LiveTV

Live

Entertainment

ഐ.ഡി.എസ്.എഫ്.എഫ്.കെ: ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം പറഞ്ഞ് ‘എന്നോടൊപ്പം’ ഡോക്യുമെന്‍ററി  

ഐ.ഡി.എസ്.എഫ്.എഫ്.കെ: ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം പറഞ്ഞ് ‘എന്നോടൊപ്പം’ ഡോക്യുമെന്‍ററി  

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിതം വേറിട്ട കോണിലൂടെ പറയുകയാണ് പി അഭിജിത്ത് സംവിധാനം ചെയ്ത എന്നോടൊപ്പം എന്ന ഡോക്യുമെന്‍ററി. രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലാണ് ഡോക്യുമെന്‍ററിയുടെ ആദ്യ പ്രദര്‍ശനം. ട്രാന്‍സ് വ്യക്തിത്വങ്ങളെ കുടുംബം അംഗീകരിക്കേണ്ടതിനെ കുറിച്ചാണ് ചിത്രം പറയുന്നത്.

ട്രാന്‍സിനോടുള്ള സമൂഹത്തിന്‍റെ നിലപാടില്‍ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും കുടംബങ്ങള്‍ അവരുടെ സ്വത്വത്തെ എത്രത്തോളം അംഗീകരിക്കുന്നുവെന്നതാണ് എന്നോടൊപ്പം എന്ന ഡോക്യുമെന്‍ററിയുടെ പ്രമേയം. സ്വന്തം വ്യക്തിത്വം പുറത്തു പറയുന്നതോടെ കുടുംബം തള്ളി കളയുന്ന അവസ്ഥയാണ് ഒട്ടുമിക്ക പേരുടേതും. ട്രാന്‍സ് ദമ്പതികളുമായ ഇഷാന്‍-സൂര്യ എന്നിവരുടെയും എറണാകുളം വൈപ്പിന്‍ സ്വദേശിനിയായ മിയ ശിവറാമിന്‍റെയും ജീവിതത്തിലൂടെയാണ് ഡോക്യുമെന്‍ററി മുമ്പോട്ട് പോകുന്നത്. ഇഷാനും രക്ഷിതാക്കളുമായുള്ള ബന്ധം ഡോക്യുമെന്‍ററിയിലൂടെ വ്യക്തമാക്കുന്നുണ്ട്.

മാധ്യമം ഫോട്ടോഗ്രാഫറായ പി അഭിജിത്ത് പന്ത്രണ്ട് വര്‍ഷത്തോളമായി ഫോട്ടോഗ്രാഫിയിലൂടെയും എഴുത്തിലൂടെയുമെല്ലാം ട്രാന്‍സ് സമൂഹത്തെ പിന്തുടരുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ കുറിച്ച് ‘അവളിലേക്കൊരു ദൂരം’ എന്ന ഡോക്യുമെന്‍ററിയും നേരത്തെ അഭിജിത്ത് ഒരുക്കിയിരുന്നു. നാളെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ശ്രീ തീയറ്ററിലാണ് ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം.