LiveTV

Live

Entertainment

പാകിസ്താന് തിരിച്ചടി; പ്രിയങ്ക ചോപ്രക്ക് ഇഷ്ടമുള്ള അഭിപ്രായം പറയാമെന്ന് യു.എൻ 

‘അവരുടെ വ്യക്തിപരമായ നിരീക്ഷണമോ പ്രവൃത്തികളോ യുനിസെഫിന്റേത് ആകണമം എന്നില്ല. യുനിസെഫിന്റെ ഭാഗമായി സംസാരിക്കുമ്പോൾ അവർ പക്ഷപാതമില്ലാതെ പെരുമാറണമെന്നു മാത്രമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.’

പാകിസ്താന് തിരിച്ചടി; പ്രിയങ്ക ചോപ്രക്ക് ഇഷ്ടമുള്ള അഭിപ്രായം പറയാമെന്ന് യു.എൻ 

ഇന്ത്യൻ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് അഭിപ്രായപ്രകടനം നടത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്രക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസഭ. യുനിസെഫിന്റെ അംബാസഡറായ പ്രിയങ്ക ചോപ്ര ഇന്ത്യൻ സൈന്യത്തിന് പിന്തുണ പ്രഖ്യാപിക്കുകവഴി യുദ്ധത്തിന് ആഹ്വാനം ചെയ്യുകയും പക്ഷപാതം കാണിക്കുകയും ചെയ്തുവെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. പ്രിയങ്കയെ യുനിസെഫ് അംബാസഡർ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പാകിസ്താൻ മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിറീൻ മസാരി യു.എന്നിന് കത്തയക്കുകയും ചെയ്തു.

യുനിസെഫിന്റെ ഗുഡ്‌വിൽ അംബാസഡർമാർ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ തെറ്റില്ലെന്നും, താൽപര്യമോ വേവലാതിയോ ഉള്ള കാര്യങ്ങളിൽ അഭിപ്രായം പറയാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്‌റ്റെഫാനി ദുജാരിക് പറഞ്ഞു. 'അവരുടെ വ്യക്തിപരമായ നിരീക്ഷണമോ പ്രവൃത്തികളോ യുനിസെഫിന്റേത് ആകണമം എന്നില്ല. യുനിസെഫിന്റെ ഭാഗമായി സംസാരിക്കുമ്പോൾ അവർ പക്ഷപാതമില്ലാതെ പെരുമാറണമെന്നു മാത്രമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.' സ്റ്റെഫാനി പറഞ്ഞു.

ഫെബ്രുവരിയിൽ ഇന്ത്യൻ സൈന്യം അതിർത്തി ഭേദിച്ച് പാകിസ്താനിലെ ബാലാകോട്ടിൽ തീവ്രവാദി ക്യാമ്പുകൾ ആക്രമിച്ചതിനു പിന്നാലെയാണ് പ്രിയങ്ക ചോപ്ര ട്വിറ്ററിൽ പോസ്റ്റിട്ടത്.

ഈയിടെ അമേരിക്കയിൽ നടന്ന ഒരു ചടങ്ങിനിടെയുള്ള ചോദ്യോത്തരവേളയിൽ പാക് വംശജയായ ഒരു യുവതി, പ്രിയങ്ക ഇരട്ടത്താപ്പുകാരിയാണെന്നും പാകിസ്താനെതിരെ ആണവ യുദ്ധത്തിന് പ്രേരിപ്പിക്കുന്നതാണ് അവരുടെ ട്വീറ്റ് എന്നും ആരോപിച്ചിരുന്നു. പാകിസ്താനിൽ തനിക്ക് സുഹൃത്തുക്കൾ ഉണ്ടെങ്കിലും താനൊരു രാജ്യസ്‌നേഹിയാണെന്ന് പ്രിയങ്ക ഇതിന് മറുപടി നൽകി. ഈ സംഭവത്തിനു പിന്നാലെയാണ് പ്രിയങ്കക്കെതിരെ പാക് മന്ത്രി യു.എന്നിന് കത്തയച്ചത്.