LiveTV

Live

Entertainment

പഴയ ഈ കോളേജ് മാഗസിന് ഒരു പ്രത്യേകതയുണ്ട്; ഇതിലെ പ്രതിഭകളെല്ലാം ഇന്ന് താരങ്ങളാണ്! 

പഴയ ഈ കോളേജ് മാഗസിന് ഒരു പ്രത്യേകതയുണ്ട്; ഇതിലെ പ്രതിഭകളെല്ലാം ഇന്ന് താരങ്ങളാണ്! 

എണ്‍പതുകളുടെ രണ്ടാം പാദത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പുറത്തിറക്കിയ മാഗസിന് ഒരു പ്രത്യേകതയുണ്ട്. ഈ മാഗസിനില്‍ പ്രതിഭകളായി കൊടുത്തവരെല്ലാം ഇന്ന് മലയാള സിനിമയില്‍ പ്രശസ്തരാണ്. സിനിമാസംവിധായകനായ ജി. ഹിരണ്‍, ഗാനരചയിതാവായ അന്‍വര്‍ അലി, നടന്മാരായ അലന്‍സിയര്‍ ലേ ലോപസ്, എ.എസ് ജോബി, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, മലയാളത്തിലെ പ്രശസ്ത സാഹിത്യ നിരൂപകനും എഡിറ്ററുമായ ഡോ. പി കെ രാജശേഖരൻ എന്നിവരാണ് എണ്‍പതുകളിലെ ആ മാഗസിനിലെ പ്രതിഭകള്‍. സിനിമാപാരഡൈസോ ക്ലബ് എന്ന ഫേസ്ബുക്ക് സിനിമാഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ നിന്നാണ് മാഗസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.


1) ഡി ജ്യോതി - വിവരങ്ങള്‍ ലഭ്യമല്ല

2) എ.എസ്‌ ജോബി - അഞ്ച് വര്‍ഷക്കാലം കേരളാ യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ മിമിക്രി / മോണോ ആക്റ്റ് വിഭാഗങ്ങളിലെ ഒന്നാം സ്ഥാനക്കാരന്‍. യൂണിവേഴ്സിറ്റി കലാപ്രതിഭ പുരസ്കാരവും നേടി. ബാലചന്ദ്രമേനോന്റെ "അച്ചുവേട്ടന്റെ വീട്" സിനിമയിലൂടെയായിരുന്നു സിനിമാ പ്രവേശനം. അമ്പതോളം സിനിമകളില്‍ അഭിനയിച്ചു. 2018-ല്‍ 'മണ്ണാങ്കട്ടയും കരിയിലയും' എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ജ്യൂറിയുടെ പ്രത്യേക പരാമര്‍ശം നേടുകയുമുണ്ടായി. ദൂരദര്‍ശന്‍ മലയാള സംപ്രേഷണം ആരംഭിച്ച കാലം മുതല്‍ ഇന്നു വരെ ടെലിവിഷന്‍ പരിപാടികളിലെ സ്ഥിരസാന്നിദ്ധ്യം കൂടിയാണ് ജോബി.

3) അന്‍വര്‍ അലി : കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ഡോക്യുമെന്ററി ഫിലിം മേക്കർ എന്നീ നിലകളില്‍ പ്രശസ്തന്‍. 1984 മുതല്‍ ആനുകാലികങ്ങളില്‍ കവിത എഴുതുന്നു. കവി ആറ്റൂർ രവിവർമ്മയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ സംവിധായകന്‍..ടോട്ടോ ചാനെ മലയാളിക്ക് പരിചയപ്പെടുത്തിയ വിവര്‍ത്തകന്‍, മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ മാര്‍ഗ്ഗം സിനിമയുടെ സഹ തിരക്കഥാകൃത്ത്... അന്നയും റസൂലും സിനിമയിലൂടെ സിനിമാ ഗാനരചനയിലേക്ക് കടന്നു വന്നു...'ആരു നിന്റെ നാവികന്‍', 'വഴിവക്കില്‍' (അന്നയും റസൂലും), 'തെരുവുകള്‍ നീ' 'ഊരാകെ കലപില' (സ്റ്റീവ് ലോപസ്), 'കിസ പാതിയില്‍' (കിസ്മത്ത്), 'പുഴു പുലികള്‍', 'പറ പറ' (കമ്മട്ടിപ്പാടം), 'മിഴിയില്‍ നിന്നും' (മായാനദി), 'കിനാവ് കൊണ്ടൊരു' (സുഡാനി), 'മിഴി നിറഞ്ഞു' , 'ഉടലിന്‍' (ഈട), ചെരാതുകള്‍ (കുമ്പളങ്ങി നൈറ്റ്സ്) തുടങ്ങിയ മികച്ച ഗാനങ്ങളുടെ രചയിതാവുമാണ് അന്‍വര്‍ അലി

4) മഹേഷ് ബി aka മഹേഷ് പഞ്ചു :
യൂണിവേഴ്സിറ്റി കലോല്‍സവങ്ങളിലും മറ്റു നാടക മല്‍സരങ്ങളിലുമൊക്കെ മികച്ച നടനുള്ള പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ മഹേഷ് പഞ്ചു ഇപ്പോൾ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയാണ്. വര്‍ഷങ്ങളായി IFFK-യുടെ പ്രധാന സാരഥിമാരില്‍ ഒരാള്‍.

5) ജി ഹിരണ്‍ :
കാഴ്ചയ്ക്കപ്പുറം, കല്യാണ ഉണ്ണികള്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത്... ആകാശവാണി കോഴിക്കോട്, മഞ്ചേരി നിലയങ്ങളുടെ ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടീവും കൊച്ചി എഫ് എം നിലയത്തിന്റെ പ്രോഗ്രാം എക്സിക്യൂട്ടീവുമായിരുന്നു. 'മഹാകവി മോയിന്‍കുട്ടി വൈദ്യര്‍' എന്ന റേഡിയോ നാടകം എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ആകാശവാണി മഞ്ചേരി നിലയം പ്രഭാത പ്രക്ഷേപണം ആരംഭിച്ച കാലം മുതൽക്കുള്ള അവതരണ ഗാനമായ "മഞ്ഞണിയും മലനിരയും" -ന്റെ രചയിതാവുമാണ് ഹിരണ്‍. 2017-ല്‍ നിര്യാതനായി

പഴയ ഈ കോളേജ് മാഗസിന് ഒരു പ്രത്യേകതയുണ്ട്; ഇതിലെ പ്രതിഭകളെല്ലാം ഇന്ന് താരങ്ങളാണ്! 

6) ഡോ. പി കെ രാജശേഖരൻ :
മലയാളത്തിലെ പ്രശസ്ത സാഹിത്യ നിരൂപകനും എഡിറ്ററും. 1997-ല്‍ മികച്ച സാഹിത്യ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

7) അരുണ്‍ ടി ജി - വിവരങ്ങള്‍ ലഭ്യമല്ല

8) അലന്‍സിയര്‍ ലിയോ aka അലന്‍സിയര്‍ ലോപസ് :
സര്‍വ്വകലാശാല തലത്തിൽ തന്നെ മികച്ച നടനുള്ള പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അലന്‍സിയര്‍ പിന്നീട് നാടക / ടെലിവിഷന്‍ രംഗങ്ങളില്‍ സജീവമായി. ഛായാഗ്രാഹകൻ വേണു ആദ്യമായി സംവിധാനം ചെയ്ത 'ദയ'യിലൂടെ സിനിമാ രംഗത്ത് പ്രവേശിച്ചുവെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് രവിയുടെ 'ഞാന്‍ സ്റ്റീവ് ലോപ്പസി'ലൂടെയാണ് ശ്രദ്ധ നേടുന്നത്. ദിലീഷ് പോത്തന്റെ 'മഹേഷിന്റെ പ്രതികാര'ത്തിലൂടെ മുഖ്യധാരാ സിനിമയുടെ ഭാഗമായി മാറി.