LiveTV

Live

Entertainment

മീ ടൂ ആരോപണം; സിദ്ദിഖിന്റെ പേര് പറയാതെ ഡബ്ല്യൂ.സി.സിയുടെ വിമര്‍ശന കുറിപ്പ്

മീ ടൂ ആരോപണം; സിദ്ദിഖിന്റെ പേര് പറയാതെ ഡബ്ല്യൂ.സി.സിയുടെ വിമര്‍ശന കുറിപ്പ്

സിനിമാ നടന്‍ സിദ്ദിഖിനെതിരായ ലൈംഗികാരോപണത്തില്‍ വിമര്‍ശനവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി. രണ്ട് വര്‍ഷം മുന്‍പ് തിരുവനന്തപുരം നിള തിയേറ്ററില്‍ വെച്ച് നടന്‍ സിദ്ദിഖില്‍ നിന്നും ഉയര്‍ന്ന മോശം പെരുമാറ്റത്തെക്കുറിച്ച് നടി രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിപ്പായി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉയര്‍ന്നിരുന്നത്. ഇതിനെതിരെയുള്ള സിദ്ദിഖിന്റെ ട്രോള്‍ വീഡിയോക്കെതിരെയും വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഇതിനോടെല്ലൊമുള്ള വിമര്‍ശനവും ആരോപണമുയര്‍ത്തിയ നടിക്ക് പിന്തുണയര്‍പ്പിച്ചുമാണ് ഡബ്ല്യൂ.സി.സി വിമര്‍ശനകുറിപ്പ് പുറത്തിറക്കിയത്. കുറിപ്പില്‍ ഒരിടത്തും സിദ്ദിഖിന്റെ പേര് പറയാതെയായിരുന്നു വിമര്‍ശനം. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളുമെന്നാണ് അതില്‍ സിദ്ദിഖിനെ വിശേഷിപ്പിച്ചത്. നയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദേശ പ്രകാരമുള്ള സമിതി മലയാളസിനിമാ വ്യവസായത്തില്‍ ഇനിയും ഇല്ലാത്തത് നാണക്കേടാണെന്നും കുറിപ്പില്‍ ആരോപിക്കുന്നു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടെയാണ് ഡബ്ല്യൂ.സി.സി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡബ്ല്യൂ.സി.സിയുടെ വിമര്‍ശന കുറിപ്പ്

വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയില്‍ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിര്‍ന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരല്‍ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടന്‍ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളുമായ ഇദ്ദേഹത്തില്‍ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങള്‍ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാല്‍ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാന്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാന്‍ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കള്‍ എന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെടുന്നു!