്കുന്ന എന്നെ പിടിച്ച് ഇങ്ങനെ കൊന്ന് കർപ്പൂരം കത്തിച്ചു വയ്ക്കണോ? അതു നല്ലതാണോ?," രേഖ ചോദിച്ചു. ചന്ദ്രമൗലി സംവിധാനം ചെയ്യുന്ന 100% കാതൽ എന്ന ചിത്രമാണ് രേഖയുടെതായി ഈയടുത്ത് റിലീസ് ചെയ്യുന്ന ചിത്രം. ഒക്ടോബർ 4ന് ചിത്രം പ്രദർശനത്തിനെത്തും.