LiveTV

Live

Entertainment

മാധ്യമങ്ങളുമായുള്ള കങ്കണയുടെ പോര്; നിര്‍മ്മാണ കമ്പനി മാപ്പ് പറഞ്ഞു

കങ്കണയുടെ മുന്‍ ചിത്രം ‘മണികർണിക’യെ കുറിച്ച് വിമർശനം ഉന്നയിച്ചതാണ് നടിയെ പ്രകോപിപ്പിച്ചത്.

മാധ്യമങ്ങളുമായുള്ള കങ്കണയുടെ പോര്; നിര്‍മ്മാണ കമ്പനി മാപ്പ് പറഞ്ഞു

സിനിമാ പ്രമോഷനിടെ മാധ്യപ്രവർത്തകനുമായി കൊമ്പുകോർത്ത കങ്കണ കങ്കണ റണൗട്ടിന്റെ നടപടിയിൽ മാപ്പ് പറഞ്ഞ് നിർമ്മാണ കമ്പനി. പ്രമോഷൻ പരിപാടിക്കിടെ മാധ്യമപ്രവർത്തകനോട് കയർത്ത നടിക്കെതിരെ എന്റർടെെൻമെന്റ് ജേർണലിസ്റ്റുകളുടെ സംഘടന നേരത്തെ ബഹിഷ്കരണ ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു.

കങ്കണ പ്രധാനവേഷത്തിലെത്തുന്ന ‘ജഡ്ജ്മെന്റൽ ഹെ ക്യാ’ എന്ന ചിത്രത്തിന്റെ സോങ് ലോഞ്ചിങ് പരിപാടിക്കിടെയാണ് പി.ടി.ഐ മാധ്യമപ്രവർത്തകനായ ജസ്റ്റിൻ റാവുവുമായി നടി വാക്പോരിൽ ഏർപ്പെട്ടത്. കങ്കണയുടെ മുന്‍ ചിത്രം ‘മണികർണിക’യെ കുറിച്ച് വിമർശനം ഉന്നയിച്ചതാണ് നടിയെ പ്രകോപിപ്പിച്ചത്. മാധ്യമങ്ങളുമായുള്ള ചോദ്യോത്തര പരിപാടിക്കിടെയായിരുന്നു മണികർണികക്കെതിരെ റാവു ക്യാംപെയിൻ നടത്തിയെന്ന് കങ്കണ ആരോപിച്ചത്. എന്നാൽ ഇതിന് തെളിവ് ചോദിച്ച ജസ്റ്റിൻ റാവുവിനോട് അത് പിന്നീട് വ്യക്തമാക്കാമെന്നാണ് നടി പറഞ്ഞത്.

സംഭവത്തെ തുടർന്ന് പ്രസ്താവന ഇറക്കാൻ ചിത്രത്തിന്റെ നിർമ്മാതാവ് ഏക്താ കപൂറിന് മാധ്യമപ്രവർത്തകരുടെ സംഘടന കത്തെഴുതിയിരുന്നു. ഇതേ തുടർന്നാണ് പ്രൊഡക്ഷൻ കമ്പനിയായ ബാലാജി ടെലിഫിലിംസ് മാപ്പ് പറ‍ഞ്ഞ് കൊണ്ട് രംഗത്ത് എത്തിയത്. പ്രമോഷൻ പരിപാടിക്കിടെ അനിഷ്ട സംഭവങ്ങൾ നടന്നത് ദൗർഭാഗ്യകരമാണെന്നും, ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നിർമ്മാതാക്കൾ അറിയിച്ചു.

സംഭവത്തിൽ ഖേദം രേഖപ്പെടുത്തുകയും, മാപ്പ് പറയുകയും ചെയ്യുന്നു. ഈ സംഭവം ചിത്രത്തിനോ, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ അധ്വാനത്തിനോ ദോഷകരമായി ബാധിക്കരുതെന്നാണ് താൽപര്യപ്പെടുന്നതെന്നും പ്രസ്താവനയിൽ നിര്‍മ്മാണ കമ്പനി അറിയിച്ചു. സംഭവത്തെ തുടർന്ന് കങ്കണയെ ബഹിഷ്കരിക്കാനും, നടിക്ക് മീഡിയാ കവറേജ് നൽകേണ്ടതില്ലെന്നും സംഘടന തീരുമാനിക്കുകയായിരുന്നു.