LiveTV

Live

Entertainment

ട്രാന്‍സിന്റെ ചിത്രീകരണം പൂര്‍ത്തിയായി; ഡിസംബറില്‍ തിയേറ്ററുകളിലേക്ക് 

ട്രാന്‍സിന്റെ ചിത്രീകരണം പൂര്‍ത്തിയായി; ഡിസംബറില്‍ തിയേറ്ററുകളിലേക്ക് 

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാവുന്ന ട്രാന്‍സ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നേരത്തെ ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയായി കേരളത്തില്‍ നിന്നുള്ള അവസാന ഷെഡ്യൂളിലായിരുന്നു ചിത്രം. എറണാകുളം ജില്ലയിലായിരുന്നു അവസാന ഷെഡ്യൂള്‍. കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ഇതുവരെയുള്ള ചിത്രീകരണം. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ട്രാന്‍സ് പ്രേക്ഷകരിലേക്ക് വരുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത അവസാന മുഴുനീള ചിത്രം. ഇതിനിടെ ‘അഞ്ചു സുന്ദരികള്‍’ എന്ന ആന്തോളജി ചിത്രത്തില്‍ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ട്രാന്‍സില്‍ ഫഹദ് ഫാസിലിന് പുറമെ നസ്രീയ നസീം, ശ്രീനാഥ് ഭാസി, അല്‍ഫോണ്‍സ് പുത്രന്‍, ഗൗതം വാസുദേവ് മേനോന്‍, ഷെയിന്‍ നിഗം, വിനായകന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തും. ചിത്രത്തില്‍ നിരവധി ഗെറ്റ്അപ്പുകളിലാകും ഫഹദ് പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി ഉപയോഗിക്കുന്ന റോബോട്ടിക് കാമറയിലാണ് ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് കാമറ ഉപയോഗിക്കുന്നത്. നവാഗതനായ വിന്‍സന്റ് വടക്കൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സൺ വിജയൻ ആണ് സംഗീതം നൽകുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ഈ വരുന്ന ക്രിസ്മസിന് തിയേറ്ററുകളിലെത്തും.