LiveTV

Live

Entertainment

സൈമ അവാര്‍ഡ്; ‘സുഡാനി’ക്കും സകരിയക്കും പുരസ്ക്കാരം, ടോവിനോയും ഐശ്വര്യ ലക്ഷ്മിയും മികച്ച താരങ്ങള്‍

സൈമ അവാര്‍ഡ്; ‘സുഡാനി’ക്കും സകരിയക്കും പുരസ്ക്കാരം, ടോവിനോയും  ഐശ്വര്യ ലക്ഷ്മിയും മികച്ച താരങ്ങള്‍

ദക്ഷിണേന്ത്യയിലെ മികച്ച സിനിമാ പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്ന സൗത്ത് ഇന്‍ഡ്യന്‍ ഇന്റര്‍നാഷ്ണല്‍ മൂവി അവാര്‍ഡ്സ് (സൈമ 2019 ) ദോഹയില്‍ നടന്നു. ഇന്നലെ വിതരണം ചെയ്ത അവാര്‍ഡ് പരിപാടിയില്‍ മലയാളം സിനിമ മികച്ച നാല് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. സൌബിന്‍ നായകനായ സുഡാനി ഫ്രം നൈജീരിയയാണ് സൈമയില്‍ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തത്. ചിത്രം സംവിധാനം ചെയ്ത സക്കരിയയെ മികച്ച നവാഗത സംവിധായകനായും തെരഞ്ഞെടുത്തു. ടോവിനോയാണ് മികച്ച നടന്‍(തീവണ്ടി), വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മിയെ മികച്ച നടിയായും തെരഞ്ഞെടുത്തു.

ക്രിട്ടിക്‌സ് ചോയസില്‍ മലയാളത്തിലെ മികച്ച നടനായി കൂടെയിലെ അഭിനയത്തിന് പൃഥ്വിരാജിനെയും മികച്ച നടിയായി തൃഷയെയും തെരഞ്ഞെടുത്തു. ശ്യാമ പ്രസാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹേയ് ജൂഡിലെ അഭിനയത്തിനാണ് തൃഷ പുരസ്ക്കാരത്തിന് അര്‍ഹയായത്. മികച്ച സംവിധായകനായി ഞാന്‍ പ്രകാശനിലൂടെ സത്യന്‍ അന്തിക്കാടിനും മികച്ച പ്രതിനായകനായി വരത്തനിലെ അഭിനത്തിന് ഷറഫുദ്ദീനും പുരസ്ക്കാരത്തിന് അര്‍ഹനായി. മികച്ച സഹനടന്‍ : റോഷന്‍ മാത്യു (കൂടെ), മികച്ച സഹനടി : ലെന (ആദി), പുതുമുഖ നടന്‍ : പ്രണവ് മോഹന്‍ലാല്‍ (ആദി), പുതുമുഖ നടി : സാനിയ ഇയ്യപ്പന്‍ (ക്വീന്‍), മികച്ച സംഗീത സംവിധായകന്‍ : സുഷിന്‍ ശ്യാം (വരത്തന്‍), മികച്ച ഛായാഗ്രഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍), മികച്ച ഗാനരചയിതാവ് : വിനായക് ശശികുമാര്‍ (മറഡോണ), മികച്ച ഗായകന്‍ വിജയ് യേശുദാസ് (പൂമുത്തോളെ, ജോസഫ് ), മികച്ച ഗായിക സിത്താര കൃഷ്ണകുമാര്‍ (മാരിവില്‍, ഈട), മികച്ച ഹാസ്യനടന്‍ അജു വര്‍ഗീസ് (അരവിന്ദന്റെ അതിഥികള്‍), പോപ്പുലര്‍ സ്റ്റാര്‍ ഇന്‍ ദ മിഡില്‍ ഈസ്റ്റ് : മോഹന്‍ലാല്‍,

തമിഴില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. പാണ്ടിരാജാണ് മികച്ച സംവിധായകന്‍(കടൈകുട്ടി സിങ്കം). വട ചെന്നെയിലെ പ്രകടനത്തിന് ധനുഷ് മികച്ച നടനായും 96ലെ അഭിനയത്തിന് തൃഷ മികച്ച നടിയായും തെരഞ്ഞെടുത്തു. കന്നഡയില്‍ കെജിഎഫിലെ പ്രകടനത്തിന് യാഷും തെലുങ്കില്‍ രംഗസ്ഥലത്തിലെ പ്രകനത്തിന് രാംചരണമായിരുന്നു മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ദിവസങ്ങളായി നടന്ന ചടങ്ങില്‍ ആദ്യ ദിവസം തെലുങ്ക് കന്നഡ ഭാഷകളിലെയും രണ്ടാം ദിവസം മലയാളം തമിഴ് എന്നീ ഭാഷകളിലെയും പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്.