LiveTV

Live

Entertainment

തിരിച്ചുവരവിനായി ഇത്ര കാത്തിരിപ്പ് എന്തിനായിരുന്നു; സംവൃത പറയുന്ന ഈ സത്യങ്ങള്‍ വിശ്വസിച്ചേ മതിയാകൂ...

എന്ത് കൊണ്ട് തിരിച്ചുവരാന്‍ തീരുമാനിച്ചുവെന്നും ആ തിരിച്ചുവരവിന് എന്തിന് ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രം തെരഞ്ഞെടുത്തു എന്നും നടി സംവൃത പറയുന്നു

തിരിച്ചുവരവിനായി ഇത്ര കാത്തിരിപ്പ് എന്തിനായിരുന്നു; സംവൃത പറയുന്ന ഈ സത്യങ്ങള്‍ വിശ്വസിച്ചേ മതിയാകൂ...

ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ബിജു മേനോന്‍ ചിത്രത്തിലൂടെ ഒരു ഇടവേളക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ് മലയാളത്തിന്‍റെ പ്രിയ നായിക സംവൃത സുനില്‍. കല്യാണത്തിന് ശേഷം അമേരിക്കയില്‍ സ്ഥിര താമസമാക്കിയ നടി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത്. എന്ത് കൊണ്ട് തിരിച്ചുവരാന്‍ തീരുമാനിച്ചുവെന്നും ആ തിരിച്ചുവരവിന് എന്തിന് ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രം തെരഞ്ഞെടുത്തു എന്നും നടി സംവൃത പറയുന്നു.

സിനിമയില്‍ നിന്നും വിട്ടുനിന്നപ്പോള്‍ പോലും നല്ല ചിത്രങ്ങള്‍ കാണാറുണ്ടായിരുന്നു. ഈ ഒരു ഇടവേളക്കിടെ ഒരുപാട് മാറ്റങ്ങള്‍ മലയാള സിനിമക്കും സിനിമ ആസ്വദിക്കുന്നവര്‍ക്കിടയിലും സംഭവിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് സിനിമയിലെ റിയലിസം തന്നെയാണ്. സ്വപ്നം കാണുമ്പോള്‍ അമേരിക്കയിലേക്ക് പാട്ട് പാടാന്‍ പോകുന്നതില്‍ നിന്നും എത്രയോ സിനിമ മാറിയിരിക്കുന്നു. വളരെ ചെറിയ കഥയാണെങ്കിലും രണ്ടര മണിക്കൂര്‍ പ്രേക്ഷകനെ പിടിച്ചു നിര്‍ത്താന്‍ ഈ സിനിമകള്‍ക്ക് സാധിക്കുന്നു. അത് കൊണ്ട് തന്നെ പല സിനിമകള്‍ കാണുമ്പോഴും ഞാനും ഇതിന്‍റെ ഭാഗമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. അതില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളായിരുന്നു സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോയുടെ സംവിധായകന്‍റെ ആദ്യ ചിത്രമായ ഒരു വടക്കന്‍ സെല്‍ഫിയും തിരക്കഥാകൃത്തിന്‍റെ തൊണ്ടിമുതലും ദൃക്സാക്ഷിയുമെല്ലാം. അതുകൊണ്ട് തന്നെ, ഇതുപോലൊരു ടീമില്‍ നിന്ന് മികച്ച രീതിയിലുള്ള ഒരു സിനിമയില്‍ ഭാഗമാവാന്‍ സാധിച്ചതിനാലാണ് പ്രധാനമായും സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ തെരഞ്ഞെടുക്കാന്‍ കാരണം.’ സംവൃത പറയുന്നു.

ബിജു മേനോനാണ് തന്നെ സിനിമയിലേക്ക് ആദ്യം ക്ഷണിച്ചതെന്നും ശേഷം തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ കഥ പറഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ടെന്നും സംവൃത പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം റിയാലിറ്റി ഷോയില്‍ ജഡ്ജായി വന്നപ്പോഴാണ് ക്യാമറക്ക് മുന്നില്‍ വരുമ്പോള്‍ താന്‍ എത്ര സന്തോഷവതിയാണെന്ന് തിരിച്ചറിഞ്ഞതെന്നും, ഒരുപാട് ഓഫറുകള്‍ അതിനിടയില്‍ വന്നിരുന്നെങ്കിലും അതിന് ശേഷമാണ് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും സംവൃത പറയുന്നു.