പി.വി സിന്ധുവിന്റെ ജീവചരിത്ര സിനിമയില്‍ കോച്ചായി അക്ഷയ് കുമാര്‍?

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം കരസ്ഥമാക്കി രാജ്യത്തിന് അഭിമാനമായി മാറിയ താരം പി.വി സിന്ധുവിന്റെ ജീവിതം സിനിമയാകുന്നതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം അക്ഷയ് കുമാറാകും ചിത്രത്തില്‍ സിന്ധുവിന്റെ കോച്ചായ പുല്ലേല ഗോപിചന്ദിന്റെ വേഷത്തിലെത്തുക എന്നാണ് സൂചന.
അതെ സമയം അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കോച്ച് പുല്ലേല ഗോപിചന്ദ് സ്വാഗതം ചെയ്തു. ‘ഞാന്‍ അക്ഷയ് കുമാറിനെ ഇഷ്ടപ്പെടുന്നു, അദ്ദേഹമാണ് തന്റെ വേഷം ചെയ്യുന്നതെങ്കില്‍ അത് ഗംഭീരമാകും. ഒരുപാട് ആദരിക്കുന്ന വ്യക്തിയാണ് അക്ഷയ് കുമാര്‍ പക്ഷെ ഈ വാര്‍ത്തയെ ക്കുറിച്ച് തനിക്കറിയില്ല’; പുല്ലേല ഗോപിചന്ദ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. അക്ഷയ് കുമാര്‍ നിരവധി തവണ സിന്ധുവിനെ കണ്ടിട്ടുണ്ടെന്നും പ്രോല്സാഹിപ്പിച്ചിട്ടുണ്ടെന്നും ഗോപിചന്ദ് കൂട്ടിചേര്‍ത്തു.
സിന്ധുവിന്റെ ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ചരിത്ര വിജയത്തില്‍ അഭിനന്ദിച്ച് താരം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു.
അതെ സമയം സിന്ധുവിന്റെ ജീവിതം പ്രമേയമായി മറ്റൊരു സിനിമ രണ്ട് വര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സോനു സൂഡ് ആകും ചിത്രത്തില്‍ പുല്ലേല ഗോപിചന്ദിന്റെ വേഷം അഭിനയിക്കുക. ചിത്രം നിര്‍മ്മിക്കുന്നതും സോനു സൂഡ് തന്നെയാണ്.