LiveTV

Live

Entertainment

‘പെരുന്നാള്‍ പാട്ടോടെ വരവ്’; പൊറിഞ്ചു മറിയം ജോസ് റിലീസ് തിയതി പ്രഖ്യാപിച്ചു  

‘പെരുന്നാള്‍ പാട്ടോടെ വരവ്’; പൊറിഞ്ചു മറിയം ജോസ് റിലീസ് തിയതി പ്രഖ്യാപിച്ചു  

ഒരു ഇടവേളക്ക് ശേഷം ഹിറ്റ്മേക്കിങ് സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചുമറിയം ജോസിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നേരത്തെ പ്രളയദുരിതത്തെ തുടര്‍ന്ന് റിലീസ് തിയതി മാറ്റിവെച്ചിരുന്നു. ചിത്രം ഓഗസ്റ്റ് 23ന് കേരളത്തിലുടനീളം റിലീസ് ചെയ്യും. പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന പൊറിഞ്ചു, നൈല ഉഷയുടെ മറിയം, ചെമ്പന്‍ വിനോദിന്‍റെ ജോസ് എന്നീ മൂന്ന് കഥാപാത്രങ്ങളെ ആസ്പദമാക്കിയാണ് ചിത്രം രൂപപ്പെട്ടിരിക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകൻ ആയി എത്തുന്ന ചിത്രം കൂടിയാണ് പൊറിഞ്ചു മറിയം ജോസ്. മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രമായ ലുസിഫറാണ് നൈല ഉഷ അവസാനമായി അഭിനയിച്ച ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പൻ വിനോദിന്റെതായി ഇനി റിലീസ് ചെയ്യാൻ ഉള്ള പ്രധാന ചിത്രം. ചാന്ദ്‍വി ക്രിയേഷൻസ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തിൽ വിതരണം ചെയ്യുന്നത്.