LiveTV

Live

Entertainment

‘ഒന്നു കൂടെ ടേക്ക് എടുക്കാം, എനിക്ക് വേണ്ടിയെന്ന് സംവിധായകനോട് മമ്മൂട്ടി’; ഉണ്ട മേക്കിങ് വീഡിയോ; ചിത്രം നാളെ തീയേറ്ററുകളിലേക്ക്

‘ഒന്നു കൂടെ ടേക്ക് എടുക്കാം, എനിക്ക് വേണ്ടിയെന്ന് സംവിധായകനോട് മമ്മൂട്ടി’; ഉണ്ട മേക്കിങ് വീഡിയോ; ചിത്രം നാളെ തീയേറ്ററുകളിലേക്ക്

മമ്മൂട്ടി ചിത്രം ഉണ്ട നാളെ തിയേറ്ററുകളിലെത്താനിരിക്കെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ ഉദ്വേഗനിര്‍ഭരമായ രംഗങ്ങളുടെ ചിത്രീകരണ വിശദാംശങ്ങളോടെയാണ് മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. ‘ഒന്നു കൂടെ എടുക്കാം, എനിക്ക് വേണ്ടി’; എന്ന് സംവിധായകനായ ഖാലിദ് റഹ്‍മാനോട് മമ്മൂട്ടി ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ 131 മിനിറ്റ് 45 സെക്കന്റ് ദൈര്‍ഘ്യത്തോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുക. എട്ട് കോടി രൂപയാണ് ചിത്രത്തിന്റെ ആകെ ബജറ്റ്.

ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘമായാണ് ഉണ്ടയില്‍ മമ്മൂട്ടിയും സംഘവും വരുന്നത്. ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ഉണ്ടയില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വരിക. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ഉണ്ടയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛത്തീസ്ഗഡിലും കര്‍ണാടകയിലും കേരളത്തിലുമായി അമ്പത്തിയേഴ് ദിവസം കൊണ്ടാണ് ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കിയത്.