LiveTV

Live

Entertainment

സുഡാനിയും ഭയാനകവും ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലേക്ക്

സുഡാനി ഫ്രം നൈജീരിയയും ഭയാനകവും ഇതിനകം ഒട്ടനവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്

സുഡാനിയും ഭയാനകവും ഷാങ്ഹായ്  ഫിലിം ഫെസ്റ്റിവലിലേക്ക്

22ാമത് ഷാങ് ഹായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് രണ്ട് മലയാള സിനിമകൾ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സകരിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയും ജയരാജ് സംവിധാനം ചെയ്ത ഭയാനകവുമാണ് തെരെഞ്ഞെടുക്കപ്പെട്ട മലയാള സിനിമകൾ. ഇതിനു പുറമെ ഇന്ത്യയിൽ നിന്നും ഒമ്പത് സിനിമകൾ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഹാനദി, ഫെയർഫ്ലൈ, തുംബഡ്, റൗണ്ട് ഫിഗർ, റാഘോഷ്, ദ ഓഡ്സ്, മാന്റോ, എന്നിവയാണ് ഇന്ത്യയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മറ്റു സിനിമകള്‍.

സുഡാനി പുറത്തിറങ്ങിയതിന് ശേഷം നിരവധി ഫെസ്റ്റിവലുകളിലേക്കും ചിത്രം തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലിലും സുഡാനി പ്രദര്‍ശിപ്പിച്ചു. നിരവധി പുരസ്കാരങ്ങളാണ് ചിത്രത്തിന് ഇത് വരെ ലഭിച്ചത്. 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അഞ്ച് പുരസ്കാരങ്ങളാണ് സുഡാനി വാരിക്കൂട്ടിയത്.

സുഡാനിയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം സൗബിന്‍ ഷാഹിര്‍ നേടിയപ്പോള്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് സംവിധായകന്‍ സക്കരിയക്കായിരുന്നു. 23ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും സുഡാനി ഫ്രം നൈജീരിയക്കായിരുന്നു. മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്കാരം സുഡാനിയിലൂടെ സംവിധായകന്‍ സകരിയ മുഹമ്മദ് സ്വന്തമാക്കി

ഭയാനകത്തിലൂടെ സംവിധായകന്‍ ജയരാജിന് മികച്ച സംവിധായകനുള്ള ദേശീയ ചലചിത്ര പുരസ്കാരം ലഭിച്ചിരുന്നു. മികച്ച സംവിധായകന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാഗ്രാഹകന്‍ എന്നിങ്ങനെ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ഭയാനകം സ്വന്തമാക്കിയിട്ടുണ്ട്.