LiveTV

Live

Entertainment

‘മരട് മുത്തങ്ങയിൽ ആയിരുന്നുവെങ്കിൽ കണ്ണീർവാതകവും വെടിവെപ്പും കൊണ്ട് പൊറുതി മുട്ടിയേനെ’; വിമര്‍ശനവുമായി സംവിധായിക ലീല സന്തോഷ് 

‘മരട് മുത്തങ്ങയിൽ  ആയിരുന്നുവെങ്കിൽ കണ്ണീർവാതകവും വെടിവെപ്പും കൊണ്ട് പൊറുതി മുട്ടിയേനെ’; വിമര്‍ശനവുമായി സംവിധായിക ലീല സന്തോഷ് 

മരടിലെ ഫ്ലാറ്റ് പൊളിക്കണമെന്ന സൂപ്രീം കോടതി വിധി വന്നതിന് ശേഷം ലഭിച്ച രാഷ്ട്രീയ പിന്തുണയില്‍ വിമര്‍ശനവുമായി സംവിധായിക ലീല സന്തോഷ്. ‘മരട് മുത്തങ്ങയിൽ എങ്ങാനും ആയിരുന്നുവെങ്കിൽ , കണ്ണീർവാതകവും വെടിവെപ്പും കൊണ്ട് പൊറുതി മുട്ടിയേനെ’ എന്നാണ് സംവിധായിക ലീല സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ആദിവാസി വിഭാഗത്തിൽ നിന്നും ചലച്ചിത്ര സംവിധാന രംഗത്ത് ചുവടുറപ്പിച്ച ആദ്യ മലയാളി വനിതാ സംവിധായികയാണ് ലീല സന്തോഷ്.

മരടിലെ ഫ്ലാറ്റ് നിവാസികള്‍ക്ക് ലഭിക്കുന്ന അഭൂതപൂര്‍വ്വമായ പിന്തുണ മറ്റ് സമരങ്ങള്‍ക്ക് ലഭിക്കാത്തതിനെതിരെ നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുണ്ടായിരുന്നു. മുത്തങ്ങയിലും മൂലമ്പള്ളിയിലും നടന്ന സമരങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കിയപ്പോള്‍ മരടില്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സര്‍വ്വവിധ പിന്തുണയുമായി രംഗത്തുവന്നതിനെ നേരത്തെ ചലച്ചിത്ര നടന്‍ ഷമ്മി തിലകനും വിമര്‍ശിച്ചിരുന്നു.

വിനായകനെ നായകനാക്കി താമരശ്ശേരി ചുരത്തിനു കാരണക്കാരനായ, ഇംഗ്ലീഷുകാരുടെ വെടിയേറ്റ് മരിച്ച ആദിവാസി ഗോത്രത്തിലെ പണിയ സമുദായക്കാരനായ കരിന്തണ്ടന്റെ ചരിത്രം പറയുന്ന ‘കരിന്തണ്ടന്‍’ എന്ന സിനിമ പുറത്തിറക്കാനിരിക്കുകയാണ് സംവിധായികയായ ലീല സന്തോഷ്. വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ ദുരിതജീവിതവും പൈതൃക നഷ്ടവും പ്രമേയമാക്കി നിഴലുകൾ നഷ്‌ടപ്പെട്ട ഗോത്രഭൂമി എന്ന ഡോക്യൂമെന്ററിയും ലീല സന്തോഷ് സംവിധാനം ചെയ്തിട്ടുണ്ട്. പയ്ക്കിഞ്ചന ചിരി എന്ന പേരില്‍ ഒരു ഷോര്‍ട്ട് സിനിമയും ലീല ഒരുക്കിയിട്ടുണ്ട്.