LiveTV

Live

Entertainment

ടൊറന്റോയില്‍ തിളങ്ങി മലയാളം; ലിജോയുടെ ജല്ലിക്കെട്ടിന് അതിശയിപ്പിക്കുന്ന പ്രതികരണം

ടൊറന്റോയില്‍ തിളങ്ങി മലയാളം; ലിജോയുടെ ജല്ലിക്കെട്ടിന് അതിശയിപ്പിക്കുന്ന പ്രതികരണം

ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി മലയാള സിനിമ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടിനാണ് ടൊറന്റോയില്‍ മികച്ച പ്രേക്ഷക നിരൂപക പ്രതികരണം ലഭിച്ചിരിക്കുന്നത്. വിദേശി സിനിമാ പ്രേമികള്‍ വരെ വലിയ രീതിയിലാണ് സിനിമയെ പ്രശംസിച്ച് ട്വിറ്ററില്‍ രംഗത്തുവന്നിട്ടുള്ളത്. ‘സൗത്ത് ഇന്ത്യൻ ജോസ്’ “Jaws in South India,” എന്ന് വരെയാണ് ചിത്രത്തെ നിരൂപകര്‍ വിലയിരുത്തുന്നത്. ചിത്രത്തിന്റെ ശബ്ദ മിശ്രണത്തിനും ഛായാഗ്രഹണത്തിനും മികച്ച അഭിപ്രായമാണ് ടിഫില്‍ ലഭിച്ചത്.

333 ഫീച്ചർ സിനിമകൾ പ്രദർശിപ്പിക്കുന്ന ടൊറന്റോ ഫെസ്റ്റിവലിൽ പ്രശസ്ത നിരൂപകർ തെരഞ്ഞെടുത്ത നാൽപത് സിനിമകളിലെ ആദ്യ രണ്ടിലും ജല്ലിക്കട്ട് ഇടം പിടിച്ചിട്ടുണ്ട്. ലോക പ്രശസ്തരായ 27 നിരൂപകർ ചിത്രത്തിന് മൂന്ന് വോട്ട് ആണ് നൽകിയത്. ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഗ്ലോബല്‍ പ്രിമിയറിലെ സമകാലീന ലോക സിനിമാ വിഭാഗത്തിലാണ് ജല്ലിക്കെട്ട് മത്സരിക്കുന്നത്. ജല്ലിക്കെട്ടിന്റെ ആദ്യ പ്രദര്‍ശനം ഇന്നലെ രാത്രി 9 15നാണ് നടന്നത്. ഈയാഴ്ച്ച മുഴുവനും സിനിമയുടെ പ്രദര്‍ശനം ടൊറന്റോയിലെ അന്താരാഷ്ട്ര വേദിയിലുണ്ടാകും.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, കഥയും സഹഎഴുത്തുക്കാരനു‍മായ എസ് ഹരീഷ്, നായകവേഷത്തിലെത്തിയ ചെമ്പന്‍ വിനോദ് ജോസ്, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ എന്നിവര്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.

സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന കേരളത്തിലെ സിനിമയുടെ റിലീസ് ഒക്ടോബറിലുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഒരു ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ഗ്രാമവാസികളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ജല്ലിക്കെട്ട് ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഒ. തോമസ് പണിക്കരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആന്‍റണിക്കൊപ്പം ചെമ്പന്‍ വിനോദും സാബുമോനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തരംഗം ഫെയിം ശാന്തിയാണ് നായിക.