LiveTV

Live

Entertainment

മുഹബ്ബത്തുമായി കുഞ്ഞബദുള്ള എത്തി

ബാലു വര്‍ഗീസിനെ നായകനാക്കി ഷാനു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മുഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള തിയേറ്ററുകളിലെത്തി

മുഹബ്ബത്തുമായി കുഞ്ഞബദുള്ള എത്തി

വ്യത്യസ്തമായൊരു പ്രണയ കഥയുമായി പ്രേക്ഷകര്‍‌ക്ക് മുന്നിലേക്കെത്തുകയാണ് ഷാനു സമദ്. ബാലു വര്‍ഗീസിനെ നായകനാക്കി ഷാനു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മുഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള തിയേറ്ററുകളിലെത്തി. ഇന്ദ്രന്‍സ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. കുട്ടിക്കാലത്ത് തന്റെ കൂടെ പഠിച്ചിരുന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ഈ ചിത്രം പറയുന്നത്.

ആ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍ ,സംഭവങ്ങള്‍ എന്നിവയിലൂടെ ചിത്രം പുരോഗമിക്കുന്നു. സംവിധായകന്‍ ലാല്‍ജോസ് അബ്ദുള്ളയായി ചിത്രത്തില്‍ എത്തുന്നുണ്ട്. സംസ്ഥാന അവാര്‍ഡ് നേടിയ സാവിത്രി ശ്രീധരനും ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മുംബൈയിലെ തൊഴിലാളികളുടെ മലയാളികളുടെ ഹോട്ടല്‍ ജീവിതം ആദ്യമായി ചിത്രീകരിക്കുന്ന ഒരു സിനിമ കൂടിയാണിത്. രണ്‍ജി പണിക്കര്‍, നോബി, ശ്രീജിത്ത് രവി, പ്രേംകുമാര്‍, ഇടവേള ബാബു, ജെന്‍സണ്‍ ജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമല്‍ദേവ്, സുബൈര്‍ വയനാട്, സി പി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സ്‌നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു തുടങ്ങ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.