LiveTV

Live

Entertainment

‘ഫരീദാബാദില്‍ നടക്കുന്നത് പിടിച്ചുപറി’; ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ വേദിയിലിരുത്തി സംവിധായകന്‍ രഞ്ജിത്തിന്റെ പരസ്യ പരാതി

‘ഫരീദാബാദില്‍ നടക്കുന്നത് പിടിച്ചുപറി’; ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ വേദിയിലിരുത്തി സംവിധായകന്‍ രഞ്ജിത്തിന്റെ പരസ്യ പരാതി

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ വേദിയിലിരുത്തി കേന്ദ്ര സര്‍ക്കാര്‍ ഓഫീസിനെതിരെ സംവിധായകന്‍ രഞ്ജിത്തിന്റെ പരസ്യപരാതി. സിനിമയില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അനുമതിക്ക് വേണ്ടി ഫരീദാബാദിലെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫീസ് പിടിച്ചുപറിയും പകല്‍കൊള്ളയുമാണ് നടത്തുന്നതെന്നാണ് രഞ്ജിത്തിന്റെ പരാതി. ഗുഡ്‌നൈറ്റ് മോഹന്‍ എഴുതിയ പുസ്തകത്തിന്റെ  കോഴിക്കോട്ടെ പ്രകാശന ചടങ്ങില്‍ വെച്ചായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ വേദിയിലിരുത്തി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ രഞ്ജിത്ത് ആഞ്ഞടിച്ചത്.

അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫീസ് മദ്രാസില്‍ നിന്ന് ഫരീദാബാദിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് സിനിമാനിര്‍മ്മാതാക്കള്‍ വലിയരീതിയില്‍ പിടിച്ചുപറിക്ക് ഇരയാകുകയാണെന്നും സംവിധായകന്‍ പറഞ്ഞു. രഞ്ജിത്ത് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ഡ്രാമ എന്ന സിനിമയില്‍ കുതിരകളെ ഉപയോഗിച്ചതിന് ആ ഭാഗം തന്നെ വെട്ടിമാറ്റേണ്ടി വന്നുവെന്ന് രഞ്ജിത്ത് പറയുന്നു. അഞ്ച് ലക്ഷം രൂപയാണ് ഫരീദാബാദിലെ ഓഫീസ് സാധാരണ ചോദിക്കാറെന്നും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ ആരോഗ്യ സാക്ഷ്യപത്രത്തിന് പോയപ്പോള്‍ അവിടെ ഓഫീസില്‍ രണ്ട്-മൂന്ന് ദിവസം സ്റ്റാഫില്ലാത്തതിനാലും റിലീസ് തിയതി നേരത്തെ തീരുമാനിച്ചതിനാലും ആ സീന്‍ ഒഴിവാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും രഞ്ജിത്ത് പറഞ്ഞു.

നേരത്തെ ഇന്ത്യയിലെ ചിത്രീകരണത്തിന് മൃഗങ്ങളെ ഉപയോഗിക്കുന്ന സിനിമകള്‍ക്കാണ് മൃഗസംരക്ഷണ ബോര്‍ഡിന്റെ എന്‍.ഒ.സി വേണ്ടത്. പുറം രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് സാധാരണ ആവശ്യപ്പെടാറില്ല. പക്ഷെ ചെന്നൈയിലുണ്ടായിരുന്ന അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫീസ് ഫരീദാബാദിലേക്ക് മാറ്റിയതിന് ശേഷമാണ് ഇത്തരത്തില്‍ നിയമം വന്നതെന്നും രഞ്ജിത്ത് പറഞ്ഞു.