LiveTV

Live

Entertainment

‘നമ്മുടേത് മാവേലി നാടാകുന്നത് നൗഷാദിനെ പോലുള്ളവരിലൂടെയാണ്’; നൗഷാദിന്റെ കടയില്‍ നിന്നുള്ള ഓണക്കോടി ധരിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

‘നമ്മുടേത് മാവേലി നാടാകുന്നത് നൗഷാദിനെ പോലുള്ളവരിലൂടെയാണ്’; നൗഷാദിന്റെ കടയില്‍ നിന്നുള്ള ഓണക്കോടി ധരിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

വലിയ പ്രളയ ദുരന്തമാണ് നമ്മൾ വീണ്ടും മറികടന്നതെന്നും നമ്മുടേത് മാവേലി നാടാകുന്നത് നൗഷാദിനെ പോലുള്ളവരിലൂടെയാണെന്നും സംവിധായകന്‍ ശ്രീകുമാര്‍ മോനോന്‍. നൗഷാദിന്റെ കടയില്‍ നിന്നുള്ള ഓണക്കോടി ധരിച്ച് കൊണ്ടാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ സന്തോഷം പങ്കിട്ടത്. ഓണക്കോടി വാങ്ങാൻ നൗഷാദിന്റെ കടയിൽ പോയപ്പോൾ അദ്ദേഹം അവിടെ ഇല്ലായിരുന്നുവെന്നും പക്ഷെ നിറയെ തിരക്കുണ്ടായിരുന്നുവെന്നും നമ്മള്‍ നന്മ തിരിച്ചറിയുന്ന ജനങ്ങളാണ് എന്നും ശ്രീകുമാര്‍ മോനോന്‍ ഓര്‍ത്തെടുത്തു.

ഇക്കഴിഞ്ഞ പ്രളയസമയത്ത് ദുരിതാശ്വാസ സഹായം ചോദിച്ചു വന്നവര്‍ക്ക് സ്വന്തം കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കിയ നൗഷാദ് ലോകത്തിന് മുഴുവന്‍ മാത്യകയായിരുന്നു. എറണാകുളം ബ്രോഡ് വേയിലെ റോഡരികില്‍ കച്ചവടം ചെയ്യുന്ന നൗഷാദ് ഈയടുത്താണ് സ്വന്തമായ കടമുറിയിലേക്ക് കച്ചവടം മാറ്റിയത്. വലിയ ജനക്കൂട്ടമാണ് ദിവസവും നൗഷാദിന്റെ എറണാകുളത്തെ പുതിയ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനായെത്തുന്നത്.

ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

നൗഷാദ് ബ്രാൻഡ് ഇത്തവണ ഓണക്കോടിയാക്കണമെന്ന് പ്രളയ ദിനങ്ങളിലാണ് നിങ്ങളെ ഓരോരുത്തരേയും പോലെ ഞാനും തീരുമാനിച്ചത്. ഇതാ ആ ഓണക്കോടി. പ്രളയത്തിലും മലയിടിച്ചിലിലും ജീവനും ജീവിതവും ഒലിച്ചു പോയ കേരളം രക്ഷാകരങ്ങൾക്കായി കൈയ്യുയർത്തിയപ്പോൾ സ്വന്തം കടയപ്പാടെ തുറന്നു കൊടുത്ത എറണാകുളത്തെ നൗഷാദ് ഒരു വലിയ മാതൃകയാണ്. നമ്മുടേത് മാവേലി നാടാകുന്നത് നൗഷാദിനെ പോലുള്ളവരിലൂടെയാണ്.
വലിയ പ്രളയ ദുരന്തമാണ് നമ്മൾ വീണ്ടും മറികടന്നത്. ഒന്നായിരിക്കാൻ നമ്മെ പഠിപ്പിക്കുന്നതാണ് ഈ ഓർമ്മപ്പെടുത്തൽ.

ഓണക്കോടി വാങ്ങാൻ നൗഷാദിന്റെ കടയിൽ പോയപ്പോൾ അദ്ദേഹം അവിടെ ഇല്ലായിരുന്നു. പക്ഷെ നിറയെ തിരക്കുണ്ടായിരുന്നു. നൗഷാദിന്റ കട തിരക്കി വന്നവരായിരുന്നു ഏറെയും. നന്മ തിരിച്ചറിയുന്ന ജനതയാണ് നമ്മൾ. എല്ലാവർക്കും നന്മകൾ വരട്ടെ; ഓണാശംസകൾ.