LiveTV

Live

Entertainment

അനീസ് സലീമിന്റെ ‘ദി സ്മോള്‍ ടൗണ്‍ സീ’ ഇനി ‘കാസിമിന്റെ കടല്‍’; ചിത്രീകരണം ആരംഭിച്ചു

അനീസ് സലീമിന്റെ ‘ദി സ്മോള്‍ ടൗണ്‍ സീ’ ഇനി ‘കാസിമിന്റെ കടല്‍’; ചിത്രീകരണം ആരംഭിച്ചു

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവും എഴുത്തുകാരനുമായ അനീസ് സലീമിന്റെ ‘ദി സ്മോള്‍ ടൗണ്‍ സീ’, ‘കാസിമിന്റെ കടല്‍’ എന്ന പേരില്‍ ചലച്ചിത്രമാകുന്നു. പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനിച്ചുവളര്‍ന്ന നാട്ടില്‍ തന്‍റെ അവസാന നാളുകള്‍ ചെലവിടണമെന്ന പിതാവിന്‍റെ ആഗ്രഹപ്രകാരം വലിയൊരു നഗരത്തില്‍നിന്ന് ചെറിയൊരു കടലോരപ്പട്ടണത്തിലേക്ക് പറിച്ചുനടപ്പെടുന്ന കുട്ടിയുടെ കഥയാണ് കാസിമിന്റെ കടല്‍ പറയുന്നത്.

എഴുത്തുക്കാരന്‍ അനീസ് സലീമിന്റെ ജന്മനാടായ വര്‍ക്കലയില്‍ തന്നെയാണ് ചിത്രത്തിന്‍റെ ചിത്രീകരണം നടക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ ശ്യാംദത്തിന്‍റെ മകന്‍ തഷി ശ്യാംദത്താണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ കാസിമിനെ അവതരിപ്പിക്കുന്നത്. യുവനടന്‍ ഹരീഷ് ഉത്തമന്‍ കാസിമിന്‍റെ പിതാവിന്‍റെ വേഷം കൈകാര്യം ചെയ്യും. നേരത്തെ മുംബൈ പൊലീസ്, മായാനദി, തനി ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട് ഹരീഷ്. മനോജ് നരേയ്‌നാണ് ഛായാഗ്രഹണം. ആര്യ സലീം, നിരഞ്ജന്‍, കൂത്താട്ടുകുളം ലീല, മായ, കൃഷ്ണപ്രിയ നസീര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ശ്യാമപ്രസാദ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വാനിറ്റി ബാഗ്, വിക്ക്സ് മാംഗോ ട്രീ, ബ്ലൈന്‍ഡ് ലേഡീസ് ഡിസന്റന്‍സ്, ടെയില്‍സ് ഫ്രം എ വെന്‍ഡിങ് മെഷീന്‍ എന്നിവയാണ് എഴുത്തുക്കാരന്‍ അനീസ് സലീമിന്റെതായി പുറത്ത് വന്ന പുസ്തകങ്ങള്‍. ബ്ലൈന്‍ഡ് ലേഡീസ് ഡിസന്റന്‍സാണ് അനീസിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടി കൊടുത്തത്. കാസിമിന്റെ കടലിന്റെ തിരക്കഥയും സംവിധാനവും ശ്യാമ പ്രസാദ് തന്നെയാണ് നിര്‍വ്വഹിക്കുന്നത്.