LiveTV

Live

Entertainment

അസഹിഷ്ണുത തന്നെ; അനുരാഗ് കശ്യപിന് പിന്തുണയുമായി സിനിമാ ലോകം

ഹിന്ദുത്വ ഭീകരരുടെ സെെബർ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അനുരാഗ് കശ്യപ് ട്വിറ്റർ ഉപേക്ഷിച്ചത്

അസഹിഷ്ണുത തന്നെ; അനുരാഗ് കശ്യപിന് പിന്തുണയുമായി സിനിമാ ലോകം

സെെബർ ഇടങ്ങളിലെ ആക്രമണങ്ങളിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ച് ട്വിറ്റർ വിട്ട ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന് പിന്തുണയുമായി ചലച്ചിത്ര പ്രവർത്തകർ. അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ താരത്തിനെതിരെ വധഭീഷണിയടക്കം മുഴക്കിയത് അംഗീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു.

ഹിന്ദുത്വ ഭീകരരുടെ സെെബർ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അനുരാഗ് കശ്യപ് ട്വിറ്റർ ഉപേക്ഷിച്ചത്. തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ മകൾക്ക് നേരെയുൾപ്പടെ നടന്ന ബലാത്സംഗ ഭീഷണിയെ കുറിച്ച് നേരത്തെ താരം തന്നെ പ്രതികരിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്രം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും അത് ഇല്ലാതാക്കുന്നത് ജനാധിപത്യത്തെ തന്നെ തകർക്കുന്നതിന് തുല്യമാണെന്നും അനുരാഗ് കശ്യപിന് പിന്തുണയുമായെത്തിയവർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കുറിച്ചു.

അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരിലുണ്ടായ ആക്രമണം ചെറുക്കപ്പെടേണ്ടതാണെന്ന് പറഞ്ഞ സംഘം, ഇതിനെതിരെ രംഗത്ത് വരേണ്ടത് എല്ലാവരുടെയും ഉത്തരാവാദിത്തമാണെന്നും കത്തിൽ സൂചിപ്പിച്ചു. സംവിധായിക അപര്‍ണ സെന്‍, നടന്‍ പരമ്പ്രത ഛതോപാധ്യായ, സോഹാഗ് സെന്‍, കൗശിക് സെന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. നേരത്തെ, ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ സാമൂഹ്യ പ്രവർത്തകരിൽ ഒരാളായിരുന്നു അനുരാഗ് കശ്യപ്. ഇതിന്റെ പേരിലായിരുന്നു ഒടുവിലായി താരത്തിനെതിരെ കൂട്ടായ സെെബർ ആക്രമണം ഉണ്ടായത്.

നിരന്തരമായ ഭീഷണികൾ, നമ്മൾ സംസാരിക്കരുതെന്ന ചിലരുടെ താൽപര്യമാണെന്നായിരുന്നു അവസാനമായി അനുരാഗ് ട്വിറ്ററിൽ കുറിച്ചത്. പുതിയ ഭാരതത്തിലെ എല്ലാവർക്കും അഭിന്ദനമറിയിച്ച കശ്യപ്, എല്ലാ പ്രതിസന്ധികളെയും അതിജയിക്കാന്‍ സാധിക്കട്ടെയെന്നും ആശംസിക്കുകയുണ്ടായി.