LiveTV

Live

Entertainment

വിവാദമായ താരപാര്‍ട്ടി; അന്ന് നടന്നതെന്തെന്ന് വിശദീകരിച്ച് കരണ്‍ ജോഹര്‍

കരൺ ജോഹറിന്‍റെ വീട്ടില്‍ നടന്ന പാർട്ടിയിൽ താരങ്ങള്‍ ലഹരി മരുന്ന് ഉപയോഗിച്ചെന്ന് ശിരോമണി അകാലിദള്‍ എം.എല്‍.എ ആരോപിക്കുകയുണ്ടായി

വിവാദമായ  താരപാര്‍ട്ടി; അന്ന് നടന്നതെന്തെന്ന് വിശദീകരിച്ച് കരണ്‍ ജോഹര്‍

ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്‍റെ വീട്ടില്‍ നടന്ന പാർട്ടിയിൽ താരങ്ങള്‍ ലഹരി മരുന്ന് ഉപയോഗിച്ചെന്ന് ശിരോമണി അകാലിദള്‍ എം.എല്‍.എ ആരോപിക്കുകയുണ്ടായി. മജീന്ദര്‍ സിര്‍സ എം.എൽ.എയുടെ ആരോപണത്തെ കുറിച്ച് താരങ്ങളൊന്നും ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കരൺ ജോഹർ. മാധ്യമപ്രവര്‍ത്തകന്‍ രാജീവ് മസന്ദിന് നൽകിയ അഭിമുഖത്തിലാണ് കരൺ ജോഹർ എം.എല്‍.എയുടെ ആരോപണങ്ങള്‍ തള്ളിയത്.

ദീപിക പദുകോൺ, രൺബീർ കപൂർ, ഷാഹിദ് കപൂർ, വരുൺ ധവാൻ, വിക്കി കൗശല്‍, അര്‍ജുന്‍ കപൂര്‍, മലൈക അറോറ തുടങ്ങിയ താരങ്ങൾ പാര്‍ട്ടിയില്‍ ലഹരി മരുന്ന് ഉപയോഗിച്ചെന്നായിരുന്നു എം.എല്‍.എയുടെ ആരോപണം- "ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍, എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് താരങ്ങള്‍ ഉല്ലസിക്കുന്നത്. താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഞാന്‍ ശബ്ദമുയര്‍ത്തുന്നു. നിങ്ങള്‍ക്കും അസ്വസ്ഥത തോന്നിയെങ്കില്‍ റീ ട്വീറ്റ് ചെയ്യൂ" എന്നാണ് വീഡിയോ പങ്കുവെച്ച് എം.എല്‍.എ ട്വീറ്റ് ചെയ്തത്.

ലഹരിമരുന്ന് അടിച്ച് അഭിമാനത്തോടെ ഉല്ലസിക്കുന്നു; ദീപിക, രണ്‍ബീര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ എം.എല്‍.എ
Also Read

ലഹരിമരുന്ന് അടിച്ച് അഭിമാനത്തോടെ ഉല്ലസിക്കുന്നു; ദീപിക, രണ്‍ബീര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ എം.എല്‍.എ

എന്നാല്‍ കരണ്‍ ജോഹര്‍ പറയുന്നത് ഒരാഴ്ചത്തെ ജോലിക്ക് ശേഷം എല്ലാവരും ഒത്തുചേരുകയായിരുന്നു എന്നാണ്. താനാണ് ആ വീഡിയോ എടുത്തതും പുറത്തുവിട്ടതും. ആരോപിച്ചതുപോലെ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ആ വീഡിയോ പുറത്തുവിടാന്‍ താന്‍ മണ്ടനൊന്നുമല്ലെന്നും കരണ്‍ ജോഹര്‍ വ്യക്തമാക്കി.

വിക്കി കൗശലിന്റെ മുഖഭാവവും പെരുമാറ്റവും ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ സൂചനയാണെന്നായിരുന്നു ഒരു ആരോപണം. വിക്കിക്ക് ഡെങ്കിപ്പനി ആയിരുന്നുവെന്നും മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നും നാരങ്ങ പിഴിഞ്ഞ ചൂടുവെളളമാണ് വിക്കി കുടിച്ചതെന്നുമാണ് കരണ്‍ ജോഹര്‍ പറയുന്നത്. വെളിച്ചവും നിഴലും ചേര്‍ന്നാണ് വീഡിയോയില്‍ പൗഡര്‍ പോലെ കാണപ്പെട്ടതെന്നും കരണ്‍ ജോഹര്‍ അവകാശപ്പെട്ടു.

വീഡിയോ ഷൂട്ട് ചെയ്യുന്നതിന് 5 മിനിറ്റ് മുൻപുവരെ തന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം നല്ല ഭക്ഷണം കഴിച്ച് സംഗീതം കേട്ട് സമയം ചെലവഴിക്കുക മാത്രമാണ് ഉണ്ടായത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് എന്തിന് മറുപടി പറയണമെന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നത്. എന്നാൽ ഭാവിയിൽ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളുണ്ടായാൽ നിയമപരമായി നേരിടുമെന്നും കരൺ ജോഹര്‍ വ്യക്തമാക്കി.