LiveTV

Live

Entertainment

‘ഹാപ്പി ബര്‍ത്ത് ഡേ ഡി.ക്യൂ’; ദുല്‍ഖര്‍ സല്‍മാന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

‘ഹാപ്പി ബര്‍ത്ത് ഡേ ഡി.ക്യൂ’; ദുല്‍ഖര്‍ സല്‍മാന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന് പിറന്നാളാശംസകള്‍ നേര്‍ന്ന് താരങ്ങള്‍. കുഞ്ഞിക്കയുടെ 33ാം പിറന്നാള്‍ ദിനമായ ഇന്ന് പ്രിയപ്പെട്ട കുഞ്ഞിക്കയ്ക് ആശംസകളുമായി ചലച്ചിത്ര താരങ്ങളായ അനു സിതാര, സംയുക്ത മേനോന്‍, ഉണ്ണി മുകുന്ദന്‍, ആന്റണി പെപ്പ, പേളി മാണി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം തുടങ്ങി നിരവധി പേരാണ് രംഗത്തെത്തിയത്.

2012ല്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖറിന്റെ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടല്‍’ ദുല്‍ഖറെന്ന് താരത്തിന്റെ അടയാളപ്പെടുത്തലായിരുന്നു. ചിത്രത്തിനു ലഭിച്ച ജനപ്രീതി ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ദുല്‍ഖറിന് ‘ചാര്‍ലി’യിലൂടെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കി. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി 25 ലേറെ സിനിമകളിലാണ് ദുല്‍ഖര്‍ ഇതിനകം അഭിനയിച്ചിരിക്കുന്നത്.

‘വായ് മൂടി പേസുവാ’എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ മലയാളവും കടന്ന് തമിഴകത്തെത്തി. നസ്രിയ നസിം നായികയായി അഭിനയിച്ച ഈ ചിത്രം ‘സംസാരം ആരോഗ്യത്തിനു ഹാനികരം’ എന്ന പേരില്‍ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ‘ഓകെ കണ്‍മണി’ എന്ന മണിരത്‌നം ചിത്രമാണ് തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ദുല്‍ഖര്‍ ചിത്രങ്ങളിലൊന്ന്. തെന്നിന്ത്യന്‍ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ ‘മഹാനടി’ എന്ന ചിത്രത്തില്‍ ജെമിനി ഗണേശനെ അവതരിപ്പിച്ച് ദുല്‍ഖര്‍ തെലുഗ് സിനിമാലോകത്തിന്റെയും സ്‌നേഹം കവര്‍ന്നു. ‘കര്‍വാന്‍’ എന്ന ചിത്രത്തിനു ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന പുതിയ ഹിന്ദി ചിത്രം ‘ദി സോയാ ഫാക്ടര്‍’ റിലീസിന് ഒരുങ്ങുകയാണിപ്പോള്‍. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലേക്കും കടന്ന ദുല്‍ഖറിന്റെ ആദ്യ നിര്‍മ്മാണ സിനിമ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്. ഗ്രിഗറി ജേക്കബ് ആണ് ആദ്യ നിര്‍മ്മാണ ചിത്രത്തില്‍ നായകന്‍. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില വിമല്‍, അനുപമ പരമേശ്വരന്‍, അനു സിതാര എന്നിവര്‍ നായികമാരായി എത്തുന്നു.