LiveTV

Live

Entertainment

തമാശയുടെ ശരീരശാസ്ത്രവും മനഃശ്ശാസ്ത്രവും

ഇന്റേണൽ മാർക് കൂട്ടിക്കിട്ടാൻ വേണ്ടി അയാളോടപേക്ഷിക്കുന്ന ശ്രീജിത് എന്ന വിദ്യാർത്ഥി (ഷാഹിദ് എം ഷമീം) എടുത്തിടുന്ന ഒരു കൊളുത്തിൽ അയാൾ പെട്ടുപോകുന്നതും ഈ ലോ കോണ്‍ഫിഡൻസ് കാരണം തന്നെ

തമാശയുടെ ശരീരശാസ്ത്രവും മനഃശ്ശാസ്ത്രവും

ഏതാണ്ട് യുവപ്രായത്തിന്റെ ആരംഭം മുതലേ ഈ കുറിപ്പുകാരന്റെ തലയിൽ നിന്നും രോമങ്ങൾ വിടപറഞ്ഞു തുടങ്ങിയിരുന്നു. ശരീരസൗന്ദര്യം, ആരോഗ്യം എന്നിത്യാദി കാര്യങ്ങളിൽ വലിയ ശ്രദ്ധയോ പിടിവാശിയോ ഇല്ലാത്തതു കൊണ്ടോ സ്വൽപം നേരത്തേ തന്നെ ഗാർഹസ്ഥ്യം എന്ന പരമപദം പ്രാപിച്ചിരുന്നതിനാലോ എനിക്കത് വലിയ പ്രശ്‌നമൊന്നുമുണ്ടാക്കിയില്ല എന്നതാണ് സത്യം.

പിന്നെ, കൂട്ടിന് ഒരിക്കലൊരു സ്വകാര്യ സംഭാഷണത്തിനിടയിൽ ആത്മസുഹൃത്തും എഴുത്തുകാരനുമായ ഷിഹാബുദ്ദീന്‍ പൊയ്‍തുംകടവ് പറഞ്ഞ ഒരു തമാശയുമുണ്ടായിരുന്നു. അദ്ദേഹം ഇതെവിടെയെങ്കിലും എഴുതിയിട്ടുണ്ടോ എന്നറിയില്ല. എന്റെ മുടിനാരുകൾ അഭിമാനികളാണ്, അതിനാലവ നരയ്ക്കുമ്മുമ്പേ കൊഴിഞ്ഞുപോകുന്നു എന്നതായിരുന്നത്.

പക്ഷേ, കാര്യങ്ങളെ ഇങ്ങനെ തമാശയായിട്ട് കാണാൻ കോളജധ്യാപകനായ ശ്രീനിവാസന് (വിനയ് ഫോര്‍ട്ട്) പറ്റുമായിരുന്നില്ല. കോണ്‍ഫിഡൻസിന്റെ ഗ്രാഫ് വളരെ താഴ്ന്നു നില്‍ക്കുന്ന ഒരാൾ. ഞാൻ പ്രൊഫസർ ശ്രീനിവാസൻ എന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തുന്നതിൽത്തന്നെയുണ്ട് അയാളനുഭവിക്കുന്ന ഇന്‍ഫീരിയോറിറ്റി കോംപ്ലക്‌സ്. ഇന്റേണൽ മാർക് കൂട്ടിക്കിട്ടാൻ വേണ്ടി അയാളോടപേക്ഷിക്കുന്ന ശ്രീജിത് എന്ന വിദ്യാർത്ഥി (ഷാഹിദ് എം ഷമീം) എടുത്തിടുന്ന ഒരു കൊളുത്തിൽ അയാൾ പെട്ടുപോകുന്നതും ഈ ലോ കോണ്‍ഫിഡൻസ് കാരണം തന്നെ.

വിനയ് ഫോര്‍ട്ട്, ഷാഹിദ് എം ഷമീം
വിനയ് ഫോര്‍ട്ട്, ഷാഹിദ് എം ഷമീം

അതിനെക്കാൾ രസകരം, ധാരാളം മുടിയുള്ള ഒരാളായിരുന്നു ശ്രീജിത് എന്നതാണ്. (ഒരു ഹെഡ്ബാംഗറെപ്പോലെ വളര്‍ത്തിക്കൊണ്ടു നടക്കുന്ന ശാഹിദിന്റെ മുടി കാരണം വീട്ടിലുണ്ടാകുന്ന പൊല്ലാപ്പുകൾ ചില്ലറയൊന്നുമല്ലെന്നുള്ളതും ഇവിടെ അനുസ്മരിക്കുന്നു. എന്തായാലും തനി'മുടിയ'നായ അവന്റെ മുടി കൊണ്ട് ഇങ്ങനെയെങ്കിലും ഒരു പ്രയോജനം ഉണ്ടായതിലുള്ള അനൽപമായ കൃതാർത്ഥതയും ഇവിടെ രേഖപ്പെടുത്തുന്നു -വ്യക്തിപരം). അങ്ങനെയുള്ള ശ്രീജിത്തിനോട് മുടിക്ക് തീരെ കട്ടിയില്ലാത്ത ശ്രീനിവാസന് തോന്നുന്ന അസൂയ അതിലുണ്ടോ?

പക്ഷേ, ഇതിലെല്ലാം തന്നെ വിദഗ്ദമായ കൈയൊതുക്കമാണ് തമാശ എന്ന സിനിമയുടെ സാക്ഷാത്ക്കാരകനായ അശ്‍റഫ് ഹംസ കാണിച്ചിരിക്കുന്നത്. സത്യസന്ധമായിപ്പറഞ്ഞാൽ, തീർത്തും നവാഗതനായ ഒരാളുടെ സിനിമ, പക്ഷേ അസൂയാർഹമാം വിധം പെർഫെക്ടായി അനുഭവപ്പെടുന്നുണ്ട്. രണ്ടാം പകുതിയിൽ തിരക്കഥ അൽപം ലൂസായിപ്പോയി എന്നതൊഴിച്ചാൽ, സാങ്കേതികമായും ചിത്രം മികച്ചു നില്‍ക്കുന്നു. സമീർ താഹിർ എന്ന കൃതഹസ്തന്റെ വർക്ക് നന്നായി എന്ന് ഞാന്‍ അഭിപ്രായം പറയുന്നത് ശുദ്ധവിവരക്കേടാവും. ദൃശ്യങ്ങളൊക്കെയും കൃത്യവും വ്യക്തവുമാണ്, ഷാർപ് ആണ്. മറ്റ് ഘടകങ്ങളെടുക്കുമ്പോഴും സാങ്കേതികത്തികവ് പ്രകടമാണ്.

അതായത്, ചെറിയൊരു സംഭവമാണ് തമാശ. അത്രയും ചെറിയൊരു പ്രമേയത്തെ രണ്ട് മണിക്കൂർ നേരത്തേക്ക് നീട്ടിവലിച്ചിട്ടും അനാവശ്യമായ വിശദാംശങ്ങൾ ഒന്നും അതില്‍ കടന്നുവരുന്നില്ല. ആദ്യന്തം രസകരമായി കണ്ടിരിക്കാം താനും.

ഒരു സൈക്കോ സിനിമയല്ല തമാശ. എന്നാൽ അതിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും മനശ്ശാസ്ത്രപരമായ വിശകലനങ്ങൾ അര്‍ഹിക്കുന്നുണ്ട്. ബോഡി ഷെയിമിങ് എന്ന ആൾക്കൂട്ടാക്രമണത്തെ രേഖപ്പെടുത്തുകയാണ് ചിത്രത്തിന്റെ രണ്ടാം പകുതി ചെയ്യുന്നത്. നിഷ്ഠുരമായ ആക്രമണം എന്ന് പറയാം. (ആസുരമായ എന്ന് പറയാറുണ്ട്. പക്ഷേ, അസുരന്മാരോട് പ്രത്യേകിച്ച് വംശീയവിദ്വേഷമൊന്നും ഇല്ലാത്തതിനാൽ ഇതെഴുതുന്നയാൾ പൊതുവെ ആ വിശേഷണം ഉപയോഗിക്കാറേയില്ല).

സമീർ താഹിർ
സമീർ താഹിർ

ബോഡി ഷെയിമിങ് എന്നത് ഒരു സാമൂഹികമനോരോഗമാണങ്കിൽ വ്യക്തിത്വാപഭ്രംശമായിത്തന്നെ ആളുകളിൾ പ്രകടമായേക്കാവുന്ന ചില ശരീരവിചാരങ്ങളുണ്ട്. ബോഡി ഇമേജ് ഡിസ്‌സാറ്റിസ്ഫാക്ഷൻ (body image dissatisfaction) ആണ് ഇതിൽ ഏറ്റവും ലഘുവായത്. ഈ ബോധം ശ്രീനിവാസനിൽ തരക്കേടില്ലാത്ത അളവിൽത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ചുരുക്കം ചില നേരങ്ങളിൽ അയാള്‍ പ്രകോപിതനാവുന്നു പോലുമുണ്ട്. വില്യം ഷേക്‌സ്പിയർ തൊട്ട് വൈക്കം മുഹമ്മദ് ബഷീർ വരെയുള്ള കഷണ്ടിത്തലയന്മാരുടെ പേരുകളിൽ ആശ്വാസം കണ്ടെത്താനുള്ള അയാളുടെ ശ്രമം അത്ര ഫലവത്താകുന്നുമില്ല.

ഒരുതരം ന്യൂറോസിസ് ആണ് ബോഡി ഇമേജ് ഡിസ്‌സാറ്റിസ്ഫാക്ഷന്‍. ഉദ്വേഗബന്ധിതമായ (anxiety related) ഒരു മാനസികാവസ്ഥ. സ്വന്തത്തെപ്പറ്റി തീർത്തും നെഗറ്റീവായ ചിന്തകൾ വച്ചുപുലർത്താൻ ഇത് ഇടയാക്കിയേക്കും. അത് ക്രമത്തിൽ ഒരു ഒബ്‌സഷൻ ആയി മാറിയേക്കാം.

ഈ ഒബ്‌സഷൻ കഠിനമാകുന്നതിനനുസരിച്ച് ഒരുപക്ഷേ ഇതിന്റെ മാരകമായ പ്രകടനത്തിലേക്കും ഒരു വ്യക്തി ചെന്നെത്തിയേക്കാം. അതാകട്ടെ, ബോഡി ഡിസ്‌മോർഫിക് ഡിസോഡറിലേക്ക് (body dysmorphic disorder/ BDD) നയിക്കുന്നു. (ഡിസ്‌മോർഫോഫോബിയ -dysmorphophobia- എന്നും ഇതിന് പേരുണ്ട്). ഇതിന്റെ ആത്യന്തികഫലം ഒരുപക്ഷേ ആൾ കടുത്ത വിഷാദത്തിൽ ചെന്നുപതിക്കുക എന്നതായിരിക്കും. ഫലപ്രദമായ പ്രതിവിധി അസാധ്യമായ ഒരു മനോരാഗമാണിത്.

കൂട്ടത്തിൽ പറയട്ടെ, ഇമേജ് ഡിസ്‌സാറ്റിസ്ഫാക്ഷൻ എന്ന ബോധത്തെ ഫലപ്രദമായി ചികില്‍സിക്കാൻ ചില എഴുത്തുകാർക്ക് സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. "ഉടലതിരമ്യമൊരുത്തന് കാൽക്കൊരു മുടവുണ്ടവന് നടക്കുന്നേരം" എന്ന് തുടങ്ങുന്ന കവിത കുഞ്ചൻ നമ്പ്യാർ ഉപസംഹരിക്കുന്നത്, "ലക്ഷം മാനുഷരൊപ്പം ചേര്‍ന്നാൽ ലക്ഷണമൊത്തവരൊന്നോ രണ്ടോ" എന്ന് സ്ഥാപിച്ചുകൊണ്ടാണ്. കഷണ്ടിയെയും കുടവയറിനെയും 'പുരുഷ'ലക്ഷണങ്ങളായി അടയാളപ്പെടുത്തുന്നുണ്ട് വേങ്ങയില്‍ കുഞ്ഞിരാമൻ നായനാർ. കൊഴിഞ്ഞു വീഴുന്ന മുടിനാരുകളെപ്പറ്റി ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞ 'തമാശ' തുടക്കത്തിൽ ഉദ്ധരിച്ചുവല്ലോ.

മൂക്കിന് നീളം കൂടിയ മൂക്കൻ വിശ്വവിഖ്യാതനായിത്തീര്‍ന്ന ബഷീർക്കഥ, ഒരു പൊലിറ്റിക്കൽ സറ്റയർ ആണെങ്കിലും (അല്ലെങ്കിലും ഭര്‍റ് ഉള്‍പ്പെടെയുള്ള ബഷീറിന്റെ തമാശക്കഥകളെല്ലാം രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങൾ തന്നെയാണ്) നീളം കൂടിയ മൂക്ക് എന്നത് ഒരു സാധ്യതയായി പരിവർത്തിതമാകുന്നുണ്ട് അതിൽ.

വൈയക്തികമോ സാമൂഹികമോ ആയ എല്ലാ അപകര്‍ഷങ്ങളെയും അതിജീവിക്കുന്നതിന്റെ കഥകൾ പറഞ്ഞ സി അയ്യപ്പന്റെ രചനകളെപ്പറ്റി ശ്രീനിവാസൻ ക്ലാസ്സെടുക്കുന്നതും കാണാം.

മനോവ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ചിന്തകളിലേക്ക് നയിക്കുന്നുണ്ടെങ്കിലും അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുന്ന സിനിമയല്ല തമാശ. ആന്ത്യന്തികമായി അനുവാചകനെ ആത്മബോധത്തിലേക്കും ആത്മവിശ്വാസത്തിലേക്കും നയിക്കുന്നതാണ് താനും അശ്‍റഫ് ഹംസയുടെ കഥാകഥനരീതി (അദ്ദേഹം തന്നെയാണ് ഇതിന്റെ തിരക്കഥാകൃത്തും).

അൽപം അതിഭാവുകത്വം ആരോപിക്കാവുന്നത് രണ്ടാം പകുതിയിലെ സൈബർ ബോഡി ഷെയിമിങ് ആണ്. (ശ്രീജിത്ത് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ അന്നേരം മാഷ്‌ക്ക് പിന്തുണയുമായി വരുന്നു എന്നതും ശ്രദ്ധേയമാണ്). എന്നാൽ സോഷ്യൽ മീഡിയയില്‍ ഇടപെടുന്നവർക്ക് ഇതിൽ യാതൊരുതരത്തിലുള്ള അതിശയോക്തിയും ഇല്ലെന്നേ തോന്നൂ.

ലോ കോണ്‍ഫിഡന്റ് ആയ ആളുകൾക്ക് ബോഡി ഷെയിമിങ് വളരെപ്പെട്ടെന്ന് എഫക്ട് ചെയ്യും. ശ്രീനിവാസന്‍ അതിൽ അസ്വസ്ഥനാവുന്നുമുണ്ട്. എന്നാൽ അയാളോടൊപ്പം ആക്രമിക്കപ്പെടുന്ന ചിന്നുവിന് (ചിന്നു ചാന്ദിനി) അതൊരു പ്രശ്‌നമേയല്ല. വളരെ ഈസിയായി അവർ തന്റെ അഹംബോധമൊന്നു കൊണ്ടു മാത്രം ഇത്തരം തമാശകളെ (മറ്റുള്ളവർ വെറും തമാശകളായി മാറുന്നുവെന്നതാണല്ലോ ബോഡി ഷെയിമിങ്ങിന്റെ സാമൂഹ്യ മനശ്ശാസ്ത്രം) അതിജീവിക്കുന്നു. കൂട്ടത്തിൽ ചിന്നുവിന്റെ സാമൂഹ്യബോധവും അതിനവരെ സഹായിക്കുന്നു. അവസാന രംഗത്തെ ചിന്നു ഒ.ഹെന്റിയുടെ ഡെല്ലയെ ഓർമിപ്പിക്കുന്നുണ്ട്.

തമാശയുടെ ശരീരശാസ്ത്രവും മനഃശ്ശാസ്ത്രവും

അതേസമയം ബോഡി ഷെയിമിങ്ങിന്റെ കാര്യത്തിൽ ഏറ്റവും മാരകമായ മനോവ്യതിയാനവും രോഗവുമുള്ളത്‍ ഷെയിമിങ് നടത്തുന്നവർക്കായിരിക്കും. നോർമലി പൊസിറ്റീവ് ആയിരിക്കില്ല അവരാരും. എല്ലായ്‌പോഴും എല്ലാത്തിനോടും നിഷേധാത്മകമായ മനോഭാവം (നെഗറ്റീവ് ആറ്റിറ്റ്യൂഡ്) മാത്രം വെച്ചുപുലര്‍ത്തുന്നവര്‍. ഒരുതരം ഡിസ്റ്റോട്ടഡ് സെൽഫ് കോൺഫിഡൻസ് ഉള്ള ഇവരാണ് മറ്റുള്ളവരെ, തങ്ങൾ ദോഷമെന്ന് വിധിക്കുന്ന ചെറുകാര്യങ്ങളുടെ പേരിൽ പരിഹസിക്കാൻ മുതിരുന്നത്. പൊതുവേ അസൂയാലുക്കളാണ് ഇവർ.

ഇത്തരം അസൂയാലുക്കളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് സൈബറിടം എന്ന ചിന്തയ്ക്കും തമാശ ഇടം തരുന്നുണ്ട്. ഒരാൾക്കുണ്ടാകുന്ന വ്യക്തിത്വാപഭ്രംശം പോലെയല്ല ഇത്തരം സാമൂഹിക ഞരമ്പുരോഗങ്ങൿ.

വിനയ് ഫോർട്ടിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളാണ് ഗോഡ് സേയിലെ ഹരിചന്ദ്രനും തമാശയിലെ ശ്രീനിവാസനും. വ്യക്തിത്വത്തിന് സവിശേഷമായ വിഘടനങ്ങൾ സംഭവിക്കുന്ന ഡിസോസിയേറ്റീവ് ഡിസോഡർ, അതിന്റെ ഭാഗമായ ഡീപെര്‍സനലൈസേഷൻ ഡിസോഡർ എന്നീ മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമായാണ് ഷെറിയും ഷൈജു ഗോവിന്ദും ചേര്‍ന്ന് സാക്ഷാത്കരിച്ച ഗോഡ് സേയിൽ വിനയ് ഫോർട്ട് കടന്നുവരുന്നത് എന്നതും പ്രസ്താവ്യമാണ്.

അബു വളയംകുളത്തിന്റെ കാസ്റ്റിങ് സൂക്ഷ്മമായിരുന്നു എന്നു വേണം കരുതാന്‍. വിനയ് ഫോർട്ടിനും ചിന്നുവിനും പുറമെ ദിവ്യപ്രഭ, ഗ്രേസ് ആന്റണി, നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ എന്നിവർ മുതൽക്ക് ചെറുവേഷത്തിൽ വരുന്നവർ വരെ എല്ലാവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു എന്നും പറയാം.