LiveTV

Live

Entertainment

‘കാണാതെ പോയത് എന്റെ മകനല്ലേ, കോലോത്തെ പശുവല്ലല്ലോ...’; ശ്രദ്ധേയമായി ‘രാവണ്‍’ സംഗീത ആല്‍ബം

‘കാണാതെ പോയത് എന്റെ മകനല്ലേ, കോലോത്തെ പശുവല്ലല്ലോ...’; ശ്രദ്ധേയമായി ‘രാവണ്‍’ സംഗീത ആല്‍ബം

രാജ്യത്തെ ഇപ്പോഴത്തെ ദലിത് സാമൂഹിക സാഹചര്യങ്ങളെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന രാവണ്‍ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. ദലിതനായതിന്റെ, കറുത്തതിന്റെ, മുടി നീട്ടി വളര്‍ത്തിയതിന്റെ പേരില്‍ കാണാതാക്കപ്പെടുന്ന, കൊല്ലപ്പെടുന്ന, മര്‍ദ്ദനമേല്‍ക്കേണ്ടിവരുന്ന ജനങ്ങളുടെ വിഷയം ചര്‍ച്ച ചെയ്യുന്ന സംഗീത ആല്‍ബം അവതരണം കൊണ്ട് ചര്‍ച്ചാവിഷയമാണ്. നേരത്തെ സംവിധായകനായ മുഹ്സിന്‍ പരാരി ആദ്യമായി പുറത്തിറക്കിയ നേറ്റീവ് ബാപ്പ എന്ന ആല്‍ബത്തിന്റെ അവതരണ ശൈലിയാണ് രാവണ്‍ ഉടനീളം പിന്തുടരുന്നത്.

ആദര്‍ശ് കുമാര്‍ അണിയല്‍ സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നത് നാടോടി കലാകാരനായ അംബുജാക്ഷനാണ്. നാലു മിനിറ്റ് പതിനേഴ് സെക്കന്റ് ദൈര്‍ഘ്യമുള്ള സംഗീത വീഡിയോ നിറത്തിന്റെയും ജാതിവെറിയുടെയും പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ ശബ്ദവും ആകുലതകളും ശക്തമായി തന്നെ പങ്കുവെക്കുന്നു. ‘കാണാതെ പോയത് എന്റെ മകനല്ലേ, കോലോത്തെ പശുവല്ലല്ലോ….?’ എന്ന രൂക്ഷമായ ചോദ്യത്തോടെയാണ് സംഗീത ആല്‍ബം അവസാനിക്കുന്നത്. ബോധി സൈലന്റ് സ്കേപ്പ് പുറത്തിറക്കിയ ആല്‍ബത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് നിധീഷ് വേഗയാണ്. ബിബിന്‍ അശോകിന്റെതാണ് സംഗീതം. നിര്‍മ്മാണം - സലീഷ് പദ്മിനി സുബ്രമഹ്മണ്യന്‍, പ്രമോദ് വാഴൂര്‍, രാജേഷ് നേതാജി.