LiveTV

Live

Entertainment

മൂന്ന് ഭാഷകളിലെയും അരങ്ങ് വാണ വേഷപ്പകര്‍ച്ചകള്‍; മമ്മൂട്ടിയുടെ അമുദവനും വൈ.എസ്.ആറും മണി സാറും...

ഈ മൂന്ന് ചിത്രങ്ങളും സാമ്പത്തിക വിജയവും നേടി എന്നതാണ് പ്രധാന ആകര്‍ഷണം

മൂന്ന് ഭാഷകളിലെയും അരങ്ങ് വാണ വേഷപ്പകര്‍ച്ചകള്‍; മമ്മൂട്ടിയുടെ അമുദവനും വൈ.എസ്.ആറും മണി സാറും...

2019 മമ്മൂട്ടിയുടെ വര്‍ഷമാണെന്ന് വേണമെങ്കില്‍ പറയാം. ദക്ഷിണേന്ത്യയിലെ മൂന്ന് ഭാഷകളിലും വ്യത്യതമായ കഥാപാത്രങ്ങളിലൂടെ ഹിറ്റുകള്‍ വാരിക്കൂട്ടിയിരിക്കുകയാണ് മമ്മൂട്ടി. പേരന്‍പിലൂടെ തമിഴില്‍ ഹൃദയസ്പര്‍ശിയായ അമുദവനെയും യാത്രയിലൂടെ രാഷ്ട്രീയ നേതാവായ വൈ.എസ്.ആറായി തെലുങ്കിലും ഉണ്ടയിലെ എസ്.ഐ മണി സാറായി മലയാളത്തിലും മഹാനടന്‍ അരങ്ങില്‍ അഭിനയത്തിന്‍റെ വ്യത്യസ്ത ഭാവങ്ങള്‍ തീര്‍ത്തു. ഈ മൂന്ന് ചിത്രങ്ങളും സാമ്പത്തിക വിജയവും നേടി എന്നതാണ് പ്രധാന ആകര്‍ഷണം.

ബാലയുടെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷകളോടെയാണ് പേരന്‍പ് തിയേറ്ററുകളിലെത്തിയത്. റിലീസിന് മുമ്പ് തന്നെ നിരവധി ചലച്ചിത്ര മേളകളില്‍ സാന്നിധ്യമറിയിക്കുകയും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്ത പേരന്‍പ് മികച്ച സിനിമ അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ജനനം മുതല്‍ സ്പാസ്റ്റിക്ക് പരാലിസിസ് എന്ന അപൂര്‍വ അനാരോഗ്യ സ്ഥിതിയിലൂടെ കടന്നുപോകുന്ന 11 വയസ്സുകാരിയായ പാപ്പയുടെ അച്ഛനായ അമുദവന്‍ എന്ന കഥാപാത്രമാണ് അദ്ദേഹം അവതരിപ്പിച്ചത്. വളരെയധികം സൂക്ഷ്മമായി മാത്രം കൈകാര്യം ചെയ്യേണ്ട കഥാപാത്രം മഹാനടന്‍റെ കരങ്ങളില്‍ ഭദ്രമായിരുന്നു.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ.എസ്. രാജശേഘര റെഡ്ഡിയുടെ പദയാത്രയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്ത തെലുങ്ക് സിനിമയിലൂടെ ഒരു ബയോപിക്കിനെ എത്രകണ്ട് മനോഹരമാക്കാം എന്നതിന്‍റെ ഉദാഹരണമാണ് നല്‍കുന്നത്.

ഇപ്പോഴിതാ സിനിമയിലെ പോലീസ് വാര്‍പ്പുമാതൃകകളെ പൊളിച്ചെഴുതി ഖാലിദ് റഹ്മാന്‍റെ ഉണ്ടയിലൂടെ മമ്മൂട്ടി വീണ്ടും തന്‍റെ അഭിനയ പാടവം വെളിപ്പെടുത്തിയിരിക്കുന്നു. ഒരു തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മാവോയിസ്റ്റ് ബാധിത മേഖലയായ ചത്തീസ്ഗഡിലെ ബസ്തറിലേക്ക് കേരളത്തില്‍ നിന്നും ഒരു പൊലീസ് ബറ്റാലിയണ്‍ യാത്ര തിരിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഉണ്ട കഥ പറയുമ്പോള്‍ മണി സാര്‍ അവിസ്മരണീയമാവുകയായിരുന്നു. ഇത് കൂടാതെ, മധുര രാജയും വലിയ സാമ്പത്തിക വിജയമാണ് കരസ്ഥമാക്കിയത്.