LiveTV

Live

Entertainment

‘സൗഹൃദം വെറും തേങ്ങയല്ല’; മീ ടൂ ആരോപണങ്ങളില്‍ അലന്‍സിയറിന് പറയാനുള്ളത്... 

‘സൗഹൃദം വെറും തേങ്ങയല്ല’; മീ ടൂ ആരോപണങ്ങളില്‍ അലന്‍സിയറിന് പറയാനുള്ളത്... 

സൗഹൃദം വെറും തേങ്ങയല്ലെന്നും മീ ടു ആരോപണം വന്ന സമയത്ത് കൂടെ നിന്നത് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലെ സഹതാരങ്ങളായിരുന്നെന്നും നടന്‍ അലന്‍സിയര്‍. അന്ന് ബിജു മേനോന്‍, സന്ദീപ് സേനന്‍, സുധി കോപ്പ തുടങ്ങിയവരൊക്കെ നല്‍കിയ പിന്തുണയും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കാന്‍ കാരണം എന്നും അലന്‍സിയര്‍ പറയുന്നു. കൊമേഴ്‌സ്യല്‍ സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ തന്നെയും തന്റെ കുടുംബത്തേയും വിളിച്ച് പിന്തുണ അറിയിച്ചിരുന്നു എന്നും അലന്‍സിയര്‍ വ്യക്തമാക്കുന്നു. തനിക്കെതിരായ മീടു ആരോപണങ്ങളില്‍ മറുപടിയുമായാണ് നടന്‍ അലന്‍സിയര്‍ രംഗത്തുവന്നത്. നടി ദിവ്യ ഗോപിനാഥാണ് അലൻസിയറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ടു പോകാറുണ്ടെന്നും ദിവ്യാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും അവരോട് നേരത്തെ തന്നെ താന്‍ ക്ഷമ ചോദിച്ചിട്ടുള്ളതാണെന്നും അലന്‍സിയര്‍ പ്രതികരിച്ചു. ഒരു ‌സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ വിവാദങ്ങളോട് പ്രതികരിച്ചത്.

മൂന്ന് വര്‍ഷമായി മാത്രം തന്നെ അറിയാവുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷത്തെ പരിചയമുള്ളവര്‍ തള്ളിപ്പറയുകയാണ് ചെയ്തതെന്നും അത് ഏറെ മനപ്രയാസം ഉണ്ടാക്കിയെന്നും അലന്‍സിയര്‍ പറഞ്ഞു. ആ ദിവസങ്ങളില്‍ ബിജു മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഒരു വീട്ടിലായിരുന്നു താന്‍ താമസിച്ചിരുന്നതെന്നും, മറിച്ച് ഹോട്ടലില്‍ ആയിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു എന്നും അലന്‍സിയര്‍ പറയുന്നു.

അലന്‍സിയറിനെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് ദിവ്യയ്ക്ക് പിന്തുണയുമായി ആഷിഖ് അബുവും ശ്യാം പുഷ്ക്കരനും രംഗത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു. സൗഹൃദം തേങ്ങയാണെന്നും മനുഷ്യത്വമാണ് ഏറ്റവും വലുത് എന്നായിരുന്നു ഇരുവരും വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ സൗഹൃദം വെറും തേങ്ങയല്ല എന്ന് തിരിച്ചറിഞ്ഞത് ആ ദിവസങ്ങളില്‍ ആയിരുന്നു എന്നാണ് അലന്‍സിയര്‍ പരമാര്‍ശങ്ങളോടുള്ള പ്രതികരണമായി തുറന്നുപറഞ്ഞത്.