LiveTV

Live

Entertainment

പൊറിഞ്ചു മറിയം ജോസ്: നോവലിസ്‍റ്റിന്‍റേത്  നീതി പീഠത്തോടുള്ള വെല്ലുവിളി; നിയമനടപടി സ്വീകരിക്കുമെന്ന് തിരക്കഥാകൃത്ത്

അപ്പോള്‍ അവര്‍ മീഡിയേറ്ററെ നോക്കി പറഞ്ഞ ഒരു വാചകം ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്

പൊറിഞ്ചു മറിയം ജോസ്: നോവലിസ്‍റ്റിന്‍റേത്  നീതി പീഠത്തോടുള്ള വെല്ലുവിളി; നിയമനടപടി സ്വീകരിക്കുമെന്ന് തിരക്കഥാകൃത്ത്

ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് എഴുത്തുകാരി ലിസി നടത്തുന്നത് ദുഷ്പ്രചരണമാണെന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍ പറഞ്ഞു. സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ രാജ്യത്തെ മുഴുവന്‍ നിയമ വ്യവസ്ഥയോടുമുള്ള ധിക്കാരവും ഞാനെന്ന എഴുത്തുകാരനേയും ഈ സിനിമയേയും ലക്ഷ്യം വെച്ചുള്ളതാണെന്നും അഭിലാഷ് ഫേസ്ബുക്കില്‍ കുറിച്ചു.

വിലാപ്പുറങ്ങള്‍ എന്ന തന്റെ നോവലിനെ അവലംബിച്ച് തന്നെക്കൊണ്ടുതന്നെ തിരക്കഥയെഴുതിച്ച് ഒരു പ്രതിഫലവും തരാതെയാണ് ചിത്രം പുറത്തിറക്കുന്നതെന്നായിരുന്നു ലിസിയുടെ ആരോപണം. ഇതു സംബന്ധിച്ച കേസ് കോടതിയുടെ പരിഗണയില്‍ ഇരിക്കെയാണ് ചിത്രം പുറത്തിറക്കുന്നതെന്നും ലിസി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്‍റ തിരക്കഥാകൃത്തിന്‍റെ വിശദീകരണ കുറിപ്പ് പുറത്തു വരുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം.

'ഇവിടെയുണ്ട് ഞാനെന്നറിയുവാന്‍ മധുരമാമൊരു കൂവല്‍ മാത്രം മതി' എന്ന് ഒരു കവി പാടിയിട്ടുണ്ട്.. പക്ഷെ ഇവിടെ തന്റെ പേര് മറ്റുള്ളവരിലേയ്‌ക്കെത്തിക്കാന്‍ ഈ നോവലിസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നത് ഒരു ദുഷ്‌കേളി ( ditry game) യാണ്...കുറച്ചു വിശദമായി ഇതിനെക്കുറിച്ചു പറയാന്‍ ഞാന്‍ നിര്‍ബന്ധിത നായിരിക്കുകയാണ്.

ഇതേ മോഷണാരോപണവുമായി ഈ സ്ത്രീ അഞ്ചു മാസം മുന്‍പ് കോടതയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും എന്നെയും ഈ സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവരെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു.. വൈകാരികമായി ആകെ തകര്‍ന്നുപോയെങ്കിലും ഈ രാജ്യത്തിന്റെ നീതിപീഠത്തില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു; സത്യം എന്നായാലും തെളിയിക്കപ്പെടുമെന്ന വചനത്തെ മനസ്സാ വരിച്ചിരുന്നു.

കോടതി നടപടിക്രമങ്ങളുടെ ഭാഗമായി എന്റെ തിരക്കഥയുടെ ഒരു കോപ്പി അവര്‍ക്കു കൈമാറുകയും ചെയ് അതുകഴിഞ്ഞ് അവര്‍ ഒത്തുതീര്‍പ്പിന് തയ്യാറെന്നു കോടതിയെ അറിയിക്കുകയും കോടതി നിയോഗിച്ച മാധ്യസ്ഥന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്ക്കു വരികയും ചെയ്തു. അവര്‍ ഇതേ പല്ലവികള്‍ ആവര്‍ത്തിക്കുകയും തന്റെ നോവലിനു കിട്ടിയ അവാര്‍ഡുകള്‍ എടുത്തു പറഞ്ഞുകൊണ്ട് എന്നെ അവഹേളിക്കുന്ന ഭാഷയില്‍ സംസാരിക്കുകയും ചെയ്തു.

കാട്ടാളന്‍പൊറിഞ്ചു , പുത്തന്‍ പള്ളി ജോസ് എന്നീ ജീവിച്ചിരുന്ന മനുഷ്യരുടെ പേരുകളിന്മേല്‍ അവര്‍ക്കെന്ത് copy right ആണുള്ളതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ പത്തു തവണ തിരക്കഥയെഴുതി ബുദ്ധിമുട്ടിയ കണക്കു പറഞ്ഞു ഒച്ചയുയര്‍ത്തുകയും ഒടുവില്‍ പത്തുലക്ഷം രൂപ തന്നാല്‍ കേസില്‍ നിന്നു പിന്മാറാമെന്ന് അറിയിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ അവരോട് ഇത്രയേ ചോദിച്ചുള്ളൂ ,' മറ്റൊരാളുടെ കഥയ്ക്ക് അവകാശവാദമുന്നയിക്കുന്ന നിങ്ങള്‍ക്ക് as a writer എന്ത് genuintiy ആണുള്ളത്' എന്ന്. അപ്പോള്‍ അവര്‍ മീഡിയേറ്ററെ നോക്കി പറഞ്ഞ ഒരു വാചകം ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട് 'ഇവനോടൊക്കെ സംസാരിച്ചിട്ടെന്ത് റ്റാ കാര്യം? ഇവന്റെല് പത്തുരൂപ എടുക്കാനുണ്ടാ'? എന്നായിരുന്നു അത്.. സാഹിത്യലോകത്തിന്റെ പ്രതിനിധിയെന്നു സ്വയം അവകാശപ്പെടുന്ന അവരെ ഞാന്‍ ശരിക്കും മനസ്സിലാക്കിയത് അപ്പോഴാണ്.. ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും കോടതി രണ്ടു തിരക്കഥകളും വായിച്ച് വിധിപറയട്ടെയെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ വീണ്ടും എന്നെ ശകാരിക്കുകയും സിനിമ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് കോടതി വിശദമായി വാദം കേള്‍ക്കുകയും എന്റെ തിരക്കഥയും അവരുടെ നോവല്‍, തിരക്കഥ എന്നിവയും കൈയ്യില്‍ വാങ്ങുകയും ചെയ്തു.. വിധി ദിനം വന്നു.. (വിധി കേള്‍ക്കാന്‍ പരാതിക്കാരിവന്നിരുന്നില്ല).. ബഹുമാന്യ കോടതി പ്രസ്താവിച്ച വിധിയുടെ മുഴുവന്‍ പകര്‍പ്പ് ചുവടെ ചേര്‍ക്കുന്നു.. സൂക്ഷ്മപരിശോധനകളിലൂടെ കോടതി എത്തിച്ചേര്‍ന്ന വിധി പേജ് 9ല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.. എന്റെ തിരക്കഥയും (Ext.B1) അവരുടെ നോവല്‍, തിരക്കഥ എന്നിവയും (Exts. A4 and AT) ശ്രദ്ധാപൂര്‍വ്വം വായിച്ചുനോക്കി (carefully gone through) ഇവ തമ്മില്‍ ഒരു സാമ്യവും കണ്ടെത്താനായില്ലെന്നു പറഞ്ഞ കോടതി പരാതിക്കാരിയുടെ ഹര്‍ജി ചിലവുസഹിതം(petition stands dismissed with cost) തള്ളുകയാണ് ചെയ്തത്.

ഇപ്പോള്‍ സിനിമ റിലീസ് ചെയ്യുന്നതിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ കോടതി നടപടി പ്രകാരം കൈയ്യില്‍ കിട്ടിയ എന്റെ തിരക്കഥ വായിച്ചോ അതോ ട്രെയ്‌ലര്‍ കണ്ട് ഊഹിച്ചോ സിനിമയെക്കുറിച്ചുള്ള ചില സൂചനകള്‍ ഉള്‍പ്പെടുത്തി നടത്തുന്ന അപകടകരമായ ഈ ഉപജാപം ഈ രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള ധിക്കാരവും വ്യക്തിപരമായി ഞാനെന്ന എഴുത്തുകാരനെയും ഈ സിനിമായേയും നശിപ്പിക്കാന്‍ ലക്ഷ്യം വച്ചുള്ളതുമാണ്.. മാത്രമല്ല ഈ രാജ്യത്തെ. നിയമവ്യവസ്ഥയോടുള്ള തികഞ്ഞ ധിക്കാരവുമാണ് ഈ പ്രവൃത്തി...ഇതിനെതിരെ ഞാന്‍ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതായിക്കും.