LiveTV

Live

Entertainment

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മുതല്‍ കല്ലേക്കാട് എ.ആര്‍ ക്യാമ്പ് വരെ; ഉണ്ടയിലെ ബിജുകുമാര്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്... 

രാഷ്ട്രീയമായും സാമൂഹികമായും ജനാധിപത്യത്തിന് വലിയ തിരിച്ചടികള്‍ നേരിടുന്ന ഈ സാഹചര്യത്തില്‍ മേല്‍പറഞ്ഞ സംഭാഷണവും ബിജുകുമാര്‍ എന്ന കഥാപാത്രവും ചര്‍ച്ചാ വിഷയമാകേണ്ടത് തന്നെയാണ് 

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മുതല്‍ കല്ലേക്കാട് എ.ആര്‍ ക്യാമ്പ് വരെ; ഉണ്ടയിലെ ബിജുകുമാര്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്... 

നമ്മടെ ജീവിതം എങ്ങനെ ജീവിക്കണംന്ന് മറ്റുള്ളവര്‍ തീരുമാനിക്കണ ഒരു അവസ്ഥയൊണ്ടല്ലോ... അത് സഹിക്കാന്‍ പറ്റില്ല സാറേ...’ ഹര്‍ഷാദിന്‍റെ തിരക്കഥയില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിലെ ലുക്മാന്‍ അവതരിപ്പിച്ച ബിജുകുമാര്‍ എന്ന കഥാപാത്രം പറയുന്ന ഡയലോഗാണിത്. രാഷ്ട്രീയമായും സാമൂഹികമായും ജനാധിപത്യത്തിന് വലിയ തിരിച്ചടികള്‍ നേരിടുന്ന ഈ സാഹചര്യത്തില്‍ മേല്‍പറഞ്ഞ സംഭാഷണവും ബിജുകുമാര്‍ എന്ന കഥാപാത്രവും ചര്‍ച്ചാ വിഷയമാകേണ്ടത് തന്നെയാണ്.

 ഉന്നം തെറ്റാതെ ഉണ്ട 
Also Read

ഉന്നം തെറ്റാതെ ഉണ്ട 

രണ്ടാം മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് ശേഷം രാജ്യമെങ്ങും ജയ് ശ്രീറാം വിളിയുടെ പേരിലും ബീഫിന്‍റെ പേരിലും വ്യാപകമായി ആള്‍ക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങു വാഴുകയാണ്. ജയ് ശ്രീരാമിന്‍റെയോ അല്ലെങ്കില്‍ ബീഫിന്‍റെയോ പേരില്‍ അക്രമങ്ങള്‍ സംഭവിക്കുന്നു എന്നതിലുപരി ജാതിയുടെ പേരില്‍ അക്രമങ്ങള്‍ സംഭവിക്കുന്നു എന്നതാവും ശരി. ദലിത് മുസ്‍ലിം ജനവിഭാഗങ്ങള്‍ക്കെതിരെ സംഘ് പരിവാര്‍ ശക്തികള്‍ അഴിച്ചുവിടുന്ന ഈ ജനാതിപത്യ വിരുദ്ധത ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനെതിരെ സമീപകാലത്ത് പല പ്രമുഖരും രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, പ്രതികരിക്കുന്നവരെയെല്ലാം പാകിസ്താനിലേക്കും ചന്ദ്രനിലേക്കും നാടുകടത്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ് പലരും. ഈ സാഹചര്യത്തില്‍, സ്വന്തം നാട്ടില്‍ നിന്നും നാടുകടത്താന്‍ നിര്‍ബന്ധിതരാകുന്ന, അധ്വാനിച്ച് നല്ലൊരു നിലയിലെത്തിയിട്ടും ജാതീയയുടെ പേരില്‍ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ മുഴുവന്‍ പ്രതീകമായി മാറുകയാണ് ബിജു കുമാര്‍. സര്‍ക്കാരിന്‍റെ ഏറ്റവും വലിയ നിയമനിര്‍മ്മാണ ശാഖയായ പോലീസില്‍ തന്നെ ജാതീയതയും വംശീയ അതിക്ഷേപങ്ങളും നേരിടേണ്ടി വരുന്ന ബിജുവിന്‍റെ കഥാപാത്രത്തിലൂടെ വലിയ വിമര്‍ശനമാണ് ഹര്‍ഷാദ് എന്ന തിരക്കഥാകൃത്ത് ഉന്നയിക്കുന്നത്. സിനിമ റിലീസായ സമയത്ത് തന്നെ ബിജുകുമാര്‍ എന്ന കഥാപാത്രത്തിലൂന്നി ഇതുപോലുള്ള വായനകള്‍ സാധ്യമായിരുന്നെങ്കിലും ദിനം പ്രതി അതിനെ ശരി വെക്കുന്ന സംഭവ വികാസങ്ങള്‍ നടന്നു വരുന്നു. ഇതിലൂടെ ബിജുകുമാര്‍ ഇരകളുടെ പ്രതിനിധിയായി നിലകൊള്ളുന്നു. എന്നാല്‍, സിനിമയുടെ അവസാനം ഏവരാലും മനസിലാക്കപ്പെടുന്ന ബിജുകുമാര്‍ നാളെക്കുള്ള പ്രതീക്ഷയായാണ് നിലകൊള്ളുന്നത്.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മുതല്‍ കല്ലേക്കാട് എ.ആര്‍ ക്യാമ്പ് വരെ; ഉണ്ടയിലെ ബിജുകുമാര്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്... 

ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് മുതല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വ്യാപകമായിരുന്നെങ്കിലും ബിജു കുമാറുമായി ചേര്‍ത്ത് വെക്കാന്‍ എന്തുകൊണ്ടും സാധിക്കുന്ന ഒരു സംഭവം ഈയടുത്ത് നടക്കുകയുണ്ടായി. പാലക്കാട് കല്ലേക്കാട് എ.ആര്‍ ക്യാമ്പില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും പൊലീസിലെത്തി ക്രൂര പീഡനങ്ങള്‍ സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത യുവാവ്. അട്ടപ്പാടി അഗളി സ്വദേശി കുമാര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തന്നെ നഗ്നനാക്കി മര്‍ദ്ദിച്ചു തുടങ്ങിയ രൂക്ഷ ആരോപണങ്ങളാണ് മേല്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉയരുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്ന് പൊലീസിലെത്തിയ ആള്‍ എന്നതിനാല്‍ സഹിക്കാവുന്നതിലും അപ്പുറം പീഡനങ്ങള്‍ കുമാറിന് സഹിക്കേണ്ടി വന്നിരുന്നതായി കുടുംബം ആരോപിക്കുന്നു. കുമാറിന്‍റെ മരണവും അതിനെ സംബന്ധിച്ചുള്ള അ്ന്വേഷണങ്ങളും ചര്‍ച്ചാ വിഷയമാകുമ്പോള്‍ ബിജുകുമാര്‍ എന്ന ലുക്മാന്‍ കഥാപാത്രത്തിന് പ്രസക്തി കൂടുകയാണ്. സിനിമയുടെ തുടക്കത്തില്‍ തന്നെ ബിജുവിനെ ആദ്യമായി കാണിക്കുന്നത് ഷൂ പോളിഷ് ചെയ്യുന്ന രംഗത്തിലൂടെയാണ്. ഛത്തീസ്ഗഡ് സ്റ്റേഷനില്‍ എത്തിയ ശേഷം മേലുദ്യോഗസ്ഥന്‍റെ പക്കല്‍ നിന്നും വളരെ മോശമായ രീതിയിലുള്ള സമീപനം ബിജുവിന് നേരിടേണ്ടി വരുന്നു. തുടര്‍ന്ന് സിനിമയുടെ അവസാനം വരെ ബിജുകുമാര്‍ എന്ന കഥാപാത്രം നേരിടുന്ന ഓരോ കാര്യങ്ങളിലും കല്ലേക്കാട് എ.ആര്‍ ക്യാമ്പില്‍ ആത്മഹത്യ ചെയ്ത കുമാറിന്‍റെ മരണവുമായി കൂട്ടിയോജിപ്പുകള്‍ സാധ്യമാവുന്നതാണ്. ഇതുപോലുള്ള അരാഷ്ട്രീയതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഒരുപാട് യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടയിലുണ്ട്. ഉണ്ട പറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ ഇന്നത്തെ സമൂഹം കടന്നുപോകുന്നതിനാല്‍ കാലത്തിനും മുമ്പേ സഞ്ചരിച്ച സിനിമയല്ല, ഈ കാലഘട്ടത്തിന്‍റെ സിനിമയാണ് എന്ന് വേണം പറയാന്‍.