LiveTV

Live

Entertainment

ആ നടനെക്കുറിച്ച് തിലകന്‍ പറഞ്ഞത് ‘വിഷം’ എന്നാണ്; താരകേന്ദ്രീകൃതമായ മലയാള സിനിമ തിലകനെ ഒറ്റപ്പെടുത്തി 

താരാധിപത്യ വ്യവസ്ഥ ഒരു മഹാനായ കലാകാരനെ വേട്ടയാടുമ്പോൾ കേരളം അതു നിസ്സഹായതയോടെ കണ്ടു നിൽക്കയായിരുന്നു

 ആ നടനെക്കുറിച്ച് തിലകന്‍ പറഞ്ഞത് ‘വിഷം’ എന്നാണ്; താരകേന്ദ്രീകൃതമായ മലയാള സിനിമ തിലകനെ ഒറ്റപ്പെടുത്തി 

മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത നടനായിരുന്നു തിലകന്‍. ഇമേജ് നോക്കാതെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ അദ്ദേഹം സിനിമയില്‍ നിറഞ്ഞാടി. നായകനായും വില്ലനായും സഹനടനായുമെല്ലാം തിലകന്‍ അഭിനയിച്ച റോളുകളെല്ലാം മനോഹരമാക്കി. സെപ്തംബര്‍ 24ന് തിലകന്‍ ഈ ലോകത്ത് നിന്നും വിട പറഞ്ഞിട്ട് 7 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. അഭിനയ കുലപതിയായ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് കവിയും പ്രഭാഷകനുമായ കരിവെള്ളൂര്‍ മുരളി. ജീവിതത്തിന്റെ അവസാന നാളുകളില്‍ തിലകന്‍ അനുഭവിച്ച അവഗണനയെക്കുറിച്ചും മനോവിഷമത്തെക്കുറിച്ചും മുരളിയുടെ കുറിപ്പില്‍ പറയുന്നുണ്ട്.

 ആ നടനെക്കുറിച്ച് തിലകന്‍ പറഞ്ഞത് ‘വിഷം’ എന്നാണ്; താരകേന്ദ്രീകൃതമായ മലയാള സിനിമ തിലകനെ ഒറ്റപ്പെടുത്തി 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

2012 സെപ്തംബർ 24 നാണ് അതുല്യ നടനായ തിലകൻ ചേട്ടൻ നമ്മെ വിട്ടു പിരിഞ്ഞത്.അയത്നലളിതമായ അഭിനയശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ശരീരത്തിലെ എല്ലാ രോമകൂപങ്ങളിലേക്കും വരെ വ്യാപിക്കുന്ന സൂക്ഷ്മാംശങ്ങൾ നിറഞ്ഞ അഭിനയ കല. ഒരു മൂളലിൽ, ഒരു നോട്ടത്തിൽ, പിന്തിരിഞ്ഞുള്ള ഒരു നടത്തത്തിൽ ,ചുണ്ടുകളുടെ ഒരു കോട്ടലിൽ സവിശേഷ ഭാവങ്ങളെയും സങ്കീർണ്ണമായ മനോനിലകളെയും വരെ വെളിപ്പെടുത്താൻ കഴിവുള്ള നടൻ. മരണത്തിന് ഏതാനും നാളുകൾക്കു മുമ്പ് അദ്ദേഹം പങ്കെടുത്ത അവസാന പൊതുപരിപാടികളിലൊന്ന് കണ്ണൂർ ജില്ലയുടെ തെക്കേ അറ്റത്തെ ചൊക്ലിയിൽ നടന്ന അശോകൻ കതിരൂർ സ്മാരക നാടകോത്സവമാണ്.ഒരു മണിക്കൂർ ദൈർഘ്യമുള്ള എന്റെ മുഖ്യ പ്രഭാഷണത്തിനു ശേഷമേ അദ്ദേഹം ഉൽഘാടന പ്രസംഗം നടത്തിയുള്ളൂ. അതിനു ശേഷം ആവേശഭരിതമായ പ്രസംഗം നടത്തി അദ്ദേഹം. ജീവിതത്തിന്റെ അവസാന നാളുകളിലൊന്നിൽ ദീർഘനേരം അദ്ദേഹവുമായി സംസാരിച്ചിരിക്കാൻ കഴിഞ്ഞു.

അവഗണനയുടെയും തിരസ്ക്കാരങ്ങളുടെയും മുറിവുകളേറ്റ് നീറുകയായിരുന്നു ആ മനസ്സ്.അതുകൊണ്ട് വാക്കുകൾ തീപ്പൊരികൾ പോലെ ചിതറിക്കൊണ്ടിരുന്നു.ഇത്രയും ആശയ ധീരതയുള്ള ഒരു കലാകാരൻ നമ്മുടെ ചലച്ചിത്ര മേഖലയിൽ വേറെയുണ്ടായിരുന്നില്ല. യുക്തിചിന്തയുടെയും വിട്ടുവീഴ്ചയില്ലാത്ത രാഷ്ടീയ നിലപാടുകളുടെയും ഉദ്ധതമായ ഹിമവൽ ശൃംഗം പോലെയായിരുന്നു ആ ശിരസ്സ്.അദ്ദേഹത്തിന്റെ പല നിരീക്ഷണങ്ങളും പിന്നീട് നി:ശ്ശബ്ദമായി കേരളം അംഗീകരിച്ചു. യുവനടിയെ റേപ്പ് ചെയ്യാൻ കൊട്ടേഷൻ നൽകിയ കേസിലെ പ്രതിയായ നടനെക്കുറിച്ച് അക്കാലത്ത് അദ്ദേഹം നൽകിയ ഇൻറർവ്യൂവിൽ പറഞ്ഞത് 'വിഷം' എന്നാണ്. താരാധിപത്യ വ്യവസ്ഥ ഒരു മഹാനായ കലാകാരനെ വേട്ടയാടുമ്പോൾ കേരളം അതു നിസ്സഹായതയോടെ കണ്ടു നിൽക്കയായിരുന്നു.ഇന്നിപ്പോൾ കാര്യങ്ങൾക്കു കുറേക്കൂടി തെളിച്ചം വന്നിരിക്കുന്നു. ഒരു നീതിയുമില്ലാതെ ഏതെങ്കിലുമൊരു കലാകാരനെ വേട്ടയാടുവാൻ മൂലധന - അധികാരശക്തികളെ അനുവദിക്കാത്ത ഒരു ശക്തമായ പ്രതിരോധ നിര ചലച്ചിത്ര ലോകത്തു തന്നെ ഉയർന്നു വന്നിരിക്കുന്നു. തിലകൻ ചേട്ടന് നിഷേധിക്കപ്പെട്ട നീതി അദ്ദേഹത്തിന്റെ ഓർമ്മകൾക്കുള്ള ആദരമായി കേരളം ഇപ്പോൾ തിരിച്ചു നൽകുന്നു.

1935 ജൂലൈ 15ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിലാണ് സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ ജനിച്ചത്. പക്ഷേ അദ്ദേഹം പഠിച്ചതും വളർന്നതുമെല്ലാം എസ്റ്റേറ്റ് സൂപ്പർവൈസറായ അച്ഛൻ ജോലി ചെയ്തിരുന്ന മുണ്ടക്കയത്താണ്. കൊല്ലം എസ്.എൻ. കോളേജിലെ പഠനം ഉപേക്ഷിച്ച് നാടകത്തിനായി സ്വയം സമർപ്പിച്ച മുണ്ടക്കയം തിലകനെ പ്രസിദ്ധനായ നടനാക്കി വാർത്തെടുത്തത് ഗുരു പി.ജെ.ആന്റണിയാണ്. ഒപ്പം ധീരമായ യുക്തിചിന്തയും സഹജമായ ധിക്കാരവും തന്റേടവുമെല്ലാം പകർന്നു കിട്ടി. കെ.പി.എ.സി, കൊല്ലം കാളിദാസ കലാകേന്ദ്രം, പി.ജെ. തീയറ്റേഴ്സ്, കോട്ടയം പീപ്പിൾസ് തീയറ്റേഴ്സ്, ചങ്ങനാശ്ശേരി ഗീഥാ എന്നീ കേരളത്തിലെ ഒന്നാംനിര നാടക സംഘങ്ങളിലെ അഭിനയ ജീവിതം.പി.ജെ ആന്റണിയുടെ 'പെരിയാർ.' എന്ന ചിത്രത്തിലെ തോണിക്കാരന്റെ വേഷത്തിൽ ആദ്യ ചലച്ചിത്ര പ്രവേശം.കെ.ജി.ജോർജ്ജിന്റെ ഉൾക്കടൽ, ഇരകൾ, കോലങ്ങൾ എന്നീ സിനിമകളിലെ ചെറിയ വേഷങ്ങൾ.'യവനിക' എന്ന മികച്ച സിനിമയിലെ നാടക മുതലാളിയുടെ ഉജ്ജ്വല ആവിഷ്ക്കാരം. പിന്നെ ചരിത്രമാണ്.

മുണ്ടക്കയത്ത് തിലകൻ അനുസ്മരണ സമിതി കേരള സംഗീത നാടക അക്കാദമിയുടെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ ചരമദിനമായ സെപ്തംബർ 24 മുതൽ 28 വരെ തിലകൻ അനുസ്മരണ നാടകോത്സവം സംഘടിപ്പിച്ചിരിക്കുന്നു. 24 ന് പി.കെ.മേദിനിച്ചേച്ചി ഉദ്ഘാടനം ചെയ്തു. 25 ന് എന്റെ പ്രഭാഷണമായിരുന്നു. ഇന്ന് ആലങ്കോട് ലീലാകൃഷ്ണൻ.മികച്ച നാടകങ്ങളുടെ അവതരണങ്ങളും.ആരൊക്കെ വേട്ടയാടിയാലും ഒറ്റപ്പെടുത്തിയാലും തിലകൻ എന്ന തികഞ്ഞ രാഷ്ടീയ ബോധവും ആശയ ധീരതയുമുള്ള കലാകാരനെ കേരളം മറക്കില്ല. ഓർമ്മകളെ അനാഥത്വത്തിനും അവഗണനയ്ക്കും എറിഞ്ഞു കൊടുക്കുകയില്ല. മുണ്ടക്കയം എന്ന തിലകൻ ചേട്ടന്റെ കർമ്മഭൂമി അക്കാര്യം ഒരിക്കൽ കൂടി വിളംബരം ചെയ്യുകയാണ് ഈ നാളുകളിൽ.