LiveTV

Live

Entertainment

കിരൺ റാവുവിന്റെ ആ ഹ്രസ്വ ചിത്രത്തിന് തിരുത്തുമായി ജെ.എൻ.യു വിദ്യാർഥികൾ

കിരൺ‌ റാവുവിനുള്ള ഫ്രണ്ട്ലി റീപ്ലെ എന്ന ഹാഷ് ടാഗോടെയാണ് വിദ്യാര്‍ഥികള്‍ ചിത്രം ഒരുക്കിയത്.

കിരൺ റാവുവിന്റെ ആ ഹ്രസ്വ ചിത്രത്തിന് തിരുത്തുമായി ജെ.എൻ.യു വിദ്യാർഥികൾ

ലിംഗ നീതിയെ കുറിച്ച് ബോളീവുഡ് താരം കിരൺ റാവു ഒരുക്കിയ പത്ത് സെക്കന്റുള്ള ചെറു ചിത്രം ഈയിടെയാണ് വലിയ ചർച്ചക്ക് വഴി വെച്ചത്. വീടകങ്ങളിൽ വരെ പെൺകുട്ടികൾ നേരിടുന്ന ‘സ്വാഭാവിക’ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം, ഭർത്താവും ബോളീവുഡ് താരവുമായ ആമിർ ഖാൻ ഷെയർ ചെയ്തതോടെ സോഷ്യൽ മീഡിയയും ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഇതിനൊരു തിരുത്തുമായി എത്തിയിരിക്കുകയാണ് ജെ.എന്‍.യുവിലെ ഒരു കൂട്ടം വിദ്യാർഥികൾ.

വീട്ടിലെ രണ്ടു മക്കൾക്കുമായി നൽകുന്ന പാലിൽ, പെൺകുട്ടിക്ക് ആൺകുട്ടിയേക്കാൾ കുറഞ്ഞ അളവിൽ പാൽ ഒഴിച്ച് നൽകുകയും, ഇത് കാണുന്ന ആൺകുട്ടി തന്റെ ഗ്ലാസില്‍ അധികമായി ഒഴിച്ച പാല്‍ പെങ്ങള്‍ക്ക് പകർന്ന് നൽകുന്നതുമായിരുന്നു കിരൺ റാവു ചിത്രീകരിച്ചിരുന്നത്. എന്നാൽ, സ്ത്രീ സമത്വവും ലിംഗ നീതിയും പറയുന്ന ഈ ചിത്രത്തിലും ആൺകോയ്മയാണ് അടിസ്ഥാനപരമായി കാണിക്കുന്നതെന്ന വാദത്തിന്റെ അടിസ്ഥാനത്തിലായുരുന്നു വിദ്യാർഥികൾ പത്ത് സെക്കൻ്റിന്റെ പുതിയ ഹ്രസ്വ ചിത്രവുമായി രംഗത്ത് വന്നത്.

കിരൺ‌ റാവുവിനുള്ള ഫ്രണ്ട്ലി റീപ്ലെ എന്ന ഹാഷ് ടാഗോടെയാണ് വിദ്യാര്‍ഥികള്‍ ചിത്രം ഒരുക്കിയത്. അനീതിക്ക് ഇരയായ പെൺകുട്ടിയെ തന്നെ കേന്ദ്രകഥാപാത്രമാക്കിയുള്ളതായിരുന്നു ജെ.എൻ.യുവിൽ നിന്നും ഇറങ്ങിയ ഈ ചിത്രത്തിന്റെ ആഖ്യാനം. സ്ത്രീ ശാക്തീകരണത്തിന് എല്ലായിപ്പോഴും പുരുഷൻ തന്നെ മുൻകയ്യെടുക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് മറുപടി ചിത്രത്തിലൂടെ വിദ്യാർഥികൾ മുന്നോട്ട് വെക്കുന്നത്.

കുറവ് പാലുള്ള പെൺകുട്ടിയുടെ ഗ്ലാസിലേക്ക് ആൺകുട്ടി ഒഴിച്ച് നൽകുന്ന പാലിന് പകരമായി, പെൺകുട്ടി തന്നെ തനിക്കെതിരെയുള്ള വിവേചനത്തെ നേരിടുകയാണ് ചിത്രത്തിൽ. ‘മാറ്റം’ എന്ന തലക്കെട്ടിൽ കിരൺ റാവു ഒരുക്കിയ കൺസെപ്റ്റ് മറ്റൊരു തരത്തിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്.

ജെ.എൻ.യു വിദ്യാർഥി കൂട്ടായ്മയിൽ നിന്നുമാണ് കൊച്ചു ചിത്രം ഒരുങ്ങിയത്. ജെ.എൻ.യു ബിരുദ വിദ്യാർഥി സിദ്ദീഖ് റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്യാമറ കെെകാര്യം ചെയ്തത് നൗഷാദ് കാളികാവാണ്. മനന്യ വിരാട്, നക്ഷ് വിരാട് എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളായി വേഷമിട്ടത്.