LiveTV

Live

Entertainment

‘എനിക്ക് ‘തമാശ’ കാണണം, പക്ഷെ...’; നിര്‍മ്മാതാക്കളോടും മലയാളികളോടും നന്ദി പറഞ്ഞ് ഹരീഷിന്റെ കത്ത്

‘എനിക്ക് ‘തമാശ’ കാണണം, പക്ഷെ...’; നിര്‍മ്മാതാക്കളോടും മലയാളികളോടും നന്ദി പറഞ്ഞ് ഹരീഷിന്റെ കത്ത്

തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തില്‍, ഇരു കാലുകളുമില്ലാതെ ദുരിതങ്ങളില്‍ കഴിഞ്ഞിരുന്ന ഹരീഷ് എന്ന ചെറുപ്പക്കാരന്റെ കഥ ഏറെ നാളുകള്‍ക്ക് മുമ്പ് മലയാളി കേട്ടിരുന്നു. കെ.ആര്‍ സുനില്‍ എന്ന ഫോട്ടോഗ്രാഫര്‍ വഴിയാണ് ഹരീഷിന്റെ ദുരിത കഥ മലയാളി കേട്ടത്. എട്ടുവർഷം മുൻപ് കേരളം കാണാനും ഫുട്ബോൾ കളിക്കാനാവശ്യമായ ബൂട്ട്, ജഴ്സി തുടങ്ങിയവ വാങ്ങാനുമായി ലോറി ഡ്രൈവറായ പിതാവിനോടൊപ്പം കേരളത്തിലേക്കു വരവെ കുതിരാനില്‍ വെച്ച് ലോറി മറിഞ്ഞ് ഹരീഷിന്റെ ഇരു കാലുകളും നഷ്ടമാവുകയുമുണ്ടായി. ചികിത്സക്കുശേഷം തിരികേപ്പോയ ഹരീഷിനെ നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞവർഷം ഫോട്ടോഗ്രാഫറായ കെ.ആര്‍ സുനില്‍ മധുരക്കടുത്തുവെച്ച് കണ്ടെത്തുന്നത് ഹൃദയസ്പര്‍ശിയായി തന്നെ വീഡിയോ രൂപത്തില്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്നും നടക്കാനും പഴയത് പോലെ ഫുട്ബോള്‍ കളിക്കാനും ഹരീഷിന് വേണ്ട വെപ്പുകാലുകള്‍ക്ക് സഹായം നല്‍കിയിരുന്നത് സിനിമാപ്രവര്‍ത്തകരായ ആഷിക് അബു, ഷൈജു ഖാലിദ്, കെ.എം.കമൽ തുടങ്ങിയവരായിരുന്നു. സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ച അവാർഡു തുകകൾ മുഴുവനും ഹരീഷിന്റെ വെപ്പുകാലുകൾക്ക് വേണ്ടി ഇവര്‍ സംഭാവന ചെയ്തു.

‘എനിക്ക് ‘തമാശ’ കാണണം, പക്ഷെ...’; നിര്‍മ്മാതാക്കളോടും മലയാളികളോടും നന്ദി പറഞ്ഞ് ഹരീഷിന്റെ കത്ത്

എന്നാല്‍ ഇപ്പോള്‍ ഹരീഷിന് ഒരൊറ്റ ദുഖം മാത്രമേയുള്ളു. സുഡാനി ഫ്രം നൈജീരിയക്കു ശേഷം ഹാപ്പി ഹവേഴ്സ് നിർമ്മിച്ച ‘തമാശ’ സിനിമ കാണണം. അതിനായി മധുരയിൽ വരാനായി കാത്തിരിക്കുകയാണ് ഈ ചെറുപ്പക്കാരനിപ്പോള്‍. തനിക്ക് സിനിമ കാണാനുള്ള ആഗ്രഹം പങ്കുവെച്ച് കൊണ്ട് ഹരീഷ് നിര്‍മ്മാതാക്കളായ ഹാപ്പി അവേഴ്സിന് കത്ത് അയച്ചിട്ടുണ്ട്. ‘മലയാളികള്‍ നല്‍കിയ സ്നേഹവും അനുഭാവവും ഒരിക്കലും മറക്കാന്‍ കഴിയില്ല. എനിക്ക് വേഗത്തില്‍ നടക്കാനാള്ള ആത്മവിശ്വാസം നല്‍കിയത് നിങ്ങളാണ്. മധുരയില്‍ തമാശ സിനിമ വന്നാല്‍ കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.’; ഹരീഷ് സനേഹത്തോടെ കുറിച്ചു.

നവാഗതനായ അഷ്റഫ് ഹംസ എഴുതി സംവിധാനം ചെയ്ത സിനിമ മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ ജൂണ്‍ 21ന് ഇന്ത്യക്ക് പുറത്തെ തീയറ്ററുകളില്‍ റിലീസ് ചെയ്യും. ബോഡി ഷെയിമിങ് പശ്ചാത്തലമാക്കി പുറത്തിറക്കിയ ചിത്രത്തെ പ്രശംസിച്ച് സിനിമാ രംഗത്ത് തന്നെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ചിത്രത്തിൽ കോളെജ് അധ്യാപകനായി എത്തുന്ന വിനയ് ഫോര്‍ട്ടിന് പുറമെ, ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായും നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായും വേഷമിടുന്നു. നേരത്തെ മുഹ്സിൻ പരാരി എഴുതി, റെക്സ് വിജയൻ-ഷഹബാസ് അമൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈദ് റിലീസായിട്ടായിരുന്നു തിയേറ്ററുകളിലെത്തിയത്.