LiveTV

Live

Entertainment

‘കുടുക്കുപൊട്ടിയ’ ഗാനം മോഷണമാണെന്ന ആരോപണം തള്ളി ഷാന്‍ റഹ്‍മാന്‍; ആദ്യ തീരുമാനം ചുക്കാനിലെ സുരേഷ് ഗോപിയുടെ ഡാന്‍സടങ്ങിയ ഗാനമെടുക്കാന്‍ പക്ഷേ...!

‘കുടുക്കുപൊട്ടിയ’ ഗാനം മോഷണമാണെന്ന ആരോപണം തള്ളി ഷാന്‍ റഹ്‍മാന്‍; ആദ്യ തീരുമാനം ചുക്കാനിലെ സുരേഷ് ഗോപിയുടെ ഡാന്‍സടങ്ങിയ ഗാനമെടുക്കാന്‍ പക്ഷേ...!

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച് ഈ ഓണക്കാലത്ത് പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലെ ഗാനം മോഷണമാണെന്ന ആരോപണം തള്ളി സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാന്‍. സിനിമയിലെ ഏറ്റവും ഹിറ്റ് ഗാനവും വലിയ പ്രചാരം ലഭിച്ചതുമായ ഗാനമായ കുടുക്കുപൊട്ടിയ എന്ന് തുടങ്ങുന്ന ഗാനമാണ് മോഷണമാണെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തുവന്നത്.

1964ല്‍ പുറത്തിറങ്ങിയ ‘ആദ്യകിരണങ്ങള്‍’ എന്ന ചിത്രത്തിലെ, കെ രാഘവന്‍മാഷ് സംഗീത സംവിധാനം ചെയ്ത് എ.പി കോമള ആലപിച്ച ‘കിഴക്കുദിക്കിലെ’ എന്ന ഗാനത്തോട് പുറത്തിറങ്ങിയ ഗാനത്തിന് സാമ്യമുണ്ടെന്നായിരുന്നു പ്രധാന ആരോപണം. ഇതിലെ വരികളാണ് സാമ്യതയായി പലരും സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയത്. ഈ ഗാനത്തിന്റെ റിമിക്സ് അനുവാദം ചോദിക്കാതെ സംഗീത സംവിധായകനടക്കുമുള്ള സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ഉപയോഗിച്ചു എന്നായിരുന്നു പ്രധാന പരാതി. എന്നാല്‍ ഇത്തരത്തില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ വ്യക്തതവരുത്തി പ്രതികരിച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാന്‍. ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാന്‍ വിവാദങ്ങളോട് പ്രതികരിച്ചത്.

‘ഇത്തരം ആരോപണങ്ങള്‍ ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാണ്. എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങള്‍ക്കില്ല. അല്ലെങ്കില്‍ ആര്‍ക്കും അറിയാത്ത പാട്ട് ആയിരിക്കും എടുക്കുക’; ഷാന് റഹ്‍മാന്‍ പറഞ്ഞു.

ലവ് ആക്ഷന്‍ ഡ്രാമയിലൂടെ വലിയ ഹിറ്റ് ആയ കുടുക്ക് പൊട്ടിയ കുപ്പായം ഗാനമല്ല ശരിക്കും ചിത്രത്തില്‍ ഉപയോഗിക്കാന്‍ ഇരുന്നതെന്നും സുരേഷ് ഗോപി ചിത്രമായ ചുക്കാനിലെ ഹിറ്റ് ഗാനം ‘മലരമ്പന്‍ തഴുകുന്ന’ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ആദ്യം തീരുമാനിച്ച് ചിത്രീകരണം നടത്തിയതെന്നും ഷാന്‍ റഹ്‍മാന്‍ പറഞ്ഞു. പക്ഷെ സിനിമ റിലീസിന് അടുക്കുന്ന സമയത്താണ് ഉപയോഗിച്ച ഗാനത്തിന്റെ കോപ്പി റൈറ്റ് സ്വന്തമാക്കിയില്ലായെന്ന് മനസ്സിലാക്കുന്നതും അവസാന നിമിഷം ഗാനം മാറ്റുന്നതും. നേരത്തെ ചിത്രീകരിച്ച രംഗങ്ങളില്‍ സുരേഷ് ഗോപിയുടെ പ്രസിദ്ധമായ ചുവട് കാണാനാവുന്നതും പെട്ടെന്നുള്ള ആ മാറ്റം കാരണമാണെന്നും ഷാന്‍ റഹ്‍മാന്‍ പറഞ്ഞു. മനു മഞ്ജിത് എഴുതിയ കുടുക്കു പൊട്ടിയ കുപ്പായം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രം പുറത്തിറങ്ങും മുമ്പേ ഹിറ്റായ ഗാനം ടിക്ടോക്കിലും വൈറലാണ്.