LiveTV

Live

Entertainment

കുട്ടപ്പായി വരുന്നു, കുഞ്ഞുങ്ങളെ കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ടുപോകാന്‍..

കുട്ടികള്‍ കാണേണ്ട, കാണാതെ പോയ ലോകമാണ് കുട്ടപ്പായി അവരെ കാണിക്കുന്നത്.

കുട്ടപ്പായി വരുന്നു, കുഞ്ഞുങ്ങളെ കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ടുപോകാന്‍..

അമ്മിയിലരച്ച ചമ്മന്തി കഴിക്കാന്‍ തോന്നുന്നു എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആരോടെങ്കിലും പറയുന്നത് കേട്ടാല്‍ അതെന്താണ് അമ്മേ എന്ന് ചോദിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. അമ്മി എന്നൊരു സാധനം പണ്ടുകാലത്ത് അടുക്കളയില്‍ ഉണ്ടായിരുന്നുവെന്നും, തേങ്ങ ചിരകി അതില്‍വെച്ച് അരച്ചെടുക്കാറുണ്ടായിരുന്നെന്നും പറഞ്ഞാല്‍ കുട്ടികള്‍ വായും പൊളിച്ച് നില്‍ക്കും.. അവര്‍ക്കൊന്നും മനസ്സിലാകില്ല.. എന്നാല്‍ അതവരെ മനസ്സിലാക്കിപ്പിക്കാനുള്ള വഴിയെന്ത് എന്ന അപര്‍ണ വിശ്വനാഥിന്‍റെ അന്വേഷണമാണ് കുട്ടപ്പായി... കുട്ടപ്പായി ഒരു ആനിമേറ്റഡ് വെബ്ബ് സീരീസാണ്. അതിന്‍റെ ടൈറ്റില്‍ സോംഗ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

''കുട്ടികള്‍ക്ക് മാംഗോ എന്താണെന്ന് അറിയാം പക്ഷേ, മാവ് എന്താണെന്ന് അറിയില്ല.. അതിലുണ്ടാകുന്ന ഫലമാണ് മാങ്ങ എന്ന് അറിയില്ല. ചക്ക ചുളകളെ സൂപ്പര്‍മാര്‍ക്കറ്റ് പാക്കറ്റില്‍ കണ്ടിട്ടേയുള്ളു അവര്‍. ചക്ക എങ്ങനെയിരിക്കും എന്നവര്‍ക്കറിയില്ല. ഇതൊക്കെ അവരെ അനുഭവിപ്പിക്കേണ്ടതുണ്ട്..'' അപര്‍ണ പറയുന്നു.

''പ്രകൃതിയെ തിരിച്ചു പിടിക്കാന്‍ പഴമയിലേക്ക് തിരിച്ചുനടക്കാനാണ് ഭരണകൂടം പോലും നമ്മെ പ്രേരിപ്പിക്കുന്നത്. പ്ലാസിക് നിര്‍മാര്‍ജനം ഒരു ചോദ്യചിഹ്നമായപ്പോള്‍ തുണിസഞ്ചി ശീലമാക്കാനുള്ള ആഹ്വാനങ്ങള്‍, കെട്ടിടനിര്‍മ്മാണത്തിന് അനുമതി കിട്ടണമെങ്കില്‍ മരങ്ങള്‍ നട്ടിരിക്കണമെന്ന നിയമങ്ങള്‍ എല്ലാം വരുന്നത് അങ്ങനെയാണ്.. ആ തിരിച്ചു നടത്തം വേഗത്തിലാക്കാനുള്ള വഴികളാണ് കുട്ടപ്പായി എന്ന ആനിമേറ്റഡ് വെബ്ബ് സീരീസ്...

വല്ല കല്യാണങ്ങള്‍ക്കോ മരണങ്ങള്‍ക്കോ മറ്റോ പോയിവരിക എന്നത് മാത്രമാണ് കുട്ടികള്‍ക്ക് നാടുമായുള്ള ബന്ധം. സമ്മര്‍വെക്കേഷന്‍ എന്നാല്‍ പണ്ട് കുട്ടികള്‍ക്ക് നാട്ടിന്‍പുറങ്ങളിലേക്കുള്ള യാത്രകളായിരുന്നു. പറമ്പില്‍ നടന്ന്, കുളത്തില്‍ കുളിച്ച് കുട്ടികള്‍ ആ മാസങ്ങളിലെങ്കിലും കുട്ടികള്‍ പ്രകൃതിയെ അറിഞ്ഞിരുന്നു. ഇന്ന് സമ്മര്‍ക്യാമ്പില്‍ സിമ്മിംഗ് പൂളില്‍ നീന്തല്‍ പഠിക്കുകയാണ് അവരുടെ അവധിക്കാലം.

അപര്‍ണ വിശ്വനാഥ്
അപര്‍ണ വിശ്വനാഥ്

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള കമ്യൂണിക്കേഷന്‍ ഗ്യാപ് ഇന്ന് കൂടി വരികയാണ്. സെക്കന്‍റ് പാരന്‍റ് ഇന്ന് മൊബൈലോ ടാബോ ഒക്കെയാണ്. കുട്ടികള്‍ ചോദ്യം ചോദിച്ചാണ് വളരേണ്ടത്, ചുറ്റുപാടുകളെ നിരീക്ഷിച്ചാണ് വളരേണ്ടത്.. അതിനെ അവരെ കുട്ടപ്പായി പ്രേരിപ്പിക്കും. കുട്ടപ്പായി കാണിച്ചു കൊടുക്കുന്ന ലോകത്തുള്ള വസ്തുക്കള്‍ നമ്മുടെ വീട്ടിലുണ്ടോ അടുക്കളയിലുണ്ടോ എന്നൊക്കെ അവര്‍ അന്വേഷിക്കും. അവര് കാണേണ്ട, കാണാതെ പോയ ലോകമാണ് കുട്ടപ്പായിലൂടെ നമ്മള്‍ അവരെ കാണിക്കുന്നത്.

കുട്ടികളുടെ കാര്യം മാത്രമല്ല, വിദേശങ്ങളില്‍ ജീവിക്കുന്ന മുതിര്‍ന്നവരുടെ അവസ്ഥയും ഇതുതന്നെയാണ്. ഒരു ഭാഷ നമ്മള്‍ തീരെ ഉപയോഗിച്ചില്ലെങ്കില്‍ ആ ഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ നമ്മള്‍ അറിയാതെ പോകും. നാട്ടില്‍ പഠിച്ചു വളര്‍ന്ന പലര്‍ക്കും വിദേശത്ത് താമസമാക്കിയപ്പോള്‍ മലയാളം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാകുന്നത് അതുകൊണ്ടാണ്. അങ്ങനെയുള്ള മുതിര്‍ന്നവര്‍ക്കും മറ്റൊരു അനുഭവമായിരിക്കും കുട്ടപ്പായി...'' അപര്‍ണ വിശദീകരിക്കുന്നു

കുട്ടപ്പായി, അത് മലയാളികള്‍ക്ക് മാത്രമുള്ള, മലയാളികളില്‍ സാധാരണയായി കാണുന്ന ഒരു പേരാണ്. എടാ കുട്ടാ എന്ന് വിളിക്കുമ്പോള്‍ തോന്നുന്നത് ഒരു വല്ലാത്ത അടുപ്പമാണ്..

‘’കുട്ടപ്പായി ആണാണോ പെണ്ണാണോ എന്നൊക്കെയാണ് ടൈറ്റില്‍ സോംഗ് ഇറങ്ങിയപ്പോള്‍ ആളുകളുടെ സംശയം. നമ്മളെന്തിനാണ് ഈ സ്റ്റീരിയോടൈപ്പ് ചിന്തകളെ കുട്ടികള്‍ക്കുള്ളില്‍ നിറയ്ക്കുന്നത്. സ്കൂള്‍ അഡ്മിഷന്‍ ഫോമില്‍ തന്നെ ട്രാന്‍സ്‍ജെന്‍ഡര്‍ ഒരു കോളമായി മാറിയ കാലമാണിത്. ഞങ്ങളുടെ കുട്ടപ്പായി ഇത്തരം ‘ജെന്‍ഡര്‍ ഡിസ്ക്രിമിനേഷന്’ അപ്പുറം നില്‍ക്കുന്ന ഒരു കഥാപാത്രമായിരിക്കും.

കാലങ്ങളായി പല പ്രായത്തിലുള്ള കുട്ടികളുടെ ട്രെയിനറായി പ്രവര്‍ത്തിക്കുകയാണ് അപര്‍ണ. ‘’8 ക്ലാസ് മുതല്‍ ഡിഗ്രിതലം വരെയുള്ള കുട്ടികളിലൂടെയാണ് എന്‍റെ ഓരോ ദിവസവും കടന്നുപോകുന്നത്. ഓരോ ബാച്ച് എന്‍റെ മുന്നില്‍ നിന്ന് പടിയിറങ്ങുമ്പോഴും തലമുറയില്‍ വരുന്ന മാറ്റം എനിക്ക് കൃത്യമായി അനുഭവിച്ചറിയാന്‍ സാധിക്കുന്നുണ്ട്...’’ -

അപര്‍ണ, രാഹുല്‍, ബിന്ദു 
അപര്‍ണ, രാഹുല്‍, ബിന്ദു 

ഓണത്തിനാണ് കുട്ടപ്പായി എത്തുക. Race Zocioവിന്‍റെ ബാനറിലാണ് കുട്ടപ്പായി പുറത്തിറക്കുന്നത്. മലയാളികളായ ബിന്ദു മേനോനും രാഹുലും നടത്തുന്ന ത്രികാല മോഷന്‍സ് പിക്ചേഴ്സാണ് ആനിമേഷന്‍ നിര്‍വഹിക്കുന്നത്. രാഹുല്‍ തന്നെയാണ് ഷോ ഡയറക്ടറും. 7 മിനിറ്റ് വീതമുള്ള 24 എപ്പിസോഡാണ് ഉണ്ടാവുക. ഇതിന്‍റെ കൂടെ കുട്ടപ്പായിയെ പുസ്തക രൂപത്തിലും പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് അപര്‍ണ.

അതെന്താ.. അതെങ്ങെനെ? ചോദ്യങ്ങളിലൂടെ വളരട്ടെ.... കാത്തിരിക്കൂ...... കുട്ടപ്പായിക്കായ്! #kuttappayi #kuttappayiseries #infotainment

Posted by Kuttappayi on Sunday, May 5, 2019