LiveTV

Live

Entertainment

വൈറസില്‍ ആഷിഖ് അബുവിന് സേതുരാമയ്യരെ പോലെ ഒരു ഡിറ്റക്ടീവിനെ അവതരിപ്പിക്കാമായിരുന്നു...പക്ഷേ...

ചുവപ്പിച്ച് തീക്ഷണമായ കണ്ണുകൾ കുത്തിയിറക്കി ചോദ്യം ചെയ്യുന്നവരിൽ നിന്ന് ഉത്തരങ്ങൾ പിടിച്ചു വാങ്ങുന്ന ഒരു അമാനുഷിക നായകനെ ഈ ജോലി ഏൽപ്പിക്കാമായിരുന്നു

വൈറസില്‍ ആഷിഖ് അബുവിന് സേതുരാമയ്യരെ പോലെ ഒരു ഡിറ്റക്ടീവിനെ അവതരിപ്പിക്കാമായിരുന്നു...പക്ഷേ...

കേരളത്തെ ബാധിച്ച വലിയൊരു മഹാമാരിയെ ദൃഢനിശ്ചയത്തോടെ പൊരുതി തോല്‍പ്പിച്ച കഥ പറഞ്ഞ ചിത്രമായിരുന്നു വൈറസ്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം റിലീസിന് മുന്നേ തന്നെ സമൂഹ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയായിരുന്നു. പലരും പല ആംഗിളുകളിലും ചിത്രത്തിന് നിരൂണവും എഴുതിക്കണ്ടു. എന്നാല്‍ ചിത്രത്തിന്‍റെ വ്യത്യസ്തമായൊരു തലം പ്രക്ഷകര്‍ക്ക് പറഞ്ഞ് തരികയാണ് രജ്ഞിത്ത് ആന്‍റണി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ചിത്രത്തെ കുറിച്ചുള്ള തന്‍റെ വ്യത്യസ്തമായ കാഴ്ചപ്പാട് പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

പ്രൈമിൽ വൈറസ് കണ്ടു.

ഈ സിനിമ അനൌണ്സ് ചെയ്തപ്പോൾ ഇതിന്റെ കഥ എന്തായിരിക്കും എന്ന് ഊഹിക്കാൻ ശ്രമിച്ചിരുന്നു. രണ്ട് കഥാ വഴികളാണ് തെളിഞ്ഞത്. ആദ്യത്തെ കഥ, ലിനി സിസ്റ്ററുടെ വ്യക്തി ജീവിതത്തെ ഫിക്ഷണലൈസ് ചെയ്യുന്ന കഥ. പ്രേമവും, വിവാഹവും, വിരഹവും ദാമ്പത്യത്തിന്റെ കഷ്ടപ്പാടുകളും അവസാനം ഒരു സമൂഹത്തെ രക്ഷിക്കാൻ രക്തസാക്ഷിത്വം വഹിക്കുന്ന ഒരു ധീരയുടെ കഥ. രണ്ടാമത്തെ കഥ; ഇത് നിപ തന്നെ എന്ന് സ്ഥിരീകരിച്ച ഡോക്ടറുടെ കഥ. നിപയാണെന്ന് ഉറപ്പിക്കാൻ അദ്ദേഹം അനുഭവിച്ച മാനസ്സിക സംഘർഷത്തിന്റെ കഥ.

സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഞെട്ടി. ഞാനൊരിക്കലും ഊഹിക്കാതിരുന്ന മൂന്നാമത്തെ ഒരു ആംഗിളാണ് ആഷിക് അബു കഥ പറയാൻ തിരഞ്ഞെടുത്തത്. ഒരു കമ്യൂണിറ്റി മെഡിസിൻ ആൻഡ് പ്രിവെന്റീവ് സോഷ്യൽ മെഡിസിൻ തലത്തിലൊരു മെഡിക്കൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ലിനി സിസ്റ്ററും നമുക്ക് പരിചയമുള്ള മറ്റ് രോഗികളുടെയും വ്യക്തി ജീവിതങ്ങളുടെ കഥകളും ഡ്രാമയും ഇഴ ചേർത്തപ്പോൾ മനോഹരമായ ഒരു സിനിമ ആണ് ഉണ്ടായത്. ഇങ്ങനെ ഒരു കഥാകഥന രീതി അവലംബിച്ച ആഷിക് അബുവിനൊട് നന്ദിയുണ്ട്. രണ്ട് കാരണങ്ങളാണ്

ഒന്ന്.

കമ്യൂണിറ്റി മെഡിസിൻ ഡോക്ടർമാരെ നമ്മൾ മലയാളികൾക്ക് പരിചയമില്ല. നമ്മുടെ മനസ്സിൽ വലിയ സർജ്ജൻമ്മാരും ഓങ്കോളജിസ്റ്റുകളും, കാർഡിയോളജിസ്റ്റുമൊക്കെ ആണ് ഡോക്ടർമ്മാർ. കമ്യൂണിറ്റി മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാര്‍ ഉണ്ടെന്ന് പോലും ഭൂരിപക്ഷത്തിനും അറിയില്ല. അവർ എപ്പോഴും കർട്ടനു പുറകിലാണ്. നാട്ടിൽ വാക്സിനുകൾ എത്തിക്കാനും സാംക്രമിക രോഗങ്ങൾ പകരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുകയുമൊക്കെ ആണ് അവരുടെ ജോലിയുടെ ഒരു സിംഹഭാഗവും.

അനേകം എഴുത്തുകുത്തുകളിലും റിപ്പോർട്ടുകളിലും ഫയലുകളിലും കുടുങ്ങിയ ഒരു ജീവിതമാണ് അവരുടേത്. നിപ പോലുള്ള മാരകമായ പകർച്ച വ്യാധികൾ ഉണ്ടാകുമ്പഴും അതിന്റെ പ്രതിരോധവും വ്യാപനം തടയാനുള്ള പോം വഴികളും ആലോചിക്കണ്ടവരാണ് അവർ. മെഡിക്കൽ കോളേജിലെ ഇ.ആറിൽ ചുറ്റും നിൽക്കുന്നവർക്ക് ഓഡർ കൊടുത്ത് ഓടി നടക്കുന്നവരുടെ ഇടയിൽ അവരെ കാണില്ല. കാഷ്വാലിറ്റിയിൽ രോഗിയെ എത്തിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് അവർ അപ്പോൾ. മെഡിസിൻ എന്ന സയൻസിനെ ജനങ്ങളുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണ് അവർ. നിപയുടെ പുറകിലെ കമ്യുണിറ്റി മെഡിസിന്റെ പ്രസക്തിയെ മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുത്തതിന് നന്ദി.

രണ്ട്.

സിനിമ ഒരു മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്ന് തീരുമാനിച്ചപ്പോൾ ആഷിക് അബുവിന് സേതു രാമയ്യർ പോലൊരു പുരുഷനെ ഡിക്ടക്ടീവായി അവതരിപ്പിക്കാമായിരുന്നു.

ട ട്ട ട്ട ട ഡ ട്ടാ എന്നൊക്കെ മ്യൂസിക്കുമിട്ട് പിറകിൽ കൈ കെട്ടി മുറുക്കി ചുവപ്പിച്ച് തീക്ഷണമായ കണ്ണുകൾ കുത്തിയിറക്കി ചോദ്യം ചെയ്യുന്നവരിൽ നിന്ന് ഉത്തരങ്ങൾ പിടിച്ചു വാങ്ങുന്ന ഒരു അമാനുഷിക നായകനെ ഈ ജോലി ഏൽപ്പിക്കാമായിരുന്നു. പക്ഷെ വൈറസിലെ ഡിക്ടറ്റീവ് ഒരു സ്ത്രീയാണ്. കമ്യൂണിറ്റി മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന നാണം കുണുങ്ങിയായ ഒരു വീട്ടമ്മ. പാർവ്വതിയാണ് അനു എന്ന ഈ ഡോക്ടറെ അവതരിപ്പിക്കുന്നത്. ഒരു സ്ത്രീയെ തിരഞ്ഞെടുത്തതിൽ ആഷിക് അബുവിന്റെ രാഷ്ട്രീയം ഉണ്ടായിരിക്കാം. പക്ഷെ അതിലും ഉപരിയായി ഈ മെഡിസിൻ എന്ന കരിയറിന്റെ ഉള്ളുകള്ളികൾ മനസ്സിലാക്കിയ ആ നിരീക്ഷണ പാടവത്തിനാണ് എന്റെ സല്യൂട്ട്.

കമ്യൂണിറ്റി മെഡിസിൻ ഇൻഡ്യയിലെ ഡോക്ടർമാരുടെ ഇടയിൽ വലിയ ഗ്ലാമറില്ലാത്ത ഒരു പി.ജി ഓപ്ഷനാണ്. പ്രൈവറ്റ് പ്രാക്ടീസിന് സാദ്ധ്യത ഇല്ല എന്ന് മാത്രമല്ല ഈ പ്രൊഫഷൻ തെരഞ്ഞെടുക്കാൻ പലരും മടിക്കുന്നത്. പോളിസി രൂപീകരണവും അതിന്റെ ഇമ്പ്ലിമെന്റേഷനുമാണ് ജോലിയുടെ മുഖ്യ ഘടകം. പിന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പു ചുമതലയും. അതിനാൽ ഒരു മല്ലു പിടിച്ച പണിയാണ്. ഇൻസ്‌‌റ്റന്റ് ഗ്രാറ്റിഫിക്കേഷൻ ലഭിക്കുന്ന അവസരങ്ങൾ തീരെ ഇല്ല.

നിപ പോലുള്ള ഹൈ പ്രൊഫൈൽ സാംക്രമിക രോഗങ്ങൾ ഉണ്ടാകുമ്പോൾ പോലും അതിന്റെ മുൻനിര പോരാളികളായി നിൽക്കുമ്പോഴും, ടി.വിയിലോ പത്രത്തിലോ ഒന്നും കമ്യൂണിറ്റി മെഡിസിൻ ഡോക്ടർമാരെ കാണില്ല. ഗ്ലാമറില്ലാത്ത ജോലിയാകുന്നത് ഇത് കൊണ്ടൊക്കെ ആണ്. അതിനാൽ തന്നെ സ്ത്രീകളാണ് കമ്യൂണിറ്റി മെഡിസിൻ തിരഞ്ഞെടുക്കാറ്. ഓണ്‍ കോളുകളും, നൈറ്റ് ഷിഫ്റ്റുകളും സാധാരണ ഉണ്ടാവാറില്ല. അതിനാൽ ഒരു ബാലൻസ്ഡ് കുടുംബ ജീവിതം ആഗ്രഹിക്കുന്നവരുടെ ഒരു ഓപ്ഷനാണ് കമ്യൂണിറ്റി മെഡിസിൻ. കുടുബത്തിനു വേണ്ടി സ്ത്രീകളാണല്ലൊ കരിയർ ത്യജിക്കാൻ മുതിരുക. അതിനാലാണ് കമ്യൂണിറ്റി മെഡിസിനിൽ സ്ത്രീകൾ അധികമാകാൻ കാരണം.

മറ്റ് പി.ജി ക്കാർ കമ്യൂണിറ്റി മെഡിസിൻകാരെ ഒന്ന് താഴ്ത്തികെട്ടുന്നതും കണ്ടിട്ടുണ്ട്. അനു ഡോക്ടറുടെ ഭർത്താവ് ഒരു ജനറൽ മെഡിസിൻ ഫിസിഷ്യനാണ്. ഭാര്യയുടെ കമ്യൂണിറ്റി മെഡിസിനെ പുള്ളിയും അറിയാതെ ആണെങ്കിലും പരിഹസിക്കുന്നുണ്ട്. ഇതിൽ നിന്ന്, ആഷിക് അബു ഡോക്ടർമാരുടെ ഇടയിലെ ഈ വേർതിരുവകളെ കൄത്യമായി നിരീക്ഷിച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ.

അത് കൊണ്ട്, കമ്യൂണിറ്റി മെഡിസിനെ മലയാളികൾക്ക് പരിചയപ്പെടുത്തിയതും, ഒരു സ്ത്രീയെ തന്നെ പ്രോട്ടോഗൊണിസ്റ്റായി അവതരിപ്പിക്കാൻ ശ്രമിച്ചതും ഈ സിനിമയുടെ ഹൈലൈറ്റ് ആണ്. ചുരുക്കി പറഞ്ഞാൽ മലയാളത്തിൽ അടുത്തിറങ്ങിയ നല്ല സിനിമ മാത്രമല്ല വൈറസ്, ശക്തമായ ഒരു സ്ത്രീപക്ഷ സിനിമയുമാണ് വൈറസ്.

പി.എസ്. ക്ലൈമാക്സ് സീനിന് ഒരു ഡബിൾ ഉമ്മ :-) ലവ്ഡ് ഇറ്റ്