LiveTV

Live

Entertainment

കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രോത്സവം; ആനന്ദ് പട്‌വർധന്റെ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് കേന്ദ്രം

കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രോത്സവം; ആനന്ദ് പട്‌വർധന്റെ  ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് കേന്ദ്രം

പ്രശസ്ത ഡോക്യുമെന്‍ററി സംവിധായകൻ ആനന്ദ് പട്‌വർധന്റെ വിവേക് (റീസൺ) ഡോക്യുമെന്‍ററിക്ക് കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. സംഘപരിവാറിനെ നിശിതമായി വിമർശിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ഇളവ് നല്‍കാതെയാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം പ്രദര്‍ശനം തടഞ്ഞത്. സെന്‍സര്‍ ഇളവ് ലഭിച്ചാല്‍ മാത്രമെ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുവെന്നാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ പറയുന്നത്.

അതെ സമയം ഡോക്യുമെന്‍ററി പ്രദർശനവുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കി. കഴിഞ്ഞ 20 ദിവസമായി അനുമതിക്ക് വേണ്ടി ശ്രമിക്കുകയാണെന്നും രണ്ട് തവണ അപേക്ഷിച്ചിട്ടും വാർത്താവിനിമയ മന്ത്രാലയത്തിൽനിന്ന് മറുപടി ലഭിച്ചില്ലെന്നും അത് കൊണ്ട് പ്രദര്‍ശനം മാറ്റി വെച്ചതെന്നും കമൽ പറഞ്ഞു. ഇന്നലെയായിരുന്നു ചിത്രം പ്രദർശിപ്പിക്കേണ്ടിയിരുന്നത്. ഹൈക്കോടതി അനുമതി ലഭിക്കുന്ന പക്ഷം ഡോക്യുമെന്‍ററി ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ അവസാനദിവസമായ 26ന് പ്രദര്‍ശിപ്പിക്കുമെന്ന് കേരള ചലച്ചിത്ര അക്കാദമി അറിയിച്ചു. സംവിധായകൻ ആനന്ദ് പട്‌വർധന്റെ വിവേക് (റീസൺ) ഡോക്യുമെന്‍ററി അതെ സമയം യൂ ട്യൂബില്‍ ലഭ്യമാണ്.

സിപിഐ നേതാവായിരുന്ന ഗോവിന്ദ് പൻസാരെ, യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോൽക്കർ, മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് എന്നിവരെ തീവ്ര ഹിന്ദുസംഘടനകൾ കൊലപ്പെടുത്തിയതിനെ ചോദ്യം ചെയ്യുന്ന രൂപത്തിലായിരുന്നു വിവേക് ഒരുക്കിയിരുന്നത്. ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലെല്ലാം സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നു.

ഇതിന് മുമ്പും കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ ചലച്ചിത്രങ്ങള്‍ക്ക് പ്രദര്‍ശനം നിഷേധിച്ചിട്ടുണ്ട്. 2017-ല്‍ പി.എം രാമചന്ദ്ര സംവിധാനം ചെയ്ത ദി അൺബെയറബിൾ ബീയിങ് ഓഫ് ലൈറ്റ്നസ് (The Unbearable Being of Lightness), ഫാസിൽ എൻ.സി, ഷോൺ സെബാസ്റ്റ്യൻ എന്നിവർ സംവിധാനം ചെയ്ത ഇൻ ദി ഷെയ്ഡ് ഓഫ് ഫാളൻ ചിനാർ (In the Shade of Fallen Chinar), കാത്തു ലൂക്കോസിന്റെ മാർച്ച് മാർച്ച് മാർച്ച് എന്നീ ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചിരുന്നു. പിന്നീട് കേരള ഹൈക്കോടതി അനുമതിയോടെയാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചത്.