LiveTV

Live

Entertainment

‘ഇതാണാ പത്രവാര്‍ത്ത, ഭയമാണ് ഈ കഥയിലെ വില്ലന്‍’; മമ്മൂട്ടി നായകനായ ഉണ്ട പിറന്നതിനെക്കുറിച്ച് തിരക്കഥാകൃത്ത് ഹര്‍ഷദ്

‘ഇതാണാ പത്രവാര്‍ത്ത, ഭയമാണ് ഈ കഥയിലെ വില്ലന്‍’; മമ്മൂട്ടി നായകനായ ഉണ്ട പിറന്നതിനെക്കുറിച്ച് തിരക്കഥാകൃത്ത് ഹര്‍ഷദ്

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഒരു പത്രവാര്‍ത്തയെ പിന്‍പറ്റിയാണ് ഉണ്ട സിനിമയെന്ന് തിരക്കഥാകൃത്ത് ഹര്‍ഷദ്. 'ചത്തിസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് സംഘം ദുരിതത്തില്‍' എന്ന തലക്കെട്ടോടെ വന്ന വാര്‍ത്തക്ക് പിന്നെ 2016ലാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍റെ കൂടെ ചേരുന്നതെന്നും ഹര്‍ഷദ് കുറിപ്പില്‍ പറയുന്നു. 2018ല്‍ സൂപ്പര്‍താരം മമ്മൂട്ടി സിനിമയുടെ കൂടെ ചേരുന്നതോടെ ജോലികള്‍ വേഗത്തിലായെന്നും നിര്‍മ്മാതവ് കൃഷ്ണന്‍ സേതുകുമാര്‍ കടന്നു വരുന്നതോടെ പടിപടിയായി സിനിമ സംഭവിച്ചെന്നും പറയുന്നു. ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഉണ്ട ഇന്നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘമായാണ് ഉണ്ടയില്‍ മമ്മൂട്ടിയും സംഘവും വരുന്നത്. ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ഉണ്ടയില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വരിക. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷദാണ്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ഉണ്ടയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛത്തീസ്ഗഡിലും കര്‍ണാടകയിലും കേരളത്തിലുമായി അമ്പത്തിയേഴ് ദിവസം കൊണ്ടാണ് ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഹര്‍ഷദിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇതാണാ പത്രവാര്‍ത്ത. 'ചത്തിസ്ഗഡില്‍ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് സംഘം ദുരിതത്തില്‍. ' 2014 ലെ ലോകസഭാ ഇലക്ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഈ ബോക്‌സ് ഐറ്റത്തിന്റെ ചുവട് പിടിച്ചാണ് ഖാലിദ് റഹ്മാന്‍ അന്നേ യാത്ര തുടങ്ങിയത്. അതിനിടയില്‍ അവന്‍ 'അനുരാഗ കരിക്കിന്‍വെള്ളം' ചെയ്ത് പ്രേക്ഷകരുടെയും ക്രിട്ടിക്‌സിന്റെയും അംഗീകാരം നേടിയെടുത്തു. പിന്നീട് 2016 ലാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ ഞാന്‍ ഈ യാത്രയില്‍ റഹ്മാന്റെ കൂടെ ചേരുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ബേസ് ചെയ്തുകൊണ്ട് എഴുതേണ്ട സിനിമ എന്നതിനേക്കാള്‍ ഇയ്യൊരു പ്രൊജക്ടില്‍ എന്നെ ആകര്‍ഷിച്ചത് ഞങ്ങള്‍ തമ്മില്‍ അന്ന് നടന്ന ഒരു സംഭാഷണമാണ്.
അപ്പോള്‍ റഹ്മാനേ ഈ സിനിമയിലെ വില്ലനാരാണ്..?
ഭയം. പേടി... പേടിയാണ് ഇതിലെ വില്ലന്‍!!

ഭയം പലതരത്തിലാണല്ലോ. മനുഷ്യന്മാര് തമ്മില്‍ തമ്മിലുള്ളത്‌, മനുഷ്യര്‍ക്ക് മനുഷ്യരല്ലാത്തവരോടുള്ളത്. സ്‌റ്റേറ്റിന് മനുഷ്യരോടുള്ളത്., മനുഷ്യര്‍ക്ക് സ്‌റ്റേറ്റിനോടുള്ളത്, അങ്ങിനെ ഭയം പലവിധം!. Fear is a major weapon of domination in the new world എന്ന് പണ്ടാരാണ്ടോ പറഞ്ഞു വെച്ചിണ്ടുണ്ടല്ലോ. :) പിന്നീട് സംഭവം നടന്ന സ്ഥലമായ ബസ്തറിലേക്കുള്ള യാത്രകള്‍. സിനിമക്ക് ആവശ്യമായത് തേടിയുള്ള യാത്രകള്‍. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളെ കണ്ടു. ഏത് ഘട്ടത്തിലും ഒറ്റുകാരനായോ ഭീകരവാദിയായോ മുദ്ര കുത്തപ്പെടാന്‍ പരുവപ്പെട്ട മനുഷ്യരെ കണ്ടു. ഇത് അവരുടെയും കൂടി സിനിമയാണ്. നമുക്കറിയാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണെന്നല്ലേ പഴമൊഴി!!.

പിന്നീട് 2018 ല്‍ മമ്മൂക്ക ഈ യാത്രയില്‍ ജോയിന്‍ ചെയ്തതോടെ കാര്യങ്ങള്‍ വേഗത്തിലായി. കൃഷ്ണന്‍ സേതുകുമാര്‍ പ്രൊഡ്യൂസറായി വന്നു. സജിത്ത് പുരുഷന്റെ ക്യാമറ, പ്രശാന്ത് പിള്ളയുടെ മ്യൂസിക്, ശ്യാം കൗശലിന്റെ ആക്ഷന്‍, അങ്ങിനെ പരിചയസമ്പന്നരായ ക്രൂ മെമ്പേഴ്‌സ് വന്നു. ചെറുപ്പക്കാരും താരതമ്യേന പുതുക്കക്കാരുമായ സഹതാരങ്ങള്‍ വന്നു. കേരളത്തിലും കര്‍ണാടകയിലും ചത്തിസ്ഗഡിലുമായുള്ള ചിത്രീകരണങ്ങള്‍. ഒടുവില്‍ ഇന്ന് ആ സിനിമ ഉണ്ട എന്ന പേരില്‍ നിങ്ങളുടെ മുന്നിലേക്കെത്തുന്നു. കാണുക. അഭിപ്രായം അറിയിക്കുക .
സ്‌നേഹം.