LiveTV

Live

Entertainment

ലോകത്തിലെ ആദ്യ ഗോത്ര ഭാഷാ ചിത്രം; ഗിന്നസ് റെക്കോർഡുമായി ‘നേതാജി’

ലോകത്തിലെ ആദ്യ ഗോത്ര ഭാഷാ ചിത്രം; ഗിന്നസ് റെക്കോർഡുമായി ‘നേതാജി’

ലോകത്തിലെ ആദ്യത്തെ ഗോത്ര ഭാഷാ ചിത്രം എന്ന ഗിന്നസ് റെക്കോർഡുമായി ഗോകുലം ഗോപാലന്‍ നായകനായ ‘നേതാജി’. ജോണി ഇന്റർനാഷണൽ ഗ്രൂപ് ഓഫ് കമ്പനീസിന്റെ ബാനറിൽ ജോണി കുരുവിള നിർമ്മിച്ച് വിജീഷ് മണി കഥ എഴുതി സംവിധാനം ചെയ്ത നേതാജി സിനിമയില്‍ അട്ടപ്പാടിയിലെ ആദിവാസി ഭാഷകളിൽ പ്രമുഖമായ ഇരുള ഭാഷയിൽ നിർമ്മിക്കപ്പെട്ട ആദ്യ സിനിമ എന്ന പേരിലാണ് ഗിന്നസ്സ് ബുക്കിൽ ഇടം പിടിച്ചത്.

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തിലെ കാണാപ്പുറങ്ങൾ മുഖ്യ പ്രമേയമായി വരുന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയമാക്കുന്നത് പ്രമുഖ ചലച്ചിത്ര നിർമ്മാതാവായ ഗോകുലം ഗോപാലനാണ്. യു. പ്രസന്നകുമാർ തിരക്കഥയൊരുക്കിയ സിനിമയുടെ ശബ്ദലേഖനം നിർവ്വഹിച്ചത് ഹരികുമാർ ആണ്. ഛായാഗ്രഹണം എം. ജെ രാധാകൃഷ്ണന്‍. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, കലാസംവിധാനം രമേഷ് ഗുരുവായൂര്‍, ഗാനരചന ഡോ പ്രശാന്ത് കൃഷണനും സംഗീതം ജുബൈർ മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു. വിശ്വഗുരു എന്ന സിനിമയിലൂടെ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച വിജിഷ് മണിയുടെ രണ്ടാമത്തെ ഗിന്നസ് പുരസ്കാരമാണിത്.

നിർമ്മാതാവ് ജോണി കുരുവിള, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുലം ഗോപാലൻ സംവിധായകൻ വിജീഷ് മണി എന്നിവർക്കാണ് ഗിന്നസ് ബുക്ക് അധികൃതര്‍ പുരസ്കാരം സമര്‍പ്പിച്ചത്. ഗോകുലം ഗോപാലന് പുറമെ ‘ക്ലിന്റ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മാസ്റ്റർ അലോക് യാദവ്, പ്രശസ്ത പത്രപ്രവർത്തകർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ തുടങ്ങിയവരും നേതാജിയില്‍ വേഷമിടുന്നുണ്ട്. നേതാജിയുടെ ട്രെയിലര്‍ യുവതാരമായ ടോവിനോ തോമസ് തന്റെ ഔദ്യോഗിക പേജിലൂടെ നേരത്തെ പുറത്തിറക്കിയിരുന്നു.