LiveTV

Live

Entertainment

കുന്നോളം കാമ്പുള്ള ‘തമാശ’; റിവ്യു വായിക്കാം

സത്ഗുണസമ്പന്നനായ ഒരു നായക സങ്കല്‍പ്പമില്ലാത്തതുകൊണ്ട് നായകന്‍റെ കുറ്റങ്ങളിലൂടെയും കുറവുകളിലൂടെയുമാണ് തിരക്കഥ മുന്നോട്ട് പോകുന്നത്

കുന്നോളം കാമ്പുള്ള ‘തമാശ’; റിവ്യു വായിക്കാം

ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നീ നാല് സിനിമക്കാര്‍ ‘ഹാപ്പി അവേഴ്സ് എന്‍റര്‍ടെയിന്‍മെന്‍റ്സി’ന്‍റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ എന്ന മുഖവുര‍, ‘തമാശ’ എന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് നല്‍കിയിരുന്നത്. നിര്‍മ്മാണ കമ്പനിയില്‍ നിന്ന് തന്നെ ആരംഭിക്കട്ടെ, ‘ഹാപ്പി ഹവേഴ്സ് എന്‍റര്‍ടെയിന്‍മെന്‍റ്സ്’ അഥവാ സന്തോഷം തരുന്ന കുറച്ച് നിമിഷങ്ങള്‍. അത് തന്നെയാണ് തമാശ എന്ന അഷറഫ് ഹംസ ചിത്രം.

മികച്ച ഒരു ഫീല്‍ ഗുഡ് സിനിമ, അതിന്‍റെ മട്ട് മാറാതെ തന്നെ ആനുകാലിക പ്രസക്തിയുള്ള പല കാര്യങ്ങളിലേക്കും വഴി തെളിക്കുന്ന മനോഹരമായ ഒരു ‘പ്രേമ തള്ളാണ്’ തമാശ. സിനിമയുടെ പേര് തമാശ എന്നാണെങ്കിലും വലിയ ഗൗരവകരമായ പല കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.

കുന്നോളം കാമ്പുള്ള ‘തമാശ’; റിവ്യു വായിക്കാം

പൊന്നാനിക്കാരന്‍ ശ്രീനിവാസന്‍ മാഷ് ആളൊരു പാവമാണ്. ഒരു മലയാളം അധ്യാപകന്‍. എന്നാല്‍ ഭാഷയില്‍ അതീവ പ്രാവീണ്യമുള്ള ഒരാളാണെന്ന് തെറ്റിദ്ധരിക്കുന്ന, ചെറിയ കുറവുകളില്‍ വലിയ അപകര്‍ഷതാബോധം സ്വയം സൃഷിക്കുന്ന ഒരു നിഷ്കളങ്കന്‍. സത്ഗുണസമ്പന്നനായ ഒരു നായക സങ്കല്‍പ്പമില്ലാത്തതുകൊണ്ട് നായകന്‍റെ കുറ്റങ്ങളിലൂടെയും കുറവുകളിലൂടെയുമാണ് തിരക്കഥ മുന്നോട്ട് പോകുന്നത്. റിയലിസ്റ്റിക്ക് രീതിയിലുള്ള മേക്കിങ്ങും കഥയിലുള്ള നാടകീയതയും തിരക്കഥക്ക് ഗുണം ചെയ്യുന്നുമുണ്ട്. ശ്രീനി മാഷിന്‍റെ തമാശകള്‍ പ്രേക്ഷകന് ആസ്വാധ്യമാകുന്നത് ഇങ്ങനെയെല്ലാമാണ്.

ചിത്രത്തിന്‍റെ രണ്ട് പകുതികളും രണ്ട് രീതിയിലാണ് പ്രേക്ഷകനെ രസിപ്പിക്കുന്നത്. താന്‍ എന്താണ് എന്ന സത്യം തിരിച്ചറിയുക എന്നതിലുപരി, തന്നെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് കരുതും എന്ന ശ്രീനി മാഷിന്‍റെ തോന്നലിലൂടെ മുന്നോട്ട് പോകുന്ന ആദ്യ പകുതി. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതല്ല, താന്‍ ആരാണ് എന്ന തിരിച്ചറിവാണ് വലുത് എന്ന സത്യത്തിലേക്കുള്ള യാത്ര കാണിച്ചു തരുന്ന രണ്ടാം പകുതി. ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങ് മുതല്‍ അവസാനം ചിന്നുവിനോടുള്ള പൊട്ടിത്തെറി വരെ ഓരോ സീനും ആ യാത്രയിലെ പടവുകളായിരുന്നു. അതില്‍ വളരെ മികച്ച രീതിയില്‍ മെനഞ്ഞെടുത്ത തമാശ ചേരുവകയും കഥാപാത്രങ്ങളും സിനിമയെ കൂടുതല്‍ ആസ്വാദ്യമാക്കുന്നു.

കുന്നോളം കാമ്പുള്ള ‘തമാശ’; റിവ്യു വായിക്കാം

സോഷ്യല്‍ മീഡിയയിലെ ചാറ്റിങ്ങിനെയെല്ലാം വളരെ മികച്ചതായാണ് തമാശയില്‍ ഉപയോഗിച്ചിരിക്കുന്നത്. ആ ഗ്രാഫിക്കല്‍ റെപ്രസെന്‍റേഷനിലൂടെ വലിയ സംഭാഷണങ്ങുടെയും നീട്ടിപരത്തലിന്‍റെയും സാധ്യതകള്‍ സംവിധായകന്‍ കുറയുകയായിരുന്നു. അഷറഫ് ഹംസ എന്ന നവാഗത സംവിധായകന്‍ മികച്ച് നില്‍ക്കുന്നത് ഇവിടെയെല്ലാമാണ്.

വിനയ് ഫോര്‍ട്ട് തന്നെയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ അത് ഒരു വണ്‍മാന്‍ ഷോ ആവാതിരിക്കാന്‍ സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. ഫോര്‍ട്ട് കൊച്ചിക്കാരന്‍ വിനയ് ആയിട്ടല്ല, പകരം, പൊന്നാനിക്കാരന്‍ ശ്രീനിമാഷിനെ തന്നെയാണ് രണ്ട് മണിക്കൂറും കാണാന്‍ സാധിച്ചത്. പ്രേമത്തിലെ ജാവാ മാഷില്‍ നിന്നും മലബാറിലെ മലയാളം അധ്യാപകനിലേക്കുള്ള ‘ട്രാന്‍സ്ഫര്‍’ മലയാളിക്ക് അത്രകണ്ട് തൃപ്തമായിരുന്നു.

കുന്നോളം കാമ്പുള്ള ‘തമാശ’; റിവ്യു വായിക്കാം

ശ്രീനിവാസന്‍ മാഷിന്‍റെ കൂട്ടുകാരനായി ചിത്രത്തിലുടനീളം സാന്നിധ്യമറിയിച്ച നവാസ് വള്ളിക്കുന്നിന്‍റെ റഹീമും മികച്ചതായിരുന്നു. പറയുന്ന കോമഡികളില്‍ അദ്ദേഹം പുലര്‍ത്തിയ ടൈമിങ്ങിലെ സ്ഥിരതയും ഒന്നാം നമ്പര്‍ മലപ്പുറം ശൈലിയും കഥ പറയുന്ന പശ്ചാത്തലത്തെയും കഥയിലെ തമാശകളെയും പ്രേക്ഷകനിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ക്ലൈമാക്സ് വരെ ഓരോ സീനിലും വ്യത്യസ്തമായ ശൈലി കൊണ്ട് മികച്ചു നില്‍ക്കുകയാണ് ചിന്നു. സ്വന്തം പേരില്‍ തന്നെ തമാശയിലൂടെ വരവറിയിച്ച ചിന്നുവിനെ അളക്കാന്‍ ചിത്രത്തിലെ ആ ഒരൊറ്റ ഫേസ്ബുക്ക് ലൈവ് മാത്രം മതിയാകും. കുമ്പളങ്ങ നീര് തേനില്‍ ചാലിച്ചതല്ല, ഫലൂഡയാണ് എനിക്കിഷ്ടം. ഇത് ഏവരും കേള്‍ക്കേണ്ടതും അറിയേണ്ടതും തന്നെയാണ്.

ആദ്യ പകുതിയില്‍ സ്ക്രീനില്‍ ചിരിയും സന്തോഷവും പരത്തിയ ബബിത മിസ് എന്ന ദിവ്യപ്രഭയും സഫിയയായി വന്ന ഗ്രെയിസും മികച്ച് നിന്നു. പിന്നെ പേരറിയാത്ത ഒരുപാട് കഥാപാത്രങ്ങളും പ്രേക്ഷകന്‍റെ മനം നിറച്ചു. ഈ കവലയില്‍ കാറില്‍ വന്നിറങ്ങണമെന്ന് മാത്രേ എനിക്ക്ണ്ടായിരുന്നൊള്ളു, എന്ന് പറഞ്ഞ് സ്ലോ മോഷനില്‍ ഇറങ്ങിപോകുന്ന ആ വൃദ്ധനെപ്പോലെ ഒരുപാട് കഥാപാത്രങ്ങള്‍ തമാശയിലുടനീളം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

കുന്നോളം കാമ്പുള്ള ‘തമാശ’; റിവ്യു വായിക്കാം

കുന്നോളം... കിനാവോളം...

ഒരു പൂതി പൂത്താകെ...

മുഹ്സിന്‍ പരാരിയുടെ വരികള്‍ റെക്സ് വിജയന്‍റെ ഈണത്തില്‍ ചേര്‍ന്ന് ഷഹബാസ് അമന്‍റെ ശബ്ദത്തിലൂടെ പുറത്ത് വരുമ്പോള്‍ കേള്‍ക്കാന്‍ അത്രകണ്ട് ഇമ്പമുള്ളതായിരുന്നു. അടക്കവും ഒതുക്കവുമുള്ള തിരക്കഥയും റിയലിസ്റ്റിക്ക് സ്റ്റോറി ടെല്ലിങ്ങും മികച്ചു നിന്നു. ഷൈജു ഖാലിദിന്‍റെ ചായാഗ്രഹണം അതിമനോഹരം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

ഒരാളുടെ ബലഹീനതയാണ് നമ്മുടെ ബലം എന്നുള്ളത് പണ്ട് മുതലേ നിലനിന്നു വന്നിരുന്ന ഒരു പ്രപഞ്ച സത്യമാണ്. മുടി കുറവാണെങ്കിലോ തടി അല്‍പം കൂടിയാലോ നിറം വെളുപ്പല്ലെങ്കിലോ അത് വലിയ കുറവാണെന്ന രീതിയില്‍ ഉപദേശകരുടെ ആള്‍രൂപങ്ങളായി നമുക്കിടയിലേക്ക് അഭ്യുതയകാംഷികളുടെ പ്രവാഹമായിരിക്കും. പക്ഷെ, അതൊന്നും ഒരു കുറവല്ലെന്നും എന്ത് തന്നെയാണെങ്കിലും അതില്‍ അഭിമാനിക്കേണ്ടിയിരിക്കുന്നുവെന്നും തമാശ വരച്ചു കാട്ടുന്നു. മേല്‍പറഞ്ഞ അഭ്യുതയകാംഷികള്‍ക്ക് ഒരു കൊട്ടും തമാശ നല്‍കുന്നു.

കുന്നോളം കാമ്പുള്ള ‘തമാശ’; റിവ്യു വായിക്കാം

ഇന്നത്തെ കാലത്ത് ഒരുപാട് കണ്ടുവരുന്ന മുഖമറിയാതെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും തമാശ ശബ്ദമുയര്‍ത്തുന്നു. ഓരോരുത്തര്‍ക്കും അവരവരുടേതായിട്ടുള്ള വീക്ഷണങ്ങളും ജീവിത രീതികളുമുണ്ട്. അതില്‍ അവര്‍ കുറ്റം കാണുന്നില്ല. മുടിയില്ലെങ്കിലും തടി കൂടിയാലും അവര്‍ അത് ആസ്വദിക്കുന്നു. പക്ഷെ, സോഷ്യല്‍ മീഡിയയിലെ ഈ മുഖമില്ലാ കമന്‍റ് വീരന്മാര്‍ അത് പ്രശ്നമായി കണ്ട് കളിയാക്കാന്‍ നില്‍ക്കുന്നു. ഇത്തരത്തിലുള്ളവര്‍ തമാശ കണ്ടിരിക്കുന്നത് വളരെ നല്ലതായിരിക്കും.

വിദ്യ ബാലന്‍ ബോഡി ഷേമിങ്ങിനെക്കുറിച്ച് ആല്‍ബം പുറത്തിറക്കിയിരുന്നു. സംഗീത സംവിധായകും ഗായകനുമായ ഗോവിന്ദ് വസന്ത അമിതഭാരം കാരണം അനുഭവിക്കേണ്ടി വന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീനിവാസന്‍ മാഷിനെപ്പോലെയുള്ള നായക സങ്കല്‍പ്പങ്ങളും ചിന്നുവിനെപ്പോലെയുള്ള നായിക കഥാപാത്രങ്ങളും ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.