LiveTV

Live

Entertainment

മാപ്പിളപ്പാട്ട് ഗായകൻ എം. കുഞ്ഞിമൂസ അന്തരിച്ചു  

 മാപ്പിളപ്പാട്ട് ഗായകൻ എം. കുഞ്ഞിമൂസ അന്തരിച്ചു  

പ്രശസ്ത മാപ്പിളപാട്ട് ഗായകനും സംഗീത സംവിധായകനുമായ എം കുഞ്ഞിമൂസ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് വടകരയിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര മകനാണ്.

ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് ചുമട്ടുജോലിയില്‍ പ്രവേശിച്ച എം കുഞ്ഞിമൂസയെ ഗായകനായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെ രാഘവന്‍ മാസ്റ്ററാണ്. ചുമട്ടുജോലി ചെയ്തിരുന്ന കുഞ്ഞിമൂസയെ രാഘവന്‍ മാസ്റ്റര്‍ ഇടപെട്ടാണ് കോഴിക്കോട് ആകാശവാണിയിലെ ഓഡിഷന്‍ ടെസ്റ്റിന് അയച്ചത്. 1967 മുതല്‍ കോഴിക്കോട് ആകാശവാണിയിലെ സ്ഥിരം സാന്നിധ്യമായി കുഞ്ഞിമൂസ പിന്നീട് മാറി. അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് മൂസ നല്‍കിയ സംഗീതം ശ്രദ്ധിക്കപ്പെട്ടു. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പാട്ട്, ബദറുല്‍ മുനീര്‍, ഹുസ്നുല്‍ ജമാല്‍ എന്നീ പാട്ടുകൾ പുതിയ ശൈലിയില്‍ ചിട്ടപ്പെടുത്തി ജനകീയമാക്കി മാറ്റിയത് കുഞ്ഞിമൂസയായിരുന്നു. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകൾ നോവൽ നാടകമാക്കിയപ്പോൾ പി.ടി അബ്ദുറഹിമാന്റെ വരികൾ ചിട്ടപ്പെടുത്തിയത് മൂസയായിരുന്നു.

യേശുദാസ്, മാർക്കോസ്, കണ്ണൂർ ശരീഫ്, രഹ്ന, അഫ്സൽ, അജയൻ, മൂസ എരഞ്ഞോളി, പീർ മുഹമ്മദ്, ലിയാഖത്ത്, എം എ ഗഫൂർ, താജുദ്ദീൻ വടകര, കണ്ണൂർ രാജൻ, എസ് എം കോയ, സിബില, ശ്രീലത രജീഷ്, സിന്ധു പ്രേംകുമാർ, മച്ചാട്ട് വാസന്തി തുടങ്ങി നിരവധി പേർ മൂസയുടെ സംഗീത സംവിധാനത്തിൽ പാടിയിട്ടുണ്ട്. കുഞ്ഞിമൂസയുടെ തന്നെ പാട്ടായ “നെഞ്ചിനുള്ളില്‍ നീയാണ്…”എന്ന പാട്ട് പാടിയാണ് മകന്‍ താജൂദീന്‍ വടകര 2000-ത്തിന്‍റെ ആരംഭത്തില്‍ മലയാളത്തിലെ മാപ്പിളപ്പാട്ട് രംഗത്തെ ഇളക്കിമറിച്ചത്. ബഷീര്‍ തിക്കോടി ‘പാട്ടും ചുമന്നൊരാള്‍’ എന്ന പേരില്‍ എം.കുഞ്ഞിമൂസയുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. 2000-ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിമൂസയെ ആദരിച്ചിരുന്നു.