LiveTV

Live

Entertainment

‘കക്ഷി അമ്മിണി പിള്ള’യും ‘വകതിരിവും’ ഈ ആഴ്ച്ച തിയറ്ററുകളില്‍

പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രം സിന്ദുബാദും ധനുഷ് ചിത്രം പാക്കിരിയും  തിയറ്ററുകളിലെത്തും

‘കക്ഷി അമ്മിണി പിള്ള’യും ‘വകതിരിവും’ ഈ ആഴ്ച്ച തിയറ്ററുകളില്‍

ആസിഫലി നായകനായ കക്ഷി അമ്മിണിപിള്ളയും, വകതിരിവും മലയാളത്തില്‍ നിന്നും വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും. പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രം സിന്ദുബാദും ധനുഷ് ചിത്രം പാക്കിരിയും അന്നേ ദിവസം സിനിമാ പ്രേമികള്‍ക്ക് മുന്നിലെത്തും,

ആസിഫലിയെ അഭിഭാഷകനാക്കി നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കുന്ന ചിത്രമാണ് കക്ഷി അമ്മിണിപിള്ള. തലശ്ശേരി കോടതിയില്‍ ഡിവോഴ്സ് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളാണ് പ്രമേയം. പുതുമുഖതാരം അശ്വതി മനോഹറാണ് നായികയായി എത്തുന്നത്.

ഹരീഷ് കണാരന്‍, അഹമ്മദ് സിദ്ദീഖ്, വിജയരാഘവന്‍, ‌ബേസില്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ബിജിപാലും അരുണ്‍ മുരളീധരനും ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്.

കെ.കെ മുഹമ്മദ് അലി നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് വകതിരിവ്. മുഹമ്മദ് അല്‍ത്താഫ് നായകനായി എത്തുമ്പോള്‍ രേവതി സുധീറാണ് ചിത്രത്തിലെ നായിക. ജോയ് മാത്യു, ലാലു അലക്സ്, ശാന്തി കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകന്‍ എസ്.യു അരുണ്‍കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സിന്ധുബാദ്. വിജയ് സേതുപതിയുടെ മകന്‍ സൂര്യയുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.

പോക്കറ്റടിയില്‍ അതിവിദഗ്ധനായ ഒരാളുടെ വേഷത്തിലാണ് വിജയ് സേതുപതിയെത്തുന്നത്. അഞ്ജലിയാണ് നായിക. കാമുകിയെ തേടി വിജയ് സേതുപതിയുടെ കഥാപാത്രം നടത്തുന്ന യാത്രയും നേരിടുന്ന വെല്ലുവിളിയുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീറിന്റെ തമിഴ് പതിപ്പാണ് പാക്കിരി. കെന്‍ സ്കോട്ടാണ് സംവിധാനം. മാരി 2വിന് ശേഷം ധനുഷിന്റേതായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രമാണ് പാക്കിരി.