LiveTV

Live

Entertainment

ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി

സനല്‍ കുമാര്‍ ശശിധരന്‍റെ സിനിമാ ഷൂട്ടിങിന് പോയ 30 അംഗ സംഘമാണ് ഹിമാചലിലെ ഛത്രുവില്‍ കുടുങ്ങിയത്. സംഘത്തെ ഉടന്‍ മണാലിയിലേക്ക് എത്തിക്കും.

ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി

ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജു വാര്യരും സനല്‍കുമാര്‍ ശശിധരനും അടങ്ങിയ സിനിമ ചിത്രീകരണ സംഘത്തെ രക്ഷപ്പെടുത്തി. ഛത്രുവില്‍ നിന്ന് 22 കിലോ മീറ്റര്‍ അകലെയുള്ള ബേസ് ക്യാമ്പില്‍ ഇവരെ എത്തിക്കുമെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. അത്യാവശ്യം വേണ്ട ഭക്ഷണം ഇവര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശിലെ റോഡുകള്‍ പലയിടത്തും തകര്‍ന്നിരുന്നു. ഇതാണ് ഛത്രുവില്‍ സിനിമ സംഘം ഒറ്റപ്പെടാന്‍ കാരണം. മൂന്നാഴ്ച മുന്‍പാണ് സനല്‍ കുമാര്‍ ശശിധരന്‍റെ കയറ്റം എന്ന സിനിമക്കായി സംഘം ഇവിടെ എത്തിയത്. ആദ്യം പോലീസ് ഉദ്യോഗസ്ഥര്‍ എത്തി സനില്‍കുമാറിനും സംഘത്തിനും ബ്ര‍ഡ് അടക്കമുള്ള ഭക്ഷണം ലഭ്യമാക്കി.

കുടുങ്ങികിടക്കുന്ന വിവരം സാറ്റലൈറ്റ് ഫോണിലൂടെയാണ് അറിയിച്ചതെന്ന് മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യര്‍ പറഞ്ഞു. മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരമെന്നും മധു വാര്യര്‍ വ്യക്തമാക്കി.

മേഘവിസ്ഫോടനമടക്കം ഉണ്ടായ ഹിമാചല്‍ പ്രദേശില്‍ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുളുവില്‍ പാലവും തകര്‍ന്നിരുന്നു. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഹിമാചല്‍ പ്രദേശിലെ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നത്.