LiveTV

Live

Entertainment

മലയാള സിനിമക്ക് ഇത് അഭിമാന നേട്ടം; ഡോ. ബിജുവിന്റെ സിനിമകള്‍ ആര്‍ക്കൈവ് ചെയ്ത് സൂക്ഷിച്ച് ഏഷ്യൻ ഫിലിം ആർകേവ്

മലയാള സിനിമക്ക് ഇത് അഭിമാന നേട്ടം; ഡോ. ബിജുവിന്റെ സിനിമകള്‍ ആര്‍ക്കൈവ് ചെയ്ത് സൂക്ഷിച്ച് ഏഷ്യൻ ഫിലിം ആർകേവ്

മലയാള സിനിമക്ക് അഭിമാനമായി സംവിധായകന്‍ ഡോ. ബിജു. സിംഗപ്പൂരിലെ പ്രശസ്തമായ ഏഷ്യൻ ഫിലിം ആർകേവ് ഡോ. ബിജുവിന്റെ എല്ലാ സിനിമകളും ആര്‍കേവ് ചെയ്ത് സൂക്ഷിച്ച് വെക്കുന്നതിലൂടെയാണ് മലയാള സിനിമക്ക് അതിരുകള്‍ കടന്ന് ആദരവ് ലഭിക്കുന്നത്. ഒരു ദക്ഷിണേന്ത്യന്‍ സംവിധായകന്റെ സിനിമകൾ സിംഗപ്പൂർ ഏഷ്യൻ ഫിലിം ആർകേവ് ആദ്യമായാണ് സംരക്ഷിക്കുന്നത് എന്നതും നേട്ടത്തെ കൂടുതല്‍ തിളക്കമുറ്റതാക്കുന്നു.

ചരിത്രപരമായും സാംസ്കാരികപരമായും കലാപരമായും അന്തർദേശീയ ശ്രദ്ധ നേടിയ സൗത്ത് ഏഷ്യയിലെ ശ്രദ്ധേയരായ ഏഷ്യൻ ചലച്ചിത്രകാരന്മാരുടെ സിനിമകൾ ആണ് ഏഷ്യൻ ഫിലിം ആർകേവ് സംരക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള യൂണിവേഴ്‌സിറ്റികൾ, ലൈബ്രറികൾ എന്നിവിടങ്ങളിലായി അക്കാദമിക് ആവശ്യങ്ങൾക്കും റെഫറൻസിനും നിരൂപണങ്ങൾക്കും പഠനങ്ങൾക്കുമായാണ് സിനിമകൾ ആർകേവ് ചെയ്തു സൂക്ഷിക്കുന്നത്. ഇത് വരെ പത്ത് സിനിമകളാണ് ഡോ.ബിജുവിന്റെതായി പുറത്തു വന്നിട്ടുള്ളത്. ഇതില്‍ നാലെണ്ണം 35 എം.എമ്മിലും ആറെണ്ണം ഡിജിറ്റല്‍ ഫോര്‍മാറ്റിലുമാണ് ചിത്രീകരിച്ചിട്ടുള്ളത്.

ഡോ. ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിനായിരുന്നു 2010-ലെ മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്കാരം. 2014-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരം സുരാജ് വെഞ്ഞാറമൂടിന് ലഭിച്ചത് ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. ഏറ്റവും അവസാനമായി ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം ലഭിച്ചിരുന്നു. നടന്‍ ഇന്ദ്രന്‍സിന് സിംഗപ്പൂരില്‍ നടന്ന സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌ക്കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചു.

അഭിമാനനേട്ടത്തെ കുറിച്ച് ഡോ.ബിജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

സിംഗപ്പൂരിലെ പ്രശസ്തമായ ഏഷ്യൻ ഫിലിം ആർകേവ് ഞാൻ സംവിധാനം ചെയ്ത എല്ലാ സിനിമകളും ഡിജിറ്റൽ ആർകേവ് ചെയ്ത സംരക്ഷിക്കുന്നു . ഒരു ഫിലിം മേക്കറെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരം ആയ ഒന്ന് . സിംഗപ്പൂർ ഏഷ്യൻ ഫിലിം ആർകേവ് ആദ്യമായാണ് ഒരു സൗത്ത് ഇന്ത്യൻ സംവിധായകന്റെ സിനിമകൾ പ്രിസർവ് ചെയ്യുന്നത് . ചരിത്രപരമായും സാംസ്കാരികപരമായും കലാപരമായും അന്തർദേശീയ ശ്രദ്ധ നേടിയ സൗത്ത് ഏഷ്യയിലെ ശ്രദ്ധേയരായ ഏഷ്യൻ ചലച്ചിത്രകാരന്മാരുടെ സിനിമകൾ ആണ് ഏഷ്യൻ ഫിലിം ആർകേവ് സംരക്ഷിക്കുന്നത് . ലോകമെമ്പാടുമുള്ള യൂണിവേഴ്‌സിറ്റികൾ , ലൈബ്രറികൾ എന്നിവിടങ്ങളിലായി അക്കാദമിക് ആവശ്യങ്ങൾക്കും റെഫറൻസിനും നിരൂപണങ്ങൾക്കും പഠനങ്ങൾക്കുമായാണ് സിനിമകൾ ആർക്കീവ് ചെയ്തു സൂക്ഷിക്കുന്നത് .