LiveTV

Live

Entertainment

ആരാധകരെ നിരാശയിലാക്കി സ്പൈഡര്‍മാന്‍ മാര്‍വല്‍ സ്റ്റുഡിയോയുടെ പടിയിറങ്ങുന്നു

കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഈ കഥാപാത്രത്തെ നിര്‍മിച്ചത് സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ്.

ആരാധകരെ നിരാശയിലാക്കി സ്പൈഡര്‍മാന്‍ മാര്‍വല്‍ സ്റ്റുഡിയോയുടെ പടിയിറങ്ങുന്നു

ലോകമെമ്പാടും കോടിക്കണക്കണക്കിന് ആരാധകരുള്ള സ്പൈഡര്‍മാന്‍ മാര്‍വല്‍ സ്റ്റുഡിയോയുടെ പടിയിറങ്ങുന്നു. സോണി പിക്ചേഴ്സും സ്പൈഡര്‍മാന്‍റെ സൃഷ്ടാക്കളായ മാര്‍വലും തമ്മിലുള്ള തര്‍ക്കമാണ് സ്പൈഡര്‍മാന്‍ മാര്‍വല്‍ സ്റ്റുഡിയോ വിടാന്‍ കാരണം. സോണി പിക്ചേഴ്സിനാണ് സ്പൈഡര്‍മാന്‍ കഥാപാത്രത്തിന്റെ ഉടമാവകാശം. ലോകമൊമ്പാടും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഈ കഥാപാത്രത്തെ നിര്‍മിച്ചത് സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ്.

മാര്‍വല്‍ കോമിക്സില്‍ നിന്നും ഈ കഥാപാത്രത്തിന്‍റെ സിനിമ അവകാശം സോണി വാങ്ങിയിരുന്നു. പിന്നീട് മാർവൽ സ്വന്തമായി ചലച്ചിത്ര രംഗത്ത് എത്തി തങ്ങളുടെ കഥാപാത്രങ്ങള്‍ കൊണ്ട് സാന്നിധ്യം ഉറപ്പിച്ചു. ഇതിനെ തുടര്‍ന്ന് സോണിയില്‍ നിന്നും സ്പൈഡര്‍മാന്‍ കഥാപാത്രത്തെ വീണ്ടും മാര്‍വലിന്‍റെ പ്രമോട്ടര്‍മാരായ ഡിസ്നി തിരിച്ചെടുക്കുകയായിരുന്നു. 2016 ല്‍ ഇറങ്ങിയ ക്യാപ്റ്റന്‍ അമേരിക്ക സിവില്‍ വാറില്‍ ടോം ഹോളണ്ട് അവതരിപ്പിച്ച പുതിയ സ്പൈഡര്‍മാര്‍ എത്തി. പിന്നീട് മാര്‍വല്‍ പരമ്പരയിലെ അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേര്‍സ് എന്‍റ് ഗെയിം എന്നീ ചിത്രങ്ങളിലും സ്പൈഡര്‍മാന്‍ എത്തി.

ഇതേ സമയം സോണിയുമായി സംയുക്തമായി ചെയ്ത സ്പൈഡര്‍മാന്‍ ചിത്രങ്ങളില്‍ മാര്‍വല്‍ കഥാപാത്രങ്ങളും എത്തി. ഇത്തരത്തില്‍ നന്നായി പോയ ഡിസ്നി, സോണി സഹകരണം എന്നാല്‍ സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമിന്‍റെ വന്‍ വിജയത്തോടെയാണ് മോശമായത്. ഇപ്പോള്‍ സ്പൈഡര്‍മാന്‍ അടക്കമുള്ള മാര്‍വല്‍ കഥാപാത്രങ്ങളെ വച്ച് സോണി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ലാഭം പങ്കുവയ്ക്കുന്നതില്‍ അഞ്ചു ശതമാനം ആണ് മാര്‍വലിനുള്ള ഷെയര്‍. വരുമാനം പങ്കുവയ്ക്കല്‍ 50:50 എന്ന രീതിയിലാണ് വേണ്ടതെന്നാണ് മാര്‍വല്‍ ഉടമകളായ ഡിസ്നിയുടെ ആവശ്യം. എന്നാല്‍ സോണി ഈ ആവശ്യം അംഗീകരിച്ചില്ല.

ഇതോടെയാണ് സ്പൈഡര്‍മാന്‍ അടക്കമുള്ള കഥാപാത്രങ്ങള്‍ മാര്‍വല്‍ വിടാന്‍ ഒരുങ്ങുന്നത്. ഇത് ആവഞ്ചേര്‍സ് എന്‍ഡ് ഗെയിമോടെ പുതിയ ഘട്ടത്തിലേക്ക് കടന്ന മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിന്‍റെ പുരോഗതിയെ ബാധിച്ചേക്കും. അയേണ്‍മാന്‍ തന്‍റെ പിന്‍ഗാമിയായി സ്പൈഡര്‍മാനെ നിശ്ചയിച്ചാണ് അവഞ്ചേര്‍സിന്‍റെ മൂന്നാം ഘട്ടം അവസാനിച്ചത്. ഇതേ സ്പൈഡര്‍മാന്‍ മാര്‍വെല്‍ വിട്ടാല്‍ അത് മാര്‍വല്‍ ആരാധകര്‍ക്ക് വലിയ നിരാശയായിരിക്കും.